
മലയാള സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ‘ലൂസിഫർ’. നടനായി തിളങ്ങി നില്ക്കുമ്പോള് തന്നെയാണ് ‘ലൂസിഫറി’ലൂടെ സംവിധായക കുപ്പായമണിഞ്ഞ് പൃഥ്വിരാജ് സുകുമാരന് എന്ന അഭിനേതാവ് പ്രേക്ഷകരെ ഞെട്ടിച്ചത്. ബ്ലോക്ബസ്റ്റർ വിജയം നേടിയ ലൂസിഫറിന്റെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും ഇന്നും സോഷ്യല് മീഡിയയില് തരംഗമാണ്.
അതുകൊണ്ടു തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ ‘എംപുരാന്’ റിലീസിനു മുമ്പു തന്നെ ഹൈപ്പ് നേടിയ ചിത്രമായി മാറി. എന്നാല് പ്രതീക്ഷിച്ച വിജയം നേടാന് ഈ സിനിമയ്ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വിവാദമായ സിനിമയായി കൂടി ‘എംപുരാന്’ മാറി. പലരും ഈ സിനിമയിലെ രാഷ്ട്രീയത ചോദ്യം ചെയ്തു. ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നുമുള്ള വിമർശനവുമായി ആർഎസ്എസ് അടക്കം രംഗത്തു വന്നു. അങ്ങനെ വന്നവരില് എമ്പുരാനെതിരെ ആദ്യം രംഗത്ത് വന്നവരില് ഒരാളാണ് മേജർ രവി. പക്ഷേ പിന്നീട് ഇതേ മേജർ രവിക്കെതിരെ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തുറന്നടിച്ചു. എംപുരാന് കണ്ടിറങ്ങിയപ്പോള് നല്ലത് പറഞ്ഞ മേജർ രവി പിന്നീട് അഭിപ്രായം മാറ്റിയെന്നതടക്കമായിരുന്നു മല്ലികയുടെ ആരോപണം. ഇപ്പോഴും പല അഭിമുഖങ്ങളിലും മേജർ രവിക്കെതിരെ മല്ലിക പരാമർശങ്ങള് നടത്തുന്നുണ്ട്.
ഇപ്പോഴിതാ ഇതേ വിഷയത്തിലുള്ള തന്റെ പ്രതികരണം തുറന്നു പറയുകയാണ് മേജര് രവി. മല്ലിക സുകുമാരന് പറഞ്ഞതില് തനിക്കൊരു സങ്കടവും ഇല്ലെന്നും അതൊരു അമ്മയുടെ വേദനയാണെന്നും രാജുവിനോട് തനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും മേജര് രവി പറയുന്നു. സംവിധായകനെന്ന നിലയില് എംപുരാന് ഒരു നല്ല സിനിമയാണെന്ന് താന് പറയുമെന്നും മേജര് രവി പറഞ്ഞു.
‘‘ഒരു മേക്കറെന്ന നിലയില് അത് നല്ല സിനിമയാണ്. വെെകുന്നേരമായപ്പോള് നമ്മള് നോട്ടീസ് ചെയ്ത് മിണ്ടാതിരുന്ന സംഭവം പബ്ലിക്കില് എത്തി. പിറ്റേ ദിവസമാണ് ഞാൻ പ്രതികരിച്ചത്. എന്റെ പറച്ചില് മാത്രമാണ് പ്രശ്നമായത്. നാട്ടുകാർ പറഞ്ഞതും സോഷ്യല് മീഡിയ പറഞ്ഞതും പ്രശ്നമല്ല. ഗോദ്രയാണെങ്കില് സന്യാസിമാർ ട്രെയിനില് നിന്ന് ചായ കുടിക്കാൻ ഇറങ്ങിയപ്പോഴുണ്ടായ കശപിശയും അതില് നിന്ന് സന്യാസിമാരുടെ കംപാർട്ട്മെന്റ് കത്തിച്ചതില് നിന്നും പടം തുടങ്ങണം. ഇതാണ് ഞാൻ പറഞ്ഞത്. അതില് കൂടുതല് ഒന്നും ഞാൻ പറഞ്ഞിട്ടില്ല.
മല്ലിക ചേച്ചി പറഞ്ഞതില് എനിക്കൊരു സങ്കടവും ഇല്ല. ഒരു അമ്മയുടെ വേദനയാണ്. പക്ഷെ അത് കഴിഞ്ഞിട്ടും നിങ്ങളുടെ മകന്റെ പടം ഓടിയില്ലെങ്കില് അതിന് എന്നെ കുറ്റം പറയാൻ പറ്റുമോ. മല്ലിക ചേച്ചിയെ പിന്നീട് ഞാൻ കണ്ടിട്ടില്ല. കണ്ടാല് ഞാൻ കെട്ടിപ്പിടിക്കും. രാജുവിനോട് എനിക്ക് യാതൊരു പ്രശ്നവും ഇല്ല. രാജു നല്ല ആർട്ടിസ്റ്റാണ്. അച്ചടക്കമുണ്ട്. പിക്കറ്റ് 43 കണ്ട സമയത്ത് ഞാൻ കണ്ട രാജുവുണ്ട്. എന്നോട് പറഞ്ഞ രാജു അങ്ങനെയല്ലായിരുന്നു. ഇപ്പോഴും എംപുരാന് നല്ല സിനിമയാണെന്ന് സംവിധായകനെന്ന നിലയില് ഞാന് പറയും...’’ മേജര് രവി പറഞ്ഞു. പ്രമുഖ മാധ്യമമായ 24 ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മേജര് രവിയുടെ പരാമർശം.
എംപുരാനില് തുറന്നു കാണിച്ച രാഷ്ട്രീയത്തെ വിമർശിച്ച് മേജര് രവി സംസാരിച്ചത് അന്ന് വലിയ ചര്ച്ചയായി മാറിയിരുന്നു. തന്നോട് ഒന്ന് പറഞ്ഞിട്ട് പബ്ലിക്കിനു മുന്നില് മാറ്റി പറഞ്ഞ മേജർ രവിക്കെതിരെ മല്ലിക സുകുമാരനും പല തവണ തുറന്നടിച്ചിട്ടുണ്ട്. ‘‘അത് വേണ്ടായിരുന്നു മേജർ രവി’ എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്. മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളില് ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു? ആരൊക്കെയോ ഉണ്ടാക്കിയ കഥകള് ആണ് ചിലരിലൂടെ ഇപ്പോള് പുറത്തു വരുന്നത്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരില് ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക...’’ എന്നായിരുന്നു മല്ലിക സുകുമാരൻ അന്ന് പറഞ്ഞത്.







Comments