
ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 19(1)(എ) എന്നിവ പ്രകാരം കുട്ടികൾ ഉൾപ്പെടെയുള്ള ഓരോ വ്യക്തിക്കും ഇന്റർനെറ്റ് ഉപയോഗിക്കാനും പ്രാപ്യമാക്കാനുമുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി.
ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി അവരെ ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായി മാറ്റിനിർത്തുക എന്ന ആശയത്തെ തള്ളിക്കളഞ്ഞ കോടതി, കുട്ടികളുടെ സുരക്ഷയും സ്വാതന്ത്ര്യവും പരസ്പര വിരുദ്ധമല്ലെന്ന് വ്യക്തമാക്കി. പൂർണ്ണമായ നിരോധനത്തിന് പകരം, മൈനർമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി 'ചൈൽഡ് മോഡ്' എന്ന പ്രത്യേക സംവിധാനത്തോടൊപ്പം മാതാപിതാക്കളുടെ സമ്മതം, മാർഗ്ഗനിർദ്ദേശം, മേൽനോട്ടം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു രീതി നടപ്പിലാക്കാൻ ബെഞ്ച് നിർദ്ദേശിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും മറ്റ് ഓൺലൈൻ സേവനങ്ങളിൽ നിന്നും കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ദുരുപയോഗവും അടങ്ങിയ ഉള്ളടക്കങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനുമുള്ള സംവിധാനങ്ങൾ ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനിടയിലാണ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
നിലവിലുള്ള രൂപത്തിൽ ഇന്റർനെറ്റ് കുട്ടികൾക്ക് സുരക്ഷാ ഭീഷണികൾ ഉയർത്തുന്നുണ്ടെന്ന് ബെഞ്ച് അംഗീകരിച്ചു. എന്നിരുന്നാലും, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഹാനികരമായ വസ്തുക്കൾ കണ്ടെത്തുന്നതിലും നീക്കം ചെയ്യുന്നതിലും പരാജയപ്പെട്ടു എന്ന കാരണത്താൽ കുട്ടികളുടെ ഇന്റർനെറ്റ് പ്രവേശനം നിരോധിക്കുന്നത്, യഥാർത്ഥ ഇരയെത്തന്നെ പ്രശ്നക്കാരനായി ചിത്രീകരിക്കുന്നതിന് തുല്യമായിരിക്കുമെന്ന് കോടതി പറഞ്ഞു.
കുട്ടികൾക്കായി ഇനി പറയുന്ന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കോടതി കേന്ദ്ര സർക്കാരിനോടും ടെക് കമ്പനികളോടും നിർദ്ദേശിച്ചു. കുട്ടികളുടെ അല്ലെങ്കിൽ മൈനർമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർബന്ധമായും 'പ്രൈവറ്റ്' ആയിരിക്കണം. അപരിചിതരായ വ്യക്തികൾക്ക് കുട്ടികൾക്ക് നേരിട്ട് സന്ദേശങ്ങൾ അയക്കാനോ ബന്ധപ്പെടാനോ സാധിക്കാത്ത വിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.കുട്ടികൾ കാണുന്ന ഫീഡുകളിലും പരസ്യങ്ങളിലും അനുയോജ്യമല്ലാത്ത വിവരങ്ങൾ വരാത്ത രീതിയിൽ ഫിൽട്ടറിംഗ് നടപ്പിലാക്കണം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ മാതാപിതാക്കളുടെ സമ്മതവും (മേൽനോട്ടവും ഉറപ്പാക്കുന്ന തരത്തിൽ 'ചൈൽഡ് മോഡ്' ക്രമീകരിക്കണം.
ഐടി നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തി പുതിയ മാർഗ്ഗരേഖയും തയ്യാറാക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തോടും നിയമ മന്ത്രാലയത്തോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എടുത്ത നടപടികൾ വ്യക്തമാക്കി 2026 ഡിസംബർ 10-ന് മുമ്പായി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്റർനെറ്റിനെ ആശയങ്ങളുടെയും സർഗ്ഗാത്മക പ്രകടനങ്ങളുടെയും വിവരങ്ങളുടെയും ഒരു വിപണിയായി വിശേഷിപ്പിച്ച കോടതി, അതിന്റെ മൂല്യം ഓൺലൈനിൽ ലഭ്യമായ വിവരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പഠനത്തിനും ആശയവിനിമയത്തിനും വിവര ശേഖരണത്തിനും അത് നൽകുന്ന അവസരങ്ങൾ വളരെ വലുതാണെന്നും പറഞ്ഞു. സമാനമായ സാഹചര്യങ്ങൾ നേരിടുന്ന മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മാത്രം ആശ്രയിക്കേണ്ടി വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇന്റർനെറ്റ് പ്രത്യേകിച്ചും പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.







Comments