
സദാനന്ദന്റെ ഭാര്യ ഭാവന ഇടയ്ക്കിടയ്ക്ക് ഭര്‍ത്താവിനു ചില സര്‍പ്രൈസുകള്‍ കൊടുക്കാറുണ്ട്.
അവരുടെ ആദ്യരാത്രി.
മണിയറയിലിരുന്ന് അയാള്‍ നിലാവുള്ള രാത്രി എന്ന നോവല്‍ വായിക്കു ന്നു. സദാനന്ദന്റെ ഹോബിയാണ് വായന. തന്റെ ജീവിതപങ്കാളിയും സാഹിത്യതല്പരയാകണം എന്നാണ് പുള്ളിയുടെ ആഗ്രഹം.
ഭാവന പാലുമായി കടന്നുവന്നു. മേശമേലിരുന്ന ഒരു പുസ്തകത്തിന്റെ പുറത്താണ് അവള് പാല് കൊണ്ടുവച്ചത്. അത് ഇഷ്ടമായില്ലെങ്കിലും സദാനന്ദന് ഭാര്യയെ പിടിച്ച് അടുത്തിരുത്തി.
പുതുജീവിതത്തിലേക്ക് പദമൂന്നുന്ന നാം മനസ് തുറക്കേണ്ട രാത്രിയാണിത്.
ആമുഖമായി പറഞ്ഞശേഷം അയാള്‍ എണീറ്റ് മണിയറവാതില്‍ അടച്ചു. പിന്നെ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു:
നമുക്ക് കാര്യത്തിലേക്കു കടക്കാം.നടുക്കത്തോടെ അവള് മുഖമുയര്‍ത്തി.
ഭൂതകാലത്തില്‍ ചില വ്യക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടാകാം. ഈ ആധുനിക കാലഘട്ടത്തില്‍ പ്രേമവും ആണ്‍പെണ്‍ സൗഹൃദങ്ങളുമൊക്കെ
സര്‍വ്വസാധാരണമാണ്. എന്നാല്‍ അത്തരം ഭൂതകാലബന്ധങ്ങള് നാം ഇപ്പോള്‍തന്നെ തുറന്നുപറയുന്നതാണ് ഉത്തമം. കാരണം, പിന്നീട് മറ്റാരെങ്കിലും പറഞ്ഞ് അറിഞ്ഞാല്‍ അതു സംശയത്തിനും കുടുംബപ്രശ്നങ്ങള്‍ക്കും കാരണമാകും
ഭാവന മൊബൈലില്‍ നിന്ന് കണ്ണെടുക്കുന്നില്ല. അതിനാല്‍ സദാനന്ദന് അവളുടെ ചെവിയില്‍ ചോദിച്ചു:
ഞാന്‍ പറഞ്ഞതു മുഴുവന്‍ കേട്ടോ?
ങാ...
എന്നിട്ടെന്താ ഒന്നും പറയാത്തത്?
ഞാനെന്തു പറയാന്‍... ചേട്ടന് പറ.
ശരി, ഞാന്‍ പറയാം. ഇന്നുമുതല്‍ എന്റെ ജീവിതവിഹായസ്സിലെ ചന്ദ്രിക നീയാണ്.
പെെട്ടന്നുണ്ടായ ധൈര്യത്തില്‍ ഭാവനയും ഉള്ളുതുറന്നു:
എന്നാ ഞാനും പറയാം. ഇന്നുമുതല്‍ എന്റെ ജീവിതത്തിലെ പി.ആര്. പ്രദീപ് ചേട്ടനാണ്.
പി.ആര്. പ്രദീപോ? അതാര്?
വേണ്ട. കൂടുതല്‍ ചുഴിഞ്ഞൊന്നും അനേ്വഷിക്കേണ്ട. ചേട്ടന് പറഞ്ഞ ചന്ദ്രികയുടെ കാര്യവും ഞാന്‍ അനേ്വഷിച്ചില്ലല്ലോ.
അതുകേട്ട് അയാളുടെ തുറന്ന മനസ്സും വായും താനേ അടഞ്ഞു.
സദാനന്ദന്റെ സാഹിത്യസങ്കല്പത്തിനു മേല്‍ പതിച്ച ആദ്യ സര്‍പ്രൈസ് ആയിരുന്നു അത്.
സദാനന്ദന്റെ ഓര്‍മ്മയിലുള്ള മറ്റൊരു സര്‍പ്രൈസ് അവരുടെ ഒന്നാം വിവാഹവാര്‍ഷിക ദിനത്തിലേതാണ്. എം. കൃഷ്ണന് നായരുടെ സാഹിത്യവാരഫലം വായിച്ചുകൊണ്ട് കട്ടിലില്‍ കിടക്കുകയാണ് സദാനന്ദന്. അപ്പോഴാണ് വിവാഹവാര്‍ഷികത്തിന് അമ്മ സമ്മാനമായി നല്കിയ സാരിയുടുത്ത് ഭാവന അവിടേയ്ക്കു വരുന്നത്.
