
സ്നേഹമാണഖിലസാരമൂഴിയില്‍ എന്നാണ് കവിവാക്യം. നമ്മുടെ ചലച്ചിത്രങ്ങള്‍, നോവലുകള്‍, കഥകള്‍ ഒക്കെ സ്നേഹത്തിന്റെ മഹത്വത്തെയും അതിന്റെ നിര്‍മ്മലതയേയും വാനോളം പാടിപ്പുകഴ്ത്താറുമുണ്ട്. ഒരിക്കലെങ്കിലും പ്രണയിച്ചില്ലെങ്കില്‍ ജീവിതത്തിന്റെ പകുതിയിലേറെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നാണ് ലളിതാംബിക അന്തര്‍ജ്ജനം എന്ന പ്രശസ്ത എഴുത്തുകാരി അഭിപ്രായപ്പെട്ടിട്ടുള്ളത്.
കേരളം നിര്‍ണ്ണായകമായ ഒരു പ്രണയവിധിയിലൂടെ കടന്നുപോകുകയായിരുന്നു പിന്നിട്ട വാരം. കെവിന് വധക്കേസിന്റെ വിധി. അതിവേഗ കോടതിയാണ് വിധി പ്രഖ്യാപി ച്ചത്. പത്തു
പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ചു. ഇതെഴുതുമ്പോള്‍ ശിക്ഷ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.
നമുക്ക് കാഞ്ചനമാലയെ അറിയാം. അന്യമതസ്ഥനെ പ്രണയിച്ച കുറ്റത്തിന് തീവ്രമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി വീട്ടുതടങ്കലില്‍ എത്രയോ കാലം അടയ്ക്കപ്പെട്ട കാഞ്ചനമാല. കാത്തിരുന്നു കാത്തിരുന്ന് ജീവിതം കണ്മുന്നില് പുഴപോലെ ഒഴുകിപ്പോകുന്നത് നിസ്സഹായയായി കണ്ടുനിന്ന കാഞ്ചനമാല.
ഒടുവില്‍ ജീവിതത്തിന് ഒരര്ത്ഥമുണ്ടാകുമെന്ന് വിശ്വസിച്ച അവസാന നിമിഷത്തില്‍ തന്റെ പ്രിയപ്പെട്ടവനെ ഇരുവഴിഞ്ഞിപ്പുഴ തട്ടിയെടുക്കുന്നതു കണ്ട് ഞെട്ടലോടെ നോക്കിനിന്ന കാഞ്ചനമാല. ഇന്നും പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകമാണ് കാഞ്ചനമാല.
നീനു എന്ന കൗമാരക്കാരി കെവിന് എന്ന ചെറുപ്പക്കാരനെ പ്രണയിക്കുമ്പോള്‍ ജാതി നോക്കിയില്ല. സാമ്പത്തികാവസ്ഥ നോക്കിയില്ല. പ്രണയം പ്രണയം മാത്രമാണല്ലോ. ഹൃദയം പകുത്തും സ്വപ്നങ്ങള്‍ പകുത്തും അവര്‍ ജീവിതത്തെ ഉത്സവമാക്കി. പണംകൊണ്ടും അധികാരങ്ങള്കൊണ്ടും സാമൂഹികാവസ്ഥകള്‍ കൊണ്ടും മേലേയായ തന്റെ കുടുംബക്കാര് ഒരിക്കലും കെവിനെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് നീനുവിന് ഉറപ്പായിരുന്നു.
മറ്റൊരു വിവാഹംകഴിക്കാന്‍ വയ്യാത്തതുകൊണ്ട് അവള് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കെവിനെ വിവാഹം കഴിച്ചു. തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹത്തോടെ അവള് സ്വന്തം ഹോസ്റ്റലിലേക്കു മടങ്ങി.
അന്നുരാത്രി ബന്ധുകൂടിയായ സുഹൃത്തിനൊപ്പം ഉറങ്ങിയ കെവിനെ നീനുവിന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കി വഴിയില്‍ ഉപേക്ഷിച്ച് അവര്‍ കെവിനുമായി യാത്ര തുടര്‍ന്നു. കോട്ടയത്തുനിന്ന് കൊല്ലം പുനലൂര്‍ വരെ അവരവനെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനാക്കി പുഴയില്‍ മുക്കിക്കൊന്നു. നീതിയുടെ പാലകരാകേണ്ടവര് കൊലയാളികളുടെ പണം കണ്ട് പ്രലോഭിതരായി അവരുടെ ക്രൂരതകള്‍ക്ക് കൂട്ടുനിന്നു.
പക്ഷേ നീനുവിന്റെ നിര്‍മ്മലമായ പ്രണയം ഏത് അധികാരത്തിനും മേലേയായിരുന്നു. പക്വതയെത്തിയ ഒരു സ്ത്രീയേപ്പോലെ ആ ചെറിയ പെണ്‍കുട്ടി തലയുയര്‍ത്തി നിന്നു. തന്റെ പ്രിയപ്പെട്ടവന്റെ പ്രാണനെടുത്തവര്‍ ആരായാലും അവര്‍ക്ക് മാപ്പുകൊടുക്കില്ലെന്നവള് തീരുമാനിച്ചു. കെവിന്റെ അച്ഛന്റെ മാറില്‍ ചേര്‍ന്നുനിന്ന് അവള് തന്റെ നിലപാടുകള്‍ ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞു.
കെവിന് ആശ്രയമാകേണ്ടിയിരുന്ന ആ കുടുംബത്തിനു വേണ്ടി തന്റെ ജീവിതം നല്കാന് അവള് തീരുമാനിച്ചു. രക്തബന്ധത്തിന്റെ ക്രൂരതകള്‍ക്ക് കൂട്ടുനില്ക്കാന് അവളുടെ ഉള്ളിലെ നന്മ അവളെ അനുവദിച്ചില്ല.
കഴിഞ്ഞദിവസം കോടതിയിലെ സാക്ഷിക്കൂട്ടില്‍ നില്‍ക്കുമ്പോഴും ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. കൂപ്പിപ്പിടിച്ചിരുന്ന കൈകളില്‍ നഷ്ടപ്പെട്ടു പോയ തന്റെ പ്രിയപ്പെട്ടവനോടുള്ള സ്നേഹവും കരുതലുമുണ്ടായിരുന്നു. എതിര്‍വശത്ത് പ്രതിക്കൂട്ടില്‍ നിന്നിരുന്ന അച്ഛനും ജ്യേഷ്ഠനും മുമ്പില്‍ അവള് ഒട്ടും പതറിയില്ല. അതാണ് നീനു. ഒരു യഥാര്‍ത്ഥ പെണ്‍കുട്ടി.
ഇത് ഉത്തരേന്ത്യയല്ല. തമിഴ്നാടല്ല. ജാതിയും മതവും മനുഷ്യനു താഴെയാണെന്ന് ഉദ്ഘോഷിച്ച ഗുരുദേവന്റെ നാടാണ്. ആരുടെ കാലില്‍ തറയ്ക്കുന്ന മുള്ളും എന്നാത്മാവിനെ കുത്തിനോവിച്ചിടും എന്നു പാടിയ കവികളുടെ നാടാണ്.
ക്രൂരതകള്‍ക്കും അന്യായങ്ങള്ക്കുമെതിരേ പടപൊരുതുന്ന നാട്. പക്ഷേ ഈ അടുത്തകാലത്തായി മനസ്സ് വല്ലാതെ ആകുലമാകുന്നു. കേരളം തന്നെയാണോ ഇത്?
ചന്ദനമരങ്ങള്‍
മിനി നായര്‍






