
ഡോക്ടറുടെ മുന്നിലിരിക്കുമ്പോള്‍ ബാലന് മാഷിന്റെ മനസ് നിസംഗമായിരുന്നു.
ആ നിസംഗഭാവം തിരിച്ചറിഞ്ഞാണ് ഡോ. മൂര്‍ത്തി സംസാരിച്ചു തുടങ്ങിയത്:
''മാഷിന്റെ കേസ് ഞാന്‍ പ്രൊഫസ്സര്‍ കൃഷ്ണന് നായരുമായി കണ്‍സള്‍ട്ട് ചെയ്തു. വലിയ പ്രതീക്ഷ വേണ്ടാന്നാ അദ്ദേഹം പറയുന്നത്.''
''എനിക്കും തോന്നിത്തുടങ്ങി ഇനി അധിക നാളില്ലാന്ന്. ഇരുന്നിട്ടെന്താ... ഇവിടെവര എത്തിയില്ലേ? വാഴപ്പള്ളി കണിയാന് പറഞ്ഞത് എഴുപത്തിരണ്ടു തികയ്ക്കില്ലെന്നാ... എഴുപത്തി രണ്ടാകാന്‍ പോകുന്നു.''
പതിഞ്ഞ ശബ്ദത്തിലാണ് മാഷ് പ്രതികരിച്ചത്.
''മാഷ് ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് എന്റെ നിഗമനം. ഈ സ്റ്റേജ് കഴിഞ്ഞ എത്രയോ രോഗികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു...''
''ഭയമല്ലെടോ മൂര്‍ത്തീ... കഷ്ടപ്പെടുത്തരുത്. മരണം... അതെപ്പോഴായാലും സംഭവിക്കേണ്ടതുതന്നെ.''
മാഷിന്റെ മുഖത്ത് പെട്ടെന്ന് മിന്നിമറഞ്ഞഭാവപ്പകര്ച്ച ഡോ. മൂര്‍ത്തിയെ വല്ലാതെ നൊമ്പരപ്പെടുത്തി. മാഷിന്റെ കണക്കുക്ലാസില് മൂന്നു കൊല്ലം ഇരുന്നതാണ്.
ഒരുകാലത്ത് കുട്ടികളെ മുഴുവന്‍ വിറപ്പിച്ച ആളാണ്. ഉരുക്കുമനുഷ്യന് എന്നായിരുന്നു വിളിപ്പേര്.
കരിവീട്ടിപോലെ ചങ്കുറപ്പുള്ള ആ മനുഷ്യനാണ് തന്റെ മുന്നില്‍ നിസ്സഹായനായി ഇരിക്കുന്നത്. തന്റെ ഗുരുവിനോട് ഡോ. മൂര്‍ത്തിക്ക് അലിവ് തോന്നി.
''മാഷ് കൃത്യമായി മരുന്നു കഴിക്കുക. മനസ്സിന് നല്ല ഊര്‍ജം കൊടുക്കുക. കഴിയുമെങ്കില്‍ യോഗ ചെയ്യുക.''
മൂര്‍ത്തി ഉപദേശിച്ചു.
''ശരി തന്റെ നിഗമനം തെറ്റണ്ട.'' മാഷ് എഴുന്നേറ്റു.
''മൂര്‍ത്തിയോട് ഒരു റിക്വസ്റ്റുണ്ട്. ആരും ഇതറിയണ്ട. പ്രത്യേകിച്ച് ജാനകിയും മക്കളും.''
മാഷ് കൈകൂപ്പി ക്യാബിനു പുറത്തുകടന്നു.
വീട്ടിലെത്തി ഉമ്മറത്തെ ചാരുകസാലയില്‍ തളര്‍ച്ചയോടെ മാഷ് കിടന്നു. ജാനകി അടുത്തുവന്നു.
''പോയിട്ടെന്തായി? മൂര്‍ത്തിയെ കണ്ടോ?''
''കണ്ടു. ഭയപ്പെടാനി ല്ലെന്നാ പറഞ്ഞേ...''
