
ഒരിക്കലും താങ്ങാന്‍ കഴിയാറില്ല, മരണത്തിന്റെ വേദന. കുട്ടിക്കാലത്ത് വീട്ടിലൊരു നായയുണ്ടായിരുന്നു. ഞങ്ങള്‍ വളര്ത്തിയതൊന്നുമല്ല. എവിടെ നിന്നോ ഒരു ദിവസം കയറിവന്നതാണ്.
ഭക്ഷണമൊക്കെ കൊടുത്തപ്പോള്‍ വാലാട്ടി ഞങ്ങള്‍ക്കൊപ്പം മണംപിടിച്ച് നടന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അവന് എല്ലാവരുടെയും പ്രിയപ്പെട്ടവനായി. വീട്ടിലുള്ളവര്‍ അല്ലാതെ ആരെങ്കിലും വന്നാല്‍ കുരച്ചുകൊണ്ട് വിവരമറിയിക്കും.
പാതിരാത്രിയിലും ഞങ്ങളുടെ കാവലാള്‍ അവനായിരുന്നു. ഒരു ദിവസം അവന്റെ കുര കേട്ടില്ല. അന്വേഷിച്ചുപോയപ്പോള്‍ തൊടിയില്‍ ചത്തുകിടക്കുന്നു. അന്നാണ് ജീവിതത്തിലാദ്യമായി കരഞ്ഞത്.
വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചയെ മറ്റൊരു ദിവസം കാണാനില്ല. അന്നത്തെ ദിവസം ഞാന്‍ പച്ചവെള്ളം പോലും കുടിച്ചില്ല. പിറ്റേ ദിവസം പൂച്ച തിരിച്ചെത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
പൂച്ചയുടെ ശരീരത്തില്‍ കുറെ മുറിവുകളുണ്ടായിരുന്നു. അതെല്ലാം മരുന്നുവച്ച് കെട്ടി അവനെ ശുശ്രൂഷിച്ചു. പക്ഷേ എന്റെ ചികിത്സ കൊണ്ടൊന്നും അവന് രക്ഷപ്പെട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മരിച്ചു. അതും വല്ലാത്ത സങ്കടമാണ് സമ്മാനിച്ചത്.
അതിനുശേഷം വീട്ടില്‍ ഒരു മൃഗത്തേയും വളര്‍ത്താറില്ല. വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് പത്രത്തില്‍ വരുന്ന ദുരന്തവാര്‍ത്തകള്‍ വായിക്കാന്‍ പോലും ഭയമായിരുന്നു.
ഏറ്റവുമൊടുവില്‍ കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ട് ദുരന്തവും വല്ലാതെ സങ്കടപ്പെടുത്തി. നൂറിലധികം പേര് മരിച്ച സംഭവത്തിന്റെ ആഘാതം വലുതാണ്. അന്നാണ് ഏറ്റവും ദുഃഖിച്ച ദിവസം.
അതിനൊരു പ്രധാന കാരണം വെടിക്കെട്ടിന്റെ കരാറുകാരന് സുരേന്ദ്രന് എന്റെ നാട്ടുകാരനാണ് എന്നുള്ളതാണ്. അയാള്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നറിയാം. എങ്കിലും..
അഞ്ചുവര്‍ഷം മുമ്പ് കഴക്കൂട്ടത്തെ എന്റെ വീടിനടുത്തുണ്ടായ സംഭവം മറക്കാന്‍ കഴിയില്ല. സ്കൂള്‍ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന വാഹനം ചാന്നാങ്കര പാലത്തില്‍നിന്ന് പാര്‍വതീപുത്തനാറിലേക്ക് വീണു.
രണ്ടാക്ലാസിലും മൂന്നാംക്ലാസിലുമൊക്കെ പഠിക്കുന്ന നാലു കുട്ടികളാണ് അന്ന് മരിച്ചത്. അന്ന് മരിച്ച നാലു കുട്ടികളുടെ വീടുകളിലും പോയി. ഞാനെത്തുമ്പോള്‍ മൂന്നു വീടുകളിലെയും സംസ്കാരം കഴിഞ്ഞിരുന്നു. നിലവിളിയും ബഹളവും സഹപാഠികളുടെ നൊമ്പരവും കണ്ടുനില്ക്കാന് കഴിയുമായിരുന്നില്ല.
നാലാമത്തെ വീട്ടിലെ പെണ്‍കുട്ടിയുടെ മൃതശരീരം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കണ്ണാടിക്കൂട്ടില്‍ മാലാഖയെപ്പോലെ വസ്ത്രം ധരിച്ച കുട്ടിയെ കണ്ടപ്പോള്‍ ആകെ വല്ലാതായി.
വെള്ള ഫ്രോക്കില്‍ അവളുടെ മുഖം തിളങ്ങുന്നതുപോലെ തോന്നി. നിര്‍വികാരമായ അവസ്ഥയില്‍ പെണ്‍കുട്ടിയുടെ അമ്മ തൊട്ടടുത്തിരിക്കുന്നു. ഗള്‍ഫിലുള്ള അച്ഛന് വരാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആ കുടുംബം.
പിറ്റേന്ന് രാവിലെ മാത്രമേ എത്തുകയുള്ളൂ. പാവപ്പെട്ട കുടുംബമാണ് അവരുടേത്. പകല്‍ മുഴുവന്‍ കരഞ്ഞ് കരഞ്ഞ് കണ്ണീരുവറ്റിയ അവസ്ഥയിലാണ് ആ അമ്മ. ഇടയ്ക്ക് അവര്‍ എഴുന്നേറ്റ് കുഞ്ഞിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കും.
അതിനുശേഷം തലയുടെ ഭാഗത്ത് ഉമ്മ കൊടുത്ത് അടുത്തിരിക്കും. കുട്ടി മരിച്ചതാണെന്ന് വിശ്വസിക്കാന്‍ ആ അമ്മയ്ക്ക് കഴിയുന്നില്ല. അധികസമയം ആ അമ്മയെ നോക്കിയിരിക്കാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ത്തന്നെ അവിടെ നിന്നിറങ്ങി.
വീട്ടിലെത്തിയിട്ടും ആ അമ്മയെ മറക്കാന്‍ പറ്റുന്നില്ല. പിറ്റേന്ന് രാവിലെ വരെ ഓരോ അഞ്ചുമിനുട്ടിലും അവര്‍ ആ കുട്ടിക്ക് ഉമ്മ കൊടുത്തുകൊണ്ടേയിരിക്കും. കുട്ടിയും അമ്മയും മനസ്സില്‍നിന്ന് പോകാന്‍ ഒരാഴ്ചയെടുത്തു. എങ്കിലും ഇപ്പോഴും മനസ്സിലൊരു നൊമ്പരമായി അമ്മയുണ്ട്. മാലാഖ പോലുള്ള ആ പെണ്‍കുട്ടിയും.






