
ഞാനും ഹരിശ്രീ മാര്‍ട്ടിനും കൂടിയാണ് അന്ന് കൊല്ലത്തെ പ്രോഗ്രാമിന് പോയത്. ലയണ്‍സ് ക്ലബ്ബായിരുന്നു സംഘാടകര്‍. അവിടെയുള്ള ട്രൂപ്പുകാരാണ് ഞങ്ങളെ ക്ഷണിച്ചത്. രാത്രി എട്ടുമണിക്ക് കോമഡി പ്രോഗ്രാം ആരംഭിച്ചു. നല്ല അച്ചടക്കമുള്ള ആസ്വാദകരായിരുന്നു.
കൂവലോ ബഹളമോ ഒന്നുമില്ല. കൈയടിയും ചിരിയും മാത്രം.അങ്ങനെയുള്ള വേദികള്‍ കിട്ടുമ്പോള്‍ നമുക്കും സന്തോഷമാണ്. ആവേശം കൂടും. ബ്രേക്ക് ആയ സമയത്താണ് മാര്ട്ടിന് ഒരു ഫോണ്‍ വന്നത്.
സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മാര്‍ട്ടിന്റെ മുഖം വല്ലാതാവുന്നത് ഞാന്‍ ശ്രദ്ധിച്ചു. പെട്ടെന്ന് ഫോണുമായി മാര്ട്ടിന് സ്റ്റേജിന്റെ പിറകിലേക്ക് മാറി. ബ്രേക്ക് കഴിഞ്ഞപ്പോഴേക്കും തിരിച്ചെത്തുകയും ചെയ്തു. മാര്ട്ടിന് ആകെ വിയര്‍ത്തിരിക്കുന്നു.
''എന്തു പറ്റിയെടാ നിനക്ക്? ഒരു ഫോണ്‍ വന്നതും ആകെ വല്ലാതായാല്ലോ?''
ഞാന്‍ ചോദിച്ചു. കുഴപ്പമൊന്നുമില്ല. വീട്ടില്‍നിന്നും വിളിച്ചതാ എന്നുപറഞ്ഞുകൊണ്ട് അവന് പ്രോഗ്രാമിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വീണ്ടും സ്റ്റേജിലേക്ക്.
പ്രോഗ്രാം കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴും മാര്‍ട്ടിന്റെ മുഖത്ത് തെളിച്ചമില്ല. എന്തോ അസ്വസ്ഥത അവനെ അലട്ടുന്നുണ്ട്.
''നീ കാര്യം പറയെടാ. എന്താ പ്രശ്നം?''
ഓ..ഒരു പ്രശ്നവുമില്ല. നിനക്ക് തോന്നുന്നതാ എന്നായിരുന്നു മറുപടി. ഭക്ഷണം കഴിച്ച് ഞങ്ങള്‍ കാറിലേക്ക് കയറി.
''സാജൂ, എന്റെ ഫോണ്‍ കേടായി. എനിക്ക് കുറച്ചുപേരെ വിളിക്കാനുണ്ട്. നീ ഫോണൊന്നുതരാമോ?''
മാര്ട്ടിന് ചോദിച്ചപ്പോള്‍, ഫോണ്‍ കൊടുത്തു. അപ്പോഴും എനിക്കൊരു സംശയം. ഈ പാതിരാത്രിക്ക് ഇവന് ആരെയാ വിളിക്കേണ്ടത്? പക്ഷേ മാര്ട്ടിന് ആരെയും വിളിച്ചില്ല. ഫോണ്‍ സ്വന്തം പോക്കറ്റില്‍ വച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വന്നു. ഫോണെടുത്തശേഷം പതുക്കെ എന്തൊക്കെയോ പറയുന്നതുകേട്ടു. അതിനുശേഷം പെട്ടെന്ന് സംസാരം അവസാനിപ്പിച്ചു. ഇത്തവണ ഞാനൊന്നും ചോദിച്ചില്ല. അവന് പറഞ്ഞതുമില്ല.
വീണ്ടും രണ്ട് കോളുകള്‍ കൂടി എന്റെ ഫോണിലേക്ക് വന്നു. അതും മാര്‍ട്ടിനാണ് അറ്റന്റ് ചെയ്തത്. എനിക്കാകട്ടെ സംശയം കൂടിക്കൂടിവന്നു. മാര്ട്ടിന് കോള്‍ വരാന്‍മാത്രം എന്റെ നമ്പര്‍ എങ്ങനെ മറ്റുള്ളവര്‍ക്കറിയാം? എന്തോ ദുരൂഹതയുണ്ട്. അത് പൊളിക്കണം.