കൈയിലിരുന്ന പൊതിക്കെട്ട് ജാനകിയെ ഏല്‍പ്പിച്ചു:
''മെഡിസിനാ, മൂര്‍ത്തി തന്നുവിട്ടതാ... ഭേദം ആകുന്നും പറഞ്ഞു. ഒന്നുകൂടി പറഞ്ഞു. യോഗ ചെയ്യാന്‍.''
''യോഗയോ? ഈ പ്രായത്തില്‍...'' ജാനകിക്കു സംശയം.
''എന്തു ചെയ്താലും ഒരിക്കല്‍ മരണത്തിന് കീഴടങ്ങിയേ ഒക്കൂ ജാനകീ.''
ജാനകി മാഷിനെ നോക്കി:
''വേണ്ടാത്തതു പറയാതു മാഷേ...''
അകത്തേക്കു പോയ ജാനകി വേഗം തിരിച്ചെത്തി.
''ഹരികൃഷ്ണന് വിളിച്ചിരുന്നു. അവന്റെ ഷെയര്‍ കിട്ടിയാല്‍ അവിടെ ഫ്ളാറ്റോ വില്ലയോ വാങ്ങാമെന്ന്.''
''കൊടുത്തേക്കാം. ഇനി അതിനു സമയം കിട്ടിയില്ലെങ്കിലോ... കൂട്ടത്തില്‍ ഈ പുരയിടം നിന്റേം ഹരിശങ്കറിന്റേം പേരിലാക്കാം. പിന്നെ നിന്റെ പെന്‍ഷനും എന്റെ പെന്‍ഷനുംകൂടി ആകുമ്പോള്‍ നീ പട്ടിണി കിടക്കേണ്ടി വരില്ല.''
ജാനകി മാഷിനെ സൂക്ഷിച്ചു നോക്കി.
''മാഷിനിതെന്തു പറ്റി...? വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുവാ... മൂര്‍ത്തി എന്താ പറഞ്ഞത്. ഞാന്‍ മൂര്‍ത്തിയെ ഒന്നു കാണട്ടെ.''
അന്നു രാത്രി കിടന്നപ്പോള്‍ മാഷ് ജാനകിയോട് തിരക്കി.
''നമ്മടെ കീഴില്ലത്തെ നമ്പീശന്റെ സ്ഥിതി ന്താ? വല്ല നിശ്ചയംണ്ടോ?''
''എന്താ ഇപ്പൊ നമ്പീശനെ തിരക്കാന്‍? പതിവില്ലാലോ?''
''ഇല്ല്യ. വെറുതേ ചോദിച്ചതാ.''
''ന്റെ മാഷേ, ഞാന്‍ പോയി ഒന്നു കണ്ടു. സഹിക്കില്ല. ആര്‍ക്കും വരുത്തല്ലേ ഈമാതിരി ദെണ്ണം. ഭഗവാന് എന്തിനിങ്ങനെ ഇട്ടേക്കുന്നു. ശിവ ശിവ... നിങ്ങള്‍ക്കൊന്നു പോയിക്കൂടേ...? വലിയ കൂട്ടുകാരായിരുന്നല്ലോ.''
അവര്‍ കുറ്റപ്പെടുത്തി.
നമ്പീശന് കിടപ്പായിട്ട് അധികനാളായീന്ന് അറിഞ്ഞു. പക്ഷേ അയാളെ ഒന്നു കാണാനോ, അ വിടെവരെ പോകാനോ മനസ്സ് തോന്നിച്ചില്ല. അതു വളരെ ക്രൂരമായിപ്പോയീന്ന് ഇപ്പം തോന്നുന്നു.
ഒരു വൈകുന്നേരം മാഷ് കീഴില്ലത്തെത്തി. മുറ്റത്തുനിന്ന പെണ്‍കുട്ടിയോട് അയാള്‍ തിരക്കി:
''നമ്പീശന് എവിട്വാ കിടക്ക്വാ?''
''അകത്തുണ്ട്.''
പെണ്‍കുട്ടി പറഞ്ഞു.
''നമ്പീശന്റെ മകള്തന്നേ. ഗായത്രീന്നല്ലേ പേര്...?''
''അതേ... മാഷെന്നെ മറന്നോ?''
