
ന്യൂഡല്‍ഹി: നമ്പര്‍, ജാതി, മതം, മേല്‍വിലാസം, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ 13 കോടി പേരുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായതായി റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് ആധാര്‍ കാര്യങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നും ചോരുന്നത്. ആധാര്‍ വിവരങ്ങള്‍ക്കൊപ്പം ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോര്‍ന്നത് വിവാദമായിട്ടുണ്ട്.
ആന്ധ്രാ സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള നാല് വെബ്സൈറ്റുകള്‍ വഴിയാണ് ചോര്‍ച്ച. പത്ത് കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് വിവരം. യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇതോടെ പ്രതികൂട്ടിലായിരിക്കുകയാണ്. നേരത്തേ ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും മതിയായ സുരക്ഷ ഒരുക്കാത്തത് വിമര്‍ശനമായിട്ടുണ്ട്.
സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വനിതകള്‍ക്കായ് സര്‍ക്കാര്‍ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയുള്ള വെബ്സൈറ്റും ഇത്തവണ പുറത്തായിട്ടുണ്ട്. ആധാര്‍ നമ്പര്‍, ജാതി, മതം, മേല്‍വിലാസം, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ആര്‍ക്കും ലഭ്യമാകുന്ന രീതിയിലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിലുമാണ് പുറത്തായിരിക്കുന്നത്.






