
തിരുവനന്തപുരം: സംസ്ഥാനത്തെ 420 ഓളം വരുന്ന പോലീസ് സ്റ്റേഷനുകളിലും ഒരു കമ്പനിയുടെ പിങ്ക് പെയിന്റ് അടിക്കാന്‍ ഉത്തരവിറക്കിയ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടി അഴിമതിയാണെന്ന് ആരോപണം. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വന്നു. പായിച്ചിറ നവാസ് എന്നയാളാണ് പരാതിക്കാരന്.
ടെന്‍ഡര്‍ വിളിക്കാതെ ഒരു കമ്പനിയുടെ പെയിന്റ് വാങ്ങാന്‍ നിര്‍ദ്ദേശിച്ച മുന്‍ ഡിജിപിയുടെ നടപടി അഴിമതിയാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പെയിന്റ് വാങ്ങുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ടത് ആവശ്യമല്ലേയെന്ന് വാക്കാല്‍ പരാമര്‍ശിച്ചു.
എന്നാല്‍ ഹര്‍ജിയെ എതിര്‍ത്ത വിജിലന്‍സ് ഇക്കാര്യത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സര്‍ക്കാരിന് സാന്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അറിയിച്ചു. വിഷയത്തില്‍ വ്യക്തമായ വിശദീകരണം നല്കാന് വിജിലന്‍സിനോട് നിര്‍ദ്ദേശിച്ച കോടതി കേസ് 20ന് പരിഗണിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ മാസം 26നാണ് ഡിജിപിയായിരുന്ന ബെഹ്റ ഒരു കമ്പനിയുടെ പെയിന്റ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് അടിക്കണമെന്ന ഉത്തരവിറക്കിയത്.






