
ദൂരദർശനിലെ വാർത്താ അവതാരകയായി കരിയറിന് തുടക്കം കുറിച്ച് പിന്നീട് ഇന്ത്യൻ സിനിമയുടെ സ്ത്രീശക്തമായ ശബ്ദമായി മാറിയ അതുല്യ പ്രതിഭയായിരുന്നു അഭിനേത്രിയായ സ്മിത പാട്ടീൽ. ഒരു ദശാബ്ദക്കാലം നീണ്ട തന്റെ കരിയറിൽ എണ്പതോളം സിനിമകളിലൂടെ ധീരമായ കഥാപാത്ര തിരഞ്ഞെടുപ്പുകളിലൂടെയും അസാധാരണമായ അഭിനയ ശേഷിയിലൂടെയും തന്റെ സ്ഥാനം നേടിയെടുത്ത താരം. ഹിന്ദി-മറാത്തി സിനിമകളിലാണ് താരം തിളങ്ങി നിന്നത്.
ബോളിവുഡിലെ ഇതിഹാസ താരങ്ങള്ക്കൊപ്പമായിരുന്നു താരത്തിന്റെ മിക്ക സിനിമകളും. വെറുമൊരു നായിക എന്നതിനപ്പുറം സ്മിത അഭിനയിച്ച സിനിമകളിലെ പ്രകടനങ്ങൾ ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാണ്. ഗൗരവമേറിയതും സാമൂഹിക പ്രസക്തിയുള്ളതുമായ സിനിമകളിലൂടെയാണ് സ്മിത ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യൻ സ്ത്രീയുടെ നിസ്സഹായതയും അതേസമയം കരുത്തും അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്നു.
ഇപ്പോഴിതാ സ്മിത പാട്ടീലിന്റെ ജന്മവാര്ഷികത്തില് ഹൃദയം തൊടും കുറിപ്പ് പങ്കിടുകയാണ് മകനും അഭിനേതാവുമായ പ്രതീക് സ്മിത പാട്ടീൽ. പ്രിയ ബാനർജിയുമായുള്ള തന്റെ വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, അമ്മയെ തന്റെ ‘കാവൽ മാലാഖ’ എന്ന് വിശേഷിപ്പിച്ച താരം, അമ്മയുടെ സാന്നിധ്യം ഇപ്പോഴും തന്നോടൊപ്പമുണ്ടെന്ന് കുറിച്ചു.
‘‘എന്റെ കാവൽ മാലാഖേ, സ്വർഗ്ഗത്തിൽ താങ്കൾക്ക് ജന്മദിനാശംസകൾ!
നമ്മുടെ സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ ഈ ഭൗതികലോകം തീർത്തും അപര്യാപ്തമായിരുന്നു; എന്നാൽ നമുക്ക് മറ്റെന്തോ പദ്ധതികളുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും താങ്കളുടെ അനുഗ്രഹവും സംരക്ഷണവും ഞാൻ അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച്, എന്നെ രൂപപ്പെടുത്തുന്നതും, ഞാൻ ആരാണെന്നും, എന്തിനാണ് നമ്മൾ ഒരുമിച്ച് ഈ ജീവിതയാത്ര തിരഞ്ഞെടുത്തതെന്നും തിരിച്ചറിയാൻ സഹായിക്കുന്ന സന്ദർഭങ്ങളിൽ, ഈ സാന്നിധ്യം കൂടുതൽ ആഴത്തിൽ അനുഭവപ്പെടുന്നു.
തിരിഞ്ഞുനോക്കുമ്പോൾ, വിജയങ്ങളിലും പരാജയങ്ങളിലും, അനിവാര്യമായ സംഭവങ്ങളിലും വഞ്ചനകളിലും ഒക്കെ, ഈ ക്രൂരമായ ലോകത്തുനിന്ന് എന്നെ സംരക്ഷിക്കാനും അനുഗ്രഹിക്കാനും, എപ്പോഴും എന്നെ നിരീക്ഷിച്ചുകൊണ്ട് താങ്കൾ കൂടെയുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നു.
ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ലല്ലോ; എന്നാൽ നമ്മൾ വളരെ മനോഹരമായും ശ്രദ്ധയോടെയും ഒരു ഊർജ്ജം സൃഷ്ടിച്ചു. നമ്മുടെ ആത്മാക്കളുമായി ഇഴചേർന്നുനിൽക്കുന്നതും, അതിരുകളില്ലാത്തതുമായ ഒന്ന്.
അതിനെ ഒരിക്കലും നശിപ്പിക്കാനാവില്ല. നമ്മുടെ ആ ചൈതന്യം ഒരിക്കലും മങ്ങുകയില്ല, നമ്മുടെ അഗ്നി ഒരിക്കലും കെട്ടുപോകുകയില്ല, നമ്മുടെ പ്രകാശം എപ്പോഴും ഉജ്ജ്വലമായിത്തന്നെ ജ്വലിച്ചുനിൽക്കും....’’ എന്നാണ് പ്രതീക് കുറിച്ചിരിക്കുന്നത്.