എടീ, വാ... ഇവിടെ വന്നിരിക്ക്.
സാരിയെക്കുറിച്ച് അഭിപ്രായം പറയാനാണ് വിളിക്കുന്നതെന്നു വിചാരിച്ച് ഭാവന അയാളുടെ അരികിലിരുന്നു.
കഴിഞ്ഞ ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിലേക്ക് നീയൊന്നു തിരിഞ്ഞുനോക്കാത്തതെന്ത്?
രാവിലെ എന്റെ കഴുത്തുളുക്കി എന്നറിഞ്ഞ് ഇതിപ്പൊ മനപ്പൂര്‍വം പറഞ്ഞതല്ലേ? ഞാന്‍ തിരിഞ്ഞുനോക്കുമ്പോ വേദനയെടുത്ത് നിലവിളിക്കുന്നതു കേക്കാന്‍.
എടീ... ഞാന്‍ ഉദ്ദേശിച്ചത് ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ നമ്മുടെ സ്നേഹത്തിന്റെ വിലയിരുത്തലാണ്.
എന്നിട്ട് വെലയിരുത്തിയോ? എന്റെ സ്നേഹം എന്തു വെലയ്ക്കുണ്ട?
സ്ത്രീകളുടെ സ്നേഹം രണ്ടു രീതിയിലാണ്. അതായത് ഇന്ത്യന്‍ കോഫി ഹൗസിലെ ഉപ്പുഡപ്പി പോലെയെന്നു പറയാം. ഒന്നുകില്‍ എത്ര കുടഞ്ഞാലും ഒട്ടുംതന്നെ പുറത്തേക്കു വരില്ല. അല്ലെങ്കില്‍ അടപ്പുതുറന്ന് മുഴുവനായി വന്നുവീഴും. ഇനി ഞാന്‍ നിന്റെ കാര്യം പറയട്ടെ. നീ ആദ്യത്തെ തരമാണ്. ഉള്ളില്‍ സ്നേഹമുണ്ട്. പക്ഷേ പുറത്തേക്കു വരില്ല.
ഭാവന ഭര്‍ത്താവിന്റെ കൈ തട്ടിമാറ്റി, ദേഷ്യത്തോടെ എണീറ്റ് ജനലിനരികില്‍ പോയി നിന്നു.
എടീ നീ ചൂടാവാതെ. നിനക്ക് സ്നേഹമില്ലെന്നല്ല ഞാന്‍ പറഞ്ഞത്. സദാനന്ദന് കട്ടിലില്‍ എണീറ്റിരുന്നു.
എന്റെ കാര്യം അവിടെ നില്ക്കട്ടെ. എനിക്കറിയേണ്ടത് അതല്ല.
പിന്നെ?
വേറൊരുത്തിയുടെ കാര്യം പറഞ്ഞില്ലേ? അടപ്പുതുറന്ന് മുഴുവനായിട്ടു വന്നു വീഴുന്നവള്‍. അവളാരെന്ന് എനിക്കിപ്പം അറിയണം.
എടീ ഇത് സാഹിത്യ വാരഫലത്തിലുള്ളതാ...
അതില്‍ മാത്രമല്ല. ഈയാഴ്ചത്തെ എന്റെ വാരഫലത്തിലുമുണ്ടായിരുന്നു. ദുഷ്ടശക്തികളുടെ അപഹാരത്താല്‍ ദാമ്പത്യദുഃഖത്തിനു സാധ്യതയെന്ന്. കണ്ടില്ലേ, അടപ്പുതുറന്നും തുറക്കാതെയും ഓരോ ശക്തികളെറങ്ങിയിരിക്കയില്ലേ! മനുഷ്യന്റെ മനസമാധാനം കളയാന്‍...
ഭാര്യ നിര്‍ത്തുന്നില്ല.
എന്നാല്‍ ഈ സര്‍പ്രൈസോടെ സദാനന്ദന് അവളെക്കുറിച്ചുള്ള സാഹിത്യ സങ്കല്‍പ്പങ്ങളെ എന്നെന്നേക്കുമായി ഡപ്പിയിലാക്കി അടച്ചു.
പിന്നീടൊരിക്കലും ആ അടപ്പ് തുറന്നിട്ടുമില്ല.
നര്‍മ്മകഥ
വി. സുരേശന്






