ന്യൂഡല്‍ഹി: വിവാഹ സംഘത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു. ദക്ഷിണമ ഡല്‍ഹിയിലെ ഖാന്‍പൂരില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിവാഹ പാര്‍ട്ടിയുടെ ബസില്‍ മടങ്ങുകയായിരുന്ന സ്ത്രീകളെയാണ് തോക്ക് ചൂണ്ടി കൊള്ളയടിച്ചത്. ഓട്ടോയില്‍ എത്തിയ മോഷ്ടാക്കള്‍ ബസില്‍ സഞ്ചരിച്ചിരുന്ന മുപ്പതോളം സ്ത്രീകളുടെ ആഭരണങ്ങള്‍ കവര്‍ന്നു.
മോഷണ സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മോഷ്ടാക്കള്‍ എത്തിയ ഓട്ടോയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിവാഹ സംഘം കൊള്ളയടിക്കപ്പെട്ടത്. ബാബു റാം എന്നയാളുടെ മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങവെയാണ് സംഘം ആക്രമിക്കപ്പെട്ടത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ വച്ചായിരുന്നു വിവാഹം. ബസിനുള്ളില്‍ 45 പേരുണ്ടായിരുന്നു. കൂടുതലും സ്ത്രീകളായിരുന്നു.
വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് കേടായെന്ന് പറഞ്ഞ് ഡ്രൈവര്‍ എത്തിച്ച മറ്റൊരു ബസില്‍ സഞ്ചരിക്കുമ്പോഴാണ് മോഷ്ടാക്കളുടെ ആക്രമണം ഉണ്ടായത്. രണ്ടാമത് എത്തിച്ച ബസിന്റെ ഡോറിന് ലോക്ക് ഇല്ലായിരുന്നു. രണ്ടാമത്തെ ബസില്‍ ഡ്രൈവറുടെ സഹായിയായ ജീവനക്കാരനും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ആദ്യത്തെ ബസിന്റെ ഡ്രൈവര്‍ക്കും മോഷ്ടാക്കളുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.






