
പട്ന: ബിഹാര്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം. മന്ത്രിമാരുടെ ഔദ്യോഗിക ബംഗ്ലാവുകള്‍ ചില അംഗങ്ങള്‍ സ്വകാര്യ ചടങ്ങുകള്‍ക്ക് വാടകയ്ക്ക് നല്‍കുന്നുവെന്ന് 'ഇടിവി ബിഹാര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം അടക്കമുള്ള ചടങ്ങുകള്‍ക്കാണ് വന്‍തുക ഈടാക്കി വാടകയ്ക്ക് നല്‍കുന്നത്.
ഒരു ദിവസം 2.5 ലക്ഷം രൂപ വരെ ഈടാക്കിയാണ് വീടുകള്‍ നല്‍കുന്നത്. മറ്റ് സൗകര്യങ്ങള്‍ക്ക് അധിക നിരക്കും ഈടാക്കുന്നുണ്ട്. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമമന്ത്രി അബുദള്‍ ഗഫൂറിന്റെ വസതി ഇത്തരത്തില്‍ വാടകയ്ക്ക് ലഭ്യമാണെന്ന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി വ്യക്താവ് വ്യക്തമാക്കി. ലാലു പ്രസാദ് യാദവിന്റെ ആര്.ജെ.ഡി പാര്‍ട്ടിയില്‍ പെട്ട എം.എല്‍.എയാണ് ഗഫൂര്‍. കലാ-സാംസ്കാരിക മന്ത്രി ശിവചന്ദ്ര രാമിന്റെ വീടും ഇത്തരത്തില്‍ ലഭ്യമാണ്. ശിവരാമും ആര്.ജെ.ഡി അംഗമാണ്. ജെ.ഡി.യു എം.എല്‍.എ നരേന്ദ്ര സിംഗിന്റെ വസതി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.
വീടുകള്‍ വാടകയ്ക്ക് എടുത്തുനല്‍കുന്ന ഇടനിലക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വീടുകളിലെ സുരക്ഷാ ജീവനക്കാരാണ് നല്‍കുന്നത്. വധുവരന്മാര്ക്ക് വേണ്ടി വീടിനുള്ളിലെ ശീതികരിച്ച മുറികള്‍ ബുക്ക് ചെയ്യാനും കഴിയുമെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ ആരോപണം മന്ത്രി ശിവചന്ദ്ര രാം നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണിത്. ഞങ്ങള്‍ രാഷ്ട്രീയക്കാരാണ്. തന്റെ് സഹപ്രവര്‍ത്തകര്‍ക്ക് വിവാഹ ചടങ്ങിന് വേദി ലഭിക്കാതെ വന്നാല്‍ താന്‍ സഹായിക്കാറുണ്ട്. സുരക്ഷാ ജീവനക്കാരാണെന്ന പേരില്‍ നിങ്ങള്‍ സമീപിച്ചത് തന്റെ ജീവനക്കാരെ തന്നെയാണോ എന്ന് പരിശോധിക്കണം. തന്റെ വീടിനു പിന്നില്‍ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലമുണ്ട്. ആവശ്യക്കാര്‍ക്ക് അത് വിവാഹാവശ്യത്തിന് നല്‍കാറുണ്ട്. അതിന്റെ പേരില്‍ പണം വാങ്ങാറില്ല. ബി.ജെ.പി നേതാക്കള്‍ എന്തിനാണ് സര്‍ക്കാര്‍ വസ്തുക്കള്‍ വാടകയ്ക്ക് നല്‍കിയതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണത്തില്‍ നിതിഷ് കുമാര്‍ പ്രതികരിക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ മോഡി ആവശ്യപ്പെട്ടു. വാടകയ്ക്കെടുക്കുന്ന മന്ത്രിമന്ദിരങ്ങളില്‍ മിക്ക ദിവസങ്ങളിലും വിവാഹ ചടങ്ങുകള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി ഇവയില്‍ എല്ലാം പങ്കെടുക്കാറുമുണ്ട്. കെട്ടിട നിര്‍മ്മാണ വകുപ്പ് ആര്.ജെ.ഡിയുടെ പക്കലായതിനാല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സുശീല്‍ മോഡി ആരോപിച്ചു.






