
മലപ്പുറം: കുഞ്ഞാലിക്കുട്ടി ഒഴിയുന്ന സ്ഥാനത്ത് എം.കെ. മുനീര്‍ നിയമസഭയില്‍ മുസ്ളീം ലീഗിനെ നയിക്കും. ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി എംഎല്‍എ മാരുടെ യോഗത്തില്‍ തെരഞ്ഞെടുത്തു. വേങ്ങരയില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും.
18 എംഎല്‍എമാര്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇബ്രാഹീം കുഞ്ഞാണ് ഉപനേതാവ്. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നേതാവിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായതോടെ കുഞ്ഞാലിക്കുട്ടി ഈ മാസം 27 ന് എംഎല്‍എ സ്ഥാനം രാജിവെയ്ക്കും. സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനെയും വിപ്പായി എം. ഉമ്മറിനെയും ട്രഷററായി കെ.എം. ഷാജിയെയും തെരഞ്ഞെടുത്തു. ലീഗിന്റെ എല്ലാ എംഎല്‍എമാരേയും പാണക്കാട്ടേക്ക് വിളിച്ചു വരുത്തി ഓരോരുത്തരെയുമായി വിളിച്ചായിരുന്നു അഭിപ്രായം തേടിയത്.






