
ഒരു പകല്‍ക്കിനാവു കണ്ടാണ് അവള് ഞെട്ടിയുണര്‍ന്നത്.
മുന്നില്‍ ആര്‍ത്തലയ്ക്കുന്ന കടല്‍. തിരമാലകള്‍ രൗദ്രഭാവത്തോടെ കരയിലേക്കു പാഞ്ഞുവരുന്നു... തന്നെ എതിരേറ്റു കൊണ്ടുപോകാനെന്നവണ്ണം.
എന്തും നേരിടാനുള്ള മനക്കരുത്തോടെയാണ് തന്റെ നില്‍പ്പ്.
പെട്ടെന്ന് പിന്നിലൊരു ദീനവിലാപം.
അമ്മേ...
അവള് കണ്ണുതുറന്ന് ചുറ്റും നോക്കി.
ഇല്ല... ആരുമില്ല. മുറിയില്‍ താന്‍ മാത്രം!
പകലുറക്കത്തിന്റെ ആലസ്യത്തോടെ കിടക്ക വിട്ടെണീറ്റു. കലുഷിതമായിരുന്നു അവളുടെ മനസ്.
മുഖം കഴുകി മുറിയില്‍ തിരിച്ചെത്തിയപ്പോഴേക്കും ഒരു തീരുമാനത്തിലെത്തിയിരുന്നു അവള്.
പിന്നെ ഒട്ടും അമാന്തിച്ചില്ല. തൂവെള്ളയ്ക്കു മീതേ ഇളംനീല വിഷാദഛായയില്‍ കറുത്ത പൊട്ടുള്ള സാരി വലിച്ചെടുത്തു. വേഗം ഞൊറിഞ്ഞുടുത്തു.
പാറിയ മുടി ചീകിയൊതുക്കി. സുമംഗലി പൊട്ടുതൊട്ടു. സീമന്തരേഖയില്‍ കുങ്കുമംചാര്ത്തി.
കണ്ണുകളില്‍ മഷിയെഴുതി. സ്വര്‍ണനിറമുള്ള വളകള്‍ അണിഞ്ഞു. താലിച്ചെയിനോടൊപ്പം ഒരു കറുത്ത പേള്‍മാല കൂടി അണിഞ്ഞു.
നേരേ അയാളുടെ മുന്നിലേക്കു ചെന്നു:
ഞാന്‍ പോവാണ്...
എവിടേയ്ക്ക്...
എനിക്കറിയില്ല...
അയാള്‍ കാരണമറിയാതെ പകച്ചു. ഒരു നിമിഷം അവളൊന്നു നിന്നു.
എനിക്ക് മടുത്തു. ചോറുവച്ച്, കറികളുണ്ടാക്കി, തൂത്തുവാരി, തറ തുടച്ച്, തുണിക ള്‍ കഴുകി, പിന്നെ...
പൂമുഖവാതില്‍ തുറന്ന് അവള് വരാന്തയിലേക്ക് ഇറങ്ങി.
മഴത്തുള്ളികള്‍ ചരലുകള്‍ പോലെ മുഖത്തേക്ക് പാറിവീണു.
തണുത്ത് വിറങ്ങലിച്ച് ഇടവഴിയിലൂടെ നടന്നുനീങ്ങുമ്പോള്‍, കുട ഉണ്ടായിട്ടും ബാഗിനുള്ളില്‍ ഒളിപ്പിച്ചുവച്ച് സ്കൂള്‍വരെ മഴ നനഞ്ഞ ദിവസങ്ങള്‍ ഓര്‍മ്മയില്‍ ഉടക്കിനിന്നു.
അവള് നടത്തയ്ക്ക് വേഗത കൂട്ടി. തണുത്ത കാറ്റ് ആഞ്ഞു വീശുന്നുണ്ട്്. ആ കാറ്റില്‍ വെള്ളത്തുള്ളികള്‍ നിറഞ്ഞുനില്ക്കുന്നതായി അവള്‍ക്കു തോന്നി.
മെല്ലെ മഴ മാറി. ചക്രവാളത്തില്‍ അന്തിച്ചുവപ്പ് പടര്‍ന്നു. മുന്നില്‍ വിദൂരതയിലേക്ക് നീണ്ടുനീണ്ടുപോകുന്ന വഴികള്‍.
ഏതുവഴിയിലൂടെ സഞ്ചരിക്കണമെന്ന് അവള് സന്ദേഹിച്ചു.
ആള്‍പ്പെരുമാറ്റം കുറഞ്ഞ വഴിയിലൂടെ നടന്നു. ഒഴിഞ്ഞ മനസ്സോടെ കിളിയൊച്ചയില്ലാത്ത ഒരു കൂടുപോലെ...
വികാരങ്ങളില്ല, വിക്ഷോഭങ്ങളില്ല.
നെഞ്ചിടിപ്പിന്റെ താളംതെറ്റിയ ശബ്ദം മാത്രം...
എത്രദൂരം പിന്നിട്ടു എന്നുപോലും അറിയാന്‍ കഴിഞ്ഞില്ല. മുന്നില്‍ കടപ്പുറം... തീരത്ത് ഇളകിമറിയുന്ന തിരകളുടെ ആരവം.
അവള് അവിടെ ഇരുന്നു.
അസ്തമയ സൂര്യന് ജ്വലിച്ച് താഴുന്നു. അവളുടെ ഉള്ളിലിരുന്ന് ആരോ നെരിപ്പോട് കത്തിക്കുന്നു.
അവള് മണല്‍പ്പുറത്തു കൈകൊണ്ട് പതുക്കെ എഴുതി:
അമ്മ...!
ഒരുള്‍വിളി വന്നതുപോലെ അവള് പെട്ടെന്ന് നടുങ്ങി. പിന്നെ തേങ്ങിക്കരഞ്ഞു.
പതുക്കെ എഴുന്നേറ്റു. ഇരുട്ടുവീഴുന്നു. ബള്‍ബുകള്‍ വെളിച്ചത്തിന്റെ കണ്ണുകള്‍ തുറക്കുന്നു. വഴി ദൂരെ നീണ്ടു കിടക്കുന്നു.
കാലുകള്‍ നീട്ടിവച്ചു നടന്നു... പിന്നെ കുറേദൂരം ഓടി.
ഉണ്ണിക്കുട്ടന് ഉണര്‍ന്നിട്ടുണ്ടാവുമോ? കണ്ണു തിരുമ്മി കരച്ചിലിന്റെ വക്കോളമെത്തിയോ...?
വീടിന്റെ പൂമുഖത്തെത്തിയപ്പോള്‍ അയാള്‍ വാതില്‍പ്പടിയില്‍ തന്നെയുണ്ടായിരുന്നു. അയാളുടെ കൈയില്‍ വിതുമ്പുന്ന മകന്. അവനെ വാരിയെടുത്ത് ഉമ്മവച്ച് നെഞ്ചോടു ചേര്‍ത്തു:
ഉണ്ണീ... ഉണ്ണിക്കുട്ടാ..
അയാള്‍ ഈര്‍ഷ്യയോടെ പറഞ്ഞു:
നാളെത്തന്നെ ഡോക്ടറെ കാണാം...
അവള് അന്ധാളിച്ച് അയാളെ നോക്കി. എന്തിനാണ് ഡോക്ടറെ കാണുന്നത്?
അവള്‍ക്കതു മാത്രം മനസ്സിലായില്ല.






