
? മിന്നാമിനുങ്ങ്' എന്ന താങ്കളുടെ സിനിമയിലെ അഭിനയമികവിന് സുരഭിക്ക് ലഭിച്ച ദേശീയ അംഗീകാരത്തെ എങ്ങനെ വിലയിരുത്തുന്നു..
ഠ നിശ്ചയമായും വളരെയധികം സന്തോഷമുണ്ട്. സംസ്ഥാന പുരസ്കാര നിര്‍ണയ സമിതിയില്‍നിന്ന് സ്പെഷല്‍ ജൂറി പരാമര്‍ശം ലഭിച്ച ചിത്രത്തിലെ അഭിനയത്തിന് സുരഭിയുടെ, പേരില്ലാത്ത ഈ കഥാപാത്രത്തിനു ലഭിച്ച ദേശീയ അംഗീകാരം വളരെ മൂല്യമേറിയതാണ്.
നമ്മുടെ സമൂഹത്തില്‍ നാം നിരന്തരം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന, നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകുന്ന ശക്തമായ സ്ത്രീകഥാപാത്രം.
തിരുവനന്തപുരം പ്രദേശത്തെ പ്രാദേശിക ഭാഷയുടെ പ്രത്യേകതയും ശരീരഭാഷയുമാണ് 'മിന്നാമിനുങ്ങി'ലെ ഈ കഥാപാത്രത്തിന്റെ കരുത്ത്. കഥാപാത്രത്തിന് പേരില്ല എന്നതുകൊണ്ടുതന്നെ അത് ഒരു പ്രത്യേക ചട്ടക്കൂടിലേക്ക് ഒതുങ്ങുന്നുമില്ല.
നമ്മുടെ ചുറ്റിലും ഇതുപോലെ സവിശേഷതകളുള്ള ഒരു വിധവയായ സ്ത്രീയെ കാണാന്‍ നമുക്ക് കഴിയുകയും ചെയ്യും.
? 'മിന്നാമിനുങ്ങി'നു മുമ്പ്...
ഠ 2012-ല്‍ സംവിധാനം നിര്‍വഹിച്ച 'ക്രൈം സ്റ്റോറി' എന്ന ചിത്രമായിരുന്നു എന്റെ ആദ്യസിനിമ. മിന്നാമിനുങ്ങ് എന്റെ രണ്ടാമത്തെ സിനിമ.
? ഈ ചിത്രത്തിലെ മറ്റു സുപ്രധാന കഥാപാത്രങ്ങള്‍..
ഠ സുരഭിയാണ് ഈ ചിത്രത്തിലെ വ്യക്തികേന്ദ്രീകൃത കഥാപാത്രമെങ്കിലും സുരഭിയോടൊപ്പംതന്നെ ഈകഥയുടെ ചുറ്റുപാടില്‍ പ്രേംപ്രകാശ്, ബാലു നാരായണന്, സുരേഷ് പ്രേം, അര്‍ച്ചന എന്നീ നടീനടന്മാരും സുപ്രധാന പങ്കുവഹിക്കുന്നു.
? ചിത്രത്തിന്റെ സാങ്കേതിക വിദഗ്ദ്ധര്‍...
ഠ ഈ ചിത്രത്തിന്റെ ക്യാമറാമാന് സുനില്‍ പ്രേം, എഡിറ്റിംഗ്- ശ്രീനിവാസ്, പശ്ചാത്തലസംഗീതം ഒരുക്കിയത് ഔസേപ്പച്ചന് എന്നിവരാണ്. എല്ലാവരുടെയും ആത്മാര്‍ത്ഥമായ കൂട്ടായ്മയുടെയും അധ്വാനത്തിന്റെയും ഫലമാണ് ഈ സിനിമ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മനോജ് രാംസിംഗാണ്.
? സ്വദേശം ഈരാറ്റുപേട്ടയാണെങ്കിലും സ്ഥിരതാമസം എറണാകുളത്താണല്ലോ...
ഠ അതെ, സൂര്യ ടിവിയില്‍ 2009-ല്‍ സംപ്രേഷണം ആരംഭിച്ച ഡീല്‍ ഓര് നോ ഡീല്‍ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടും ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് എറണാകുളത്ത് വൈറ്റിലയില്‍ താമസം ആരംഭിച്ചത്. ഇപ്പോഴും ആ പ്രോഗ്രാമിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.