ഞാന്‍ പെട്ടെന്നുതന്നെ മാര്‍ട്ടിന്റെ കൈയില്‍നിന്നും ഫോണ്‍ വാങ്ങിച്ച് പോക്കറ്റില്‍ വച്ചു. കാര്‍ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. സമയം ഏതാണ്ട് പുലര്‍ച്ചെ രണ്ടുമണി.
പെട്ടെന്നാണ് എന്റെ ഫോണ്‍ റിംഗ് ചെയ്തത്. ഗള്‍ഫില്‍നിന്ന് ചേട്ടനാണ്. ഈ പുലര്‍ച്ചെ എന്തിനാണ് വിളിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചു. അതിനിടയില്‍ ഫോണ്‍ എന്റെ കൈയി ല്‍നിന്നും മാര്ട്ടിന് പിടിച്ചുവാങ്ങി.
''ഇത് എനിക്കുള്ള കോളാണ്.''
എന്നു പറഞ്ഞുകൊണ്ട് വീണ്ടും പതിഞ്ഞസ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി. എന്റെ ഹൃദയമിടിപ്പ് കൂടിവന്നു.
''എന്റെ ചേട്ടന് നിന്നെ പരിചയം പോലുമില്ല. പിന്നെന്തിനാണ് ഈ പാതിരാത്രിക്ക് വിളിച്ചത്? നീ സത്യം പറഞ്ഞേ തീരൂ.''
ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ഞാന്‍ മാര്‍ട്ടിനോട് ദേഷ്യപ്പെട്ടു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മാര്ട്ടിന് പുറത്തിറങ്ങി. പിന്നാലെ ഞാനും.
''സോറി. നിന്റെ അപ്പച്ചന് അറ്റാക്കുണ്ടായി. സീരിയസ്സായിരുന്നു. ഇന്നലെ രാത്രി എട്ടരയ്ക്ക് മരിച്ചു. ഈ വിവരം നിന്നെ എങ്ങനെ അറിയിക്കും എന്നാലോചിച്ച് വിഷമിക്കുകയായിരുന്നു.''
ഒറ്റശ്വാസത്തില്‍ മാര്ട്ടിന് പറഞ്ഞുതീര്‍ത്തു. എനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. റോഡരികിലിരുന്ന് ഞാന്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. മാര്ട്ടിന് പുറത്തുതട്ടി സമാധാനിപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് വീട്ടിലെത്തുന്നതുവരെ അപ്പച്ചനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു.
കുറച്ചുനാള്‍ മുമ്പ് ശ്വാസംമുട്ടലും ചുമയുമുണ്ടായിരുന്നു, അപ്പച്ചന്. അന്ന് ഡോക്ടറെ കാണിച്ച് മരുന്നു കഴിച്ചപ്പോള്‍ സ്മാര്ട്ടായതാണ്. ഞാന്‍ അവതരിപ്പിച്ച മിമിക്രിയൊക്കെ അപ്പച്ചന് കാണാറുണ്ട്. പക്ഷേ എന്റെ മുമ്പില്‍വച്ച് ചിരിക്കില്ല.
ഞാനില്ലെങ്കില്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. മിമിക്രിയെക്കുറിച്ച് എന്നോട് ഒരു നല്ലവാക്കുപോലും പറയാറില്ല. എന്നാല്‍ അപ്പച്ചന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പില്‍ പ്രോഗ്രാമിനെക്കുറിച്ച് വാതോരാതെ പുകഴ്ത്തും. ആലുവ ചുണങ്ങംവേലിയില്‍ അപ്പച്ചനറിയാത്ത ആളുകളില്ല. എല്ലാവരും പരിചയക്കാരാണ്.
കൊല്ലത്ത് പ്രോഗ്രാമുണ്ടെന്ന് പറഞ്ഞ് ഉച്ചകഴിഞ്ഞ് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അപ്പച്ചന് പറഞ്ഞു.
''എടാ സാജുവേ, ഞാനും വരുന്നെടാ ആലുവ ടൗണിലേക്ക്.''
ആലുവ വരെ എനിക്കൊപ്പം കാറിലുണ്ടായിരുന്നു അപ്പച്ചന്. ടൗണിലിറങ്ങി നടന്നിട്ട് മണിക്കൂറുകളായിട്ടേയുള്ളൂ. ആ അപ്പച്ചനാണ് വിട്ടുപോയിരിക്കുന്നത്.
അറ്റാക്കിന്റെ വേദനയില്‍ അപ്പച്ചന് പിടയുമ്പോള്‍ ഞാന്‍ ആളുകളെ ചിരിപ്പിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു വിഷമം. കലാകാരന്റെ നിയോഗമാണെന്ന് കരുതി ആശ്വസിക്കാം. എങ്കിലും...






