
റോം: മുന്‍ ലോകകപ്പ് ജേതാക്കളുടെ പിന്മുറക്കാരും യൂറോപ്പിലെ ഫുട്ബോള്‍ കരുത്തുമായ ഇറ്റലിയെ അവരുടെ മണ്ണിലിട്ട് 2-0 ന് തകര്‍ത്ത് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ചുണക്കുട്ടന്മാര് നേടിയത് ചരിത്രനേട്ടം. ഇറ്റാലിയന്‍ ടീമിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ ചരിത്രം നേടിയത് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്ന അണ്ടര്‍ 17 ടീമാണ്. സൗഹൃദമത്സരമായിരുന്നെങ്കിലും ഒക്ടോബറില്‍ ആദ്യ ലോകകപ്പിന് വേദിയാകുന്ന ഇന്ത്യയ്ക്ക് ഈ വിജയം പ്രതീക്ഷയാകുന്നു.
ഇരു പകുതികളിലുമായി നേടിയ ഗോളാണ് ഇതാദ്യമായി ഇറ്റലിയെ മറികടക്കാന്‍ ഇന്ത്യന്‍ ടീമിന് തുണയായത്. എട്ടാം മിനിറ്റില്‍ ഗോളിന് തൊട്ടടുത്തെത്തിയ കോമള്‍ തത്വാലിലൂടെ കളിയുടെ നിയന്ത്രണം പിടിച്ച ഇന്ത്യ 31 ാം മിനിറ്റില്‍ ആദ്യ വെടി പൊട്ടിച്ചു. അഭിജിത് സര്‍ക്കാരിന്റെ വകയായിരുന്നു ഗോള്‍. അഭിജിത്തിന്റെ ക്രോസ് ഇറ്റാലിയന്‍ ഡിഫന്‍സില്‍ തട്ടി വലയിലേക്ക്. ഗോള്‍ മടക്കാന്‍ ഇറ്റലിയുടെ ശ്രമത്തിനിടയില്‍ ആദ്യ പകുതിയില്‍ ലീഡുമായി പോയ ഇന്ത്യ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ കളിയോടെ പല തവണ ഇറ്റാലിയന്‍ ഗോള്‍മുഖം വിറപ്പിച്ചു. 59 ാം മിനിറ്റില്‍ അനികേത്ത് സൂപ്പര്ചാന്സ് പാഴാക്കിയതിന് തൊട്ടു പിന്നാലെ 75 ാം മിനിറ്റില്‍ രാഹുലും ഗോളിനടുത്തെത്തിയെങ്കിലും ഇറ്റാലിയന്‍ ഗോളി രക്ഷപ്പെടുത്തി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ രാഹുല്‍ ഇതിന് പ്രായശ്ചിത്തം ചെയ്തു. 80 ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ കിട്ടിയ പന്ത് രാഹുല്‍ നെറ്റിലേക്ക് തിരിച്ചുവിട്ടു. പിന്നീട് ഫൈനല്‍ വിസില്‍ വരെ ഇറ്റാലിയന്‍ ടീമിനെ പിടിച്ചു നിര്‍ത്തിയതോടെ ചരിത്രം പിറന്നു.
വിജയം ഇന്ത്യന്‍ ഫുട്ബോളില്‍ ആവേശം കൊണ്ടുവന്നിരിക്കുകയാണ്. ഇറ്റലിയെ വീഴ്ത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി ദേശീയ ടീം മാനേജര്‍ സ്റ്റീഫന്‍ കോണ്സ്റ്റനാണ് ആദ്യം ട്വിറ്ററില്‍ എത്തിയത്. പിന്നാലെ കായികമന്ത്രി വിജയ് ഗോയലും വന്നു. തൊട്ടുപിന്നാലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ വീരേന്ദ്ര സെവാഗും മൊഹമ്മദ് കൈഫും എത്തി. ഇറ്റലിയെ ഇന്ത്യ ഇഡ്ഡലിയാക്കി എന