ന്യൂഡല്‍ഹി: പ്രമുഖ തെന്നിന്ത്യന്‍ നടന് കെ. വിശ്വനാഥിന് ദാദാസാഹെബ് ഫാല്‍കെ പുരസ്കാരം. 2016ലെ ഫാല്‍കെ പുരസ്കാരത്തിനാണ് വിശ്വനാഥ് അര്‍ഹനായത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സിനിമാ മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്കുന്ന പരമോന്നത പുരസ്കാരമായ ഫാല്‍കെ പുരസ്കാരം സുവര്‍ണ കമലവും പത്ത് ലക്ഷം രൂപയും അടങ്ങുന്നതാണ്.
മെയ് മൂന്നിന് ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരം സമ്മാനിക്കും. ശങ്കരാഭരണം ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണ് കെ. വിശ്വനാഥ്.
അഞ്ച് തവണ ദേശീയ പരുസ്കാരം നേടിയിട്ടുള്ള അദ്ദേഹത്തിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നല്കുന്ന നന്ദി അവാര്‍ഡ് 20 തവണ ലഭിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം അടക്കം പത്ത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1992ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.






