
ഇടുക്കി: മന്ത്രി എം.എം. മണി തനിക്കെതിരേ നടത്തിയ ആരോപണങ്ങള്‍ക്കു ഫെയ്സ്ബുക്കില്‍ പ്രതികരണവുമായി വി.എസ്. അച്യുതാനന്ദന്റെ 'പൂച്ച'സുരേഷ്കുമാര്‍. മൂന്നാര്‍ വിഷയം അടക്കമുള്ളവയില്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഉടന്‍ മറുപടി പറഞ്ഞ് ശീലിച്ച സുരേഷ് കുമാര്‍ പക്ഷേ ഇത്തവണ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിത്തെറിക്കുന്ന മറുപടികളുമായിയെത്തിയില്ല.
മണിയുടെ ആരോപണങ്ങളെക്കുറിച്ചും ദിവസങ്ങളായി നടത്തുന്ന പ്രസംഗങ്ങളെക്കുറിച്ചും സബ്കലക്ടര്ക്കെതിരേയുള്ള പരാമര്‍ശങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴും മൗനം പാലിച്ച സുരേഷ്കുമാര്‍ മണിയുടെ ചിത്രത്തോടു കൂടിയ പോസ്റ്റില്‍ കഴിഞ്ഞ ദിവസം ഇങ്ങനെ പ്രതികരിച്ചു.
"സഭ്യത ആപേക്ഷികമല്ല, ഓരോരുത്തരുടേയും സംസ്കാരവുമായി ബന്ധപ്പെട്ടതല്ലേ? ഇയാളെത്തന്നെ തെരഞ്ഞുപിടിച്ച് മന്ത്രിയാക്കിയ നേതൃത്വത്തിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍". സബ്കലക്ടര്ക്കെതിരേയുള്ള മണിയുടെ പരാമര്ശനത്തിനെതിരേയും സുരേഷ്കുമാര്‍ പോസ്റ്റിട്ടിട്ടുണ്ട്. "ഒരു ചെറ്റയെ എങ്കിലും കുട്ടികള്‍ പരിചയപ്പെട്ടിരിക്കണ്ടേ" എന്ന് പരിഹാസ രൂപത്തില്‍ പോസ്റ്റിട്ട് സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് കുട്ടികള്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും പോസ്റ്റ്ചെയ്തിട്ടുണ്ട്. സബ്കലക്ടറെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വാക്കുകള്‍ക്കുള്ള മറുപടിയാണിത്. ആയിരക്കണക്കിന് കമന്റുകളാണ് ഈ പോസ്റ്റുകള്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്.
"സുരേഷ്കുമാര്‍ വന്നിട്ട് ഗവണ്മെന്റ് ഗസ്റ്റ്ഹൗസില്‍ കള്ളുകുടി. പൂച്ച, നമ്മുടെ പൂച്ച, കെയിസ്കണക്കിനായിരുന്നു ബ്രാണ്ടി. അന്ന് കുടീം സകല പണീമുണ്ടായിരുന്നു" എന്നായിരുന്നു സുരേഷ്കുമാറിനെതിരേ മന്ത്രിയുടെ പരാമര്‍ശം. മൂന്നാറില്‍ മുന്‍പും സുരേഷ്കുമാറിനെതിരേ എസ്. രാജേന്ദ്രന് എം.എല്‍.എ. അടക്കമുള്ള സി.പി.എം. നേതാക്കള്‍ ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്.
ഇതിനെതിരേ ശക്തമായ ഭാഷയില്‍ സുരേഷ്കുമാര്‍ മറുപടിയും നല്‍കിയിരുന്നു. മൂന്നാറില്‍ സുരേഷ്കുമാറിന്റെ നിര്‍ദേശപ്രകാരമാണു ദേവികുളം സബ്കലക്ടര്‍ നടത്തുന്നത് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും ഉന്നയിച്ചിരുന്നു സി.പി.എം. നേരത്തെ ഉന്നയിച്ചിരുന്നു. വി.എസിന്റെ ദൗത്യസമയം സി.പി.എം.പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കൈയേറ്റങ്ങള്‍ സുരേഷ്കുമാര്‍ പിടിച്ചെടുത്തിരുന്നു. അന്നുമുതല്‍ സുരേഷ്കുമാര്‍ സി.പി.എം നേതാക്കളുടെ കണ്ണിലെ കരടായി മാറുകയും ചെയ്തിരുന്നു.






