തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാന്‍ അഞ്ച് കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ഓഫറുമായി പാമ്പാടി നെഹ്റു കോളജ്. പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജിലാണ് നെഹ്റു ഗ്രൂപ്പ് പരസ്യം നല്‍കിയത്. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുമെന്നാണ് പരസ്യം. അടുത്ത അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ ലഭിക്കില്ലെന്ന ആശങ്കയാണ് പരസ്യത്തിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം.
ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള കോളജുകളില്‍ മാനേജ്മെന്റിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രചരണം നടന്നു വരികയാണ്. ഇതേതുടര്‍ന്നാണ് വന്‍ ഓഫറുകളുമായി മാനേജ്മെന്റ് രംഗത്ത് വന്നത്. കേരള എന്ട്രന്സില് 5000 റാങ്ക് വരെയുള്ളവര്‍ക്ക് ട്യുഷന് ഫീസായി 5000 രൂപ നല്കിയാല് മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കുമെന്നും വാഗ്ദാനമുണ്ട്.
നെഹ്റു കോളജില്‍ ഇടിമുറി അടക്കമുണ്ടെന്ന ആക്ഷേപം വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുമെന്നാണ് മാനേജ്മെന്റിന്റെ ആശങ്ക. ജിഷ്ണുവിന്റെ ആത്മഹത്യ വാര്‍ത്തയായതോടെയാണ് കോളജിലെ ഇടിമുറിയെക്കുറിച്ച് പുറംലോകം അറിയുന്നത്. ജിഷ്ണുവിന് ഇടിമുറിയില്‍ വച്ച് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഇടിമുറിയില്‍ നിന്ന് ജിഷ്ണുവിന്റെ രക്തക്കറ ലഭിക്കുകയും ചെയ്തിരുന്നു.






