
ലക്നൗ: മുടന്തനെ ജോലിക്ക് വെച്ച് എന്ത് സ്വച്ഛ്ഭാരതെന്ന് യുപി മന്ത്രിയുടെ അംഗ പരിമിതര്‍ക്ക് നേരെയുള്ള അധിക്ഷേപം വിവാദമാകുന്നു. ബിജെപിയുടെ ടെക്സ്റ്റൈല്‍ മന്ത്രി സത്യദേവ് പച്ചൗരിയാണ് വിവാദത്തില്‍ കുടുങ്ങിയത്.
വകുപ്പ് തല പരിശോധനയ്ക്ക് എത്തിയപ്പോള്‍ കണ്ട ശുചീകരണതൊഴിലാളിക്ക് നേരെ മന്ത്രി നടത്തിയ അധിക്ഷേപം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിരിക്കുകയാണ്.
സംഗതി വിവാദമായതോടെ താന്‍ ആരെയും അധിക്ഷേപിച്ചില്ലെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചെങ്കിലും സംഭവത്തിന്റെ ദൃശ്യം ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. വകുപ്പ് തല പരിശോധനയ്ക്ക് എത്തിയ മന്ത്രി അവിടെ ഒരു അംഗവൈകല്യമുള്ള ജീവനക്കാരനെ കാണുകയും അയാള്‍ എന്തു ജോലിയാണ് ചെയ്യുന്നതെന്ന് ആരായുകയും ചെയ്തു. ശുചീകരണ തൊഴിലാളി ആണെന്ന മറുപടി കിട്ടിയതിന് പിന്നാലെ ജോലിക്കാരന് ഉള്‍പ്പെടെ അനേകര്‍ നോക്കി നില്‍ക്കുമ്പോഴാണ് മുടന്തനും ക്ഷീണിതനുമായ ഇയാളെ പോലൊരാളെ വെച്ച് എങ്ങിനെ സ്വച്ഛഭാരത് വിജയിപ്പിക്കാനാകുമെന്ന് ചോദിച്ചത്.
നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവര്‍ അംഗപരിമിതരെ പ്രോത്സാഹിപ്പിച്ചും പ്രചോദിപ്പിച്ചും പ്രസ്താവന പുറത്തുവിട്ട സാഹചര്യത്തിലാണ് യുപി ടെക്സ്റ്റൈല്‍ മന്ത്രി വിവാദത്തില്‍ തല വെച്ചിരിക്കുന്നത്. അംഗപരിമിതര്‍ ദൈവീകമായ കഴിവുകള്‍ കിട്ടിയവരാണെന്നും അവരെ വികലാംഗര്‍ എന്ന് വിളിക്കുന്നതിന് പകരം ദിവ്യാംഗ് എന്ന് വിളിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മന് കി ബാത്തില്‍ പരാമര്‍ശിച്ചത്.






