
ലോക സിനിമാവിപണിയില്‍ സകല റെക്കോഡും ഭേദിച്ച് മുന്നേറുന്ന ബാഹുബലി ദി കണ്‍ക്ളൂഷന്റെ കളക്ഷന്‍ 1500 കോടിയിലേക്ക്. ലോകത്താകെമാനം തരംഗമായി മാറിയിരിക്കുന്ന സിനിമ ആഗോളമായി 17 ദിവസം കൊണ്ട് 1400 കോടി കടന്നെന്നും ഈ ആഴ്ച തന്നെ 1500 കോടി മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 100 കോടി കൂടി നേടാനായാല്‍ സിനിമ മറ്റൊരു റെക്കോഡ് ആകും എഴുതുക.
ലോകത്തുടനീളം ഇന്ത്യന്‍ സിനിമകള്‍ മികച്ച പ്രകടനം നടത്തുന്നതിന്റെ ഉദാഹരണമായി ബാഹുബലി മാറുന്നുണ്ട്. ബാഹുബലി ദി കണ്ക്ളൂഷനൊപ്പം തന്നെ അമീര്‍ഖാന്റെ ദംഗലും മികച്ച പ്രകടനം നടത്തുന്നുണ്ട്. അടുത്തിടെ ചൈനയില്‍ റിലീസ് ചെയ്ത ദംഗല്‍ പത്തു ദിവസം കൊണ്ട് നേടിയത് 382.46 കോടിയായിരുന്നു. ബാഹുബലി 1500 ലേക്ക് എത്തുമ്പോള്‍ ആമിറിന്റെ ഗുസ്തിക്കഥ പറഞ്ഞ ചിത്രം ദംഗലും പതിയെ 1000 കോടിയിലേക്ക് നീങ്ങുകയാണ്. ഈ രണ്ടു സിനിമകള്‍ ആഗോള വേദിയില്‍ തീര്‍ത്ത വിജയം ഇനി വരാനിരിക്കുന്ന സിനിമകള്‍ക്കും പ്രചോദനമാകും.
രജനീകാന്തും അക്ഷയ്കുമാറും നായകനും വില്ലനുമായി അഭിനയിക്കുന്ന യന്തിരന് 2.0 ആണ് ലോകവേദിയെ ലക്ഷ്യം വെയ്ക്കുന്ന മറ്റൊരു വന്‍കിട ഇന്ത്യന്‍ ചിത്രം. അതിന് പിന്നാലെ സല്മാന് ഖാന്റെ ട്യൂബ്ലൈറ്റ്, ടൈഗര്‍ സിന്ദഗി ഹൈ എന്നീ ചിത്രങ്ങളും വരുന്നുണ്ട്. വരും മാസങ്ങളില്‍ ഈ ചിത്രങ്ങളോടായിരിക്കും ദംഗലിനും ബാഹുബലി: 2 നും കടുത്ത മത്സരം നേരിടേണ്ടി വരിക. പ്രഭാസും റാണയും പ്രധാന വേഷം ചെയ്ത ബാഹുബലി അമേരിക്കയിലും കാനഡയിലും വന്‍ ഹിറ്റായി മുന്നേറുകയാണ്.






