ലഖ്നൗ: ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയത് എല്‍.കെ അദ്വാനിയല്ല താനാണെന്ന് ബി.ജെ.പി നേതാവ് രാം വിലാസ് വേദാന്തി. ബാബ്റി മസ്ജിദ് തകര്‍ത്തിന് പിന്നില്‍ അദ്വാനിക്ക് യാതൊരു പങ്കുമില്ല. അത് തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഞാനാണ്-വേദാന്തി മാധ്യമങ്ങളോട് പറഞ്ഞു. പന്ത്രണ്ടാം ലോക്സഭയില്‍ ബി.ജെ.പി അംഗമായിരുന്നു വേദാന്തി. ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വേദാന്തിയുടെ വെളിപ്പെടുത്തല്‍. മസ്ജിദ് തകര്‍ക്കാര്‍ കര്‍സേവകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതില്‍ തനിക്കൊപ്പം അശോക് സിംഗാള്‍, മഹന്ത് അദൈ്വത് എന്നിവരും ഉണ്ടായിരുന്നു. അദ്വാനി, മുരളീ മനോഹര്‍ ജോഷി, വിജയരാജെ സിന്ധ്യ എന്നീ നേതാക്കള്‍ കര്‍സേവകരെ ശാന്തരാക്കാന്‍ ശ്രമിച്ചവരാണെന്നും വേദാന്തി വെളിപ്പെടുത്തി. ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ അദ്വാനി അടക്കമുള്ള പതിമൂന്ന് പ്രതികളില്‍ വേദാന്തിയും ഉള്‍പ്പെടുന്നുണ്ട്.
ബി.ജെ.പിയുടെ രണ്ടാം നിര നേതാക്കളാണ് ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ലിബര്‍ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഉമാഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയ നേതാക്കളെ ഉദ്ദേശിച്ചായിരുന്നു കമ്മീഷന് റിപ്പോര്‍ട്ടിലെ പരാമര്‍ശം.