രാജ് ബബ്ബറിന്റെയും സ്മിത പാട്ടീലിന്റെയും മകനാണ് പ്രതീക്. 1982-ൽ പുറത്തിറങ്ങിയ ‘ഭീഗി പല്കെയിൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 1986 ല് പ്രതീക് ജനിച്ചു, എന്നാല് പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണതകളെത്തുടർന്ന്, 31-ാം വയസ്സിൽ സ്മിത പാട്ടീൽ അന്തരിച്ചു. അവരുടെ മരണശേഷം, മുംബൈയിൽ സ്മിതയുടെ മാതാപിതാക്കളാണ് പ്രതീകിനെ വളർത്തിയത്. സ്മിത പാട്ടീലിന്റെ അവസാന ചിത്രങ്ങളിലൊന്നായിരുന്നു ‘ഗലിയോൻ കാ ബാദ്ഷാ’.

ഭർത്താവും മുതിർന്ന നടനും രാഷ്ട്രീയപ്രവർത്തകനുമായ രാജ് ബബ്ബറും സ്മതിയോടുള്ള ആദരാഞ്ജലികൾ ഹൃദയസ്പർശിയായി പങ്കുവെച്ചിട്ടുണ്ട്. ത്രോബാക്ക് ചിത്രം പങ്കുവെച്ചുകൊണ്ട്, സ്മിതയുടെ അസാധാരണമായ കഴിവുകളെയും, അവരുടെ ഊഷ്മളമായ പെരുമാറ്റത്തെയും, അവർ അവശേഷിപ്പിച്ചുപോയ മായാത്ത മുദ്രകളെയും രാജ് ബബ്ബര് പ്രശംസിച്ചു. അതീവ സംവേദനക്ഷമതയുള്ള ഒരു കലാകാരിയായി സ്മിതയെ വിശേഷിപ്പിച്ച രാജ്, താൻ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലേക്കും സ്മിത ജീവൻ പകർന്നിരുന്നു എന്നാണ് കുറിച്ചത്.
‘‘സ്മിതയ്ക്ക് അതീവ സംവേദനക്ഷമതയുണ്ടായിരുന്നു. അവരുടെ ജീവിതയാത്ര ദൗർഭാഗ്യവശാൽ വളരെ ഹ്രസ്വമായിപ്പോയെങ്കിലും, അവരുടെ കല മായാത്ത മുദ്രയാണ് അവശേഷിപ്പിച്ചത്. അവർ കഥാപാത്രങ്ങളെ വെറുതെ അവതരിപ്പിക്കുകയായിരുന്നില്ല, മറിച്ച് അവയുടെ ആത്മാവിലേക്ക് ജീവൻ പകരുകയായിരുന്നു. എനിക്ക് അവരെ ഒരുപാട് നഷ്ടപ്പെടുന്നു. അവരുടെ ഊഷ്മളതയും, അസാധാരണമായ കഴിവും, അവരെ ഇത്രയേറെ സവിശേഷയാക്കിയ മറ്റെല്ലാ കാര്യങ്ങളും.
സ്മിത പാട്ടീലിന്റെ ജന്മദിനത്തിൽ അവരെ ഓർക്കുന്നു. അവരുടെ പൈതൃകം തലമുറകളിലൂടെയും പ്രചോദനമായും, വികാരനിർഭരമായ ഓർമ്മയായും ഇന്നും നിലനിൽക്കുന്നു. കലാകാരന്മാർ വിളി വരുമ്പോൾ ഈ ലോകം വിട്ടുപോകുന്നു...എന്നാൽ സ്മിത താൻ സ്പർശിച്ച ഓരോ ഹൃദയത്തിലും എന്റെ ഒരു ഭാഗം അവശേഷിപ്പിച്ചുപോയി...’’ എന്നാണ് രാജ് ബബ്ബര് കുറിച്ചത്.
വ്യക്തിജീവിതത്തിലെടുത്ത ചില നിർണ്ണായക തീരുമാനങ്ങളുടെ പേരിലും സ്മിത പാട്ടീൽ വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹിതനായിരുന്ന നടൻ രാജ് ബബ്ബറുമായുള്ള സ്മിതയുടെ പ്രണയബന്ധം അക്കാലത്ത് ബോളിവുഡിൽ വലിയ ചർച്ചയായി മാറി. രാജ് ബബ്ബർ ആദ്യ ഭാര്യയായ നാദിറയെ ഉപേക്ഷിച്ചാണ് സ്മിതയെ വിവാഹം ചെയ്തത്. 1986 നവംബർ 28 ന് ഈ ദമ്പതികൾക്ക് മകനായ പ്രതീക് സ്മിത പാട്ടീൽ ജനിച്ചു. എന്നാല് പ്രസവം കഴിഞ്ഞ് അധികം താമസിയാതെ 1986 ഡിസംബർ 13-ന്, 31-ാം വയസ്സിൽ പ്രസവാനന്തര പ്രശ്നങ്ങൾ കാരണം സ്മിത പാട്ടീൽ അന്തരിച്ചു. സ്മിതയുടെ മരണശേഷം രാജ് ബബ്ബർ വീണ്ടും ആദ്യഭാര്യയായ നാദിറയുമായി ഒന്നിച്ചു. ഇരുവരുടെയും മകൻ പ്രതീക് സ്മിത പാട്ടീലിനെ വളർത്തിയത് സ്മിതയുടെ കുടുംബമാണ്. അന്നുമിന്നും സ്മിതയുടെ ആകസ്മിക വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമായി നിലനില്ക്കുന്നു.







Comments