''മറക്ക്വേ... നമ്പീശന്റെ മകളേ.''
നമ്പീശന്റെ തനി ഛായയാണ് ഇവള്‍ക്ക്. കണക്ക് ക്ലാസില്‍ ഇവള് എത്ര കിഴുക്ക് കൊണ്ടിട്ടുള്ളതാണ്. എങ്കിലും മിടുക്കിയായിരുന്നു.
''എന്നാല്‍ ഞാന്‍ അയാളെ ഒന്നു കാണട്ടെ.''
''മാഷ് ചെല്ലൂ... തെക്കേ അറ്റത്തെ അറേലുണ്ട്.''
നമ്പീശന് കിടക്കുന്ന മുറിയുടെ വാതില്ക്കല് ഒരു നിമിഷം മാഷ് ശങ്കിച്ചുനിന്നു. വാതില്‍ അടഞ്ഞുകിടക്കുന്നു. അകത്ത് കുറ്റി ഇട്ടിട്ടുണ്ടോ? വെറുതെ ഒന്നു തള്ളി. വാതില്‍ തുറന്നതും ഒരു ദുര്‍ഗന്ധം അയാളെ പൊതിഞ്ഞു. ഓക്കാനിക്കാന് തോന്നി. അകത്തേക്കു വച്ച കാല് പുറത്തേക്കെടുക്കണോ? വേണ്ട. സഹിക്കുകതന്നെ. ന ഈ ദുര്‍ഗന്ധം തനിക്കുകൂടിയുള്ളതാണ്. നാളെ ഇതിലും വലിയ ഗന്ധം നേരിടേണ്ടതാണ്. ശബ്ദം കേട്ടതോടെ ചെരിഞ്ഞുകിടന്ന നമ്പീശന് അയാള്‍ക്കുനേരേ തിരിഞ്ഞുവന്നു.
മാഷ് ഞെട്ടിപ്പോയി. ഇത് നമ്പീശനോ. തന്റെ മനസ്സില്‍ സൂക്ഷിച്ച ആ പഴയ നമ്പീശനോ ഇത്? അസ്ഥിയും തൊലിയും അടങ്ങിയ ഒരു മാംസപിണ്ഡം. റേഡിയേഷന് ചെയ്ത് കറുത്തു കരുവാളിച്ച മുഖം.
ഒരു ഗുഹയ്ക്കുള്ളില്‍ പെട്ടതുപോലെ ചത്ത രണ്ടു കണ്ണുകള്‍.
മാഷ് അന്ധാളിച്ചു. നാളെ തന്റെ അവസ്ഥയും ഇതുതന്നെയോ? അയാള്‍ക്ക് ശ്വാസംമുട്ടി.
''താന്‍ ഇങ്ങടുത്തുവാ...''
നമ്പീശന് മനസ്സിലായതുപോലെ അയാളെ മാടിവിളിച്ചു.
മരവിപ്പ് മാറാത്ത മനസോടെ മാഷ് അയാള്‍ക്കരികിലെത്തി. യാതൊരു സങ്കോചവും കൂടാതെ ആ ബെഡ്ഡിനരികില്‍ ഇരുന്നു. നമ്പീശന്റെ മെലിഞ്ഞ കൈത്തണ്ട മെല്ലെ എടുത്തു തലോടി.
''താനെന്നെ മറന്നില്ല. ഒവ്വോ...?'' നമ്പീശന് മോണ കാട്ടി ചിരിച്ചു.
നമ്പീശന് പറഞ്ഞതൊന്നും മാഷ് കേട്ടില്ല. ആ കണ്ണുകള്‍ നനവാര്‍ന്നു. ആ ഉരുക്കുമനസ് മഞ്ഞുപോലെ ഉരുകി. നമ്പീശന്റെ കൈ രണ്ടും പിടിച്ചുയര്‍ത്തി സ്വന്തം മുഖത്തോടു ചേര്‍ത്ത് മാഷ് വിങ്ങി.
കൂട്ടുകാരാ, ഞാനൊപ്പമുണ്ട്. നിനക്കു കൂട്ടായി. നമ്മളില്‍ ആരാ ആദ്യം...?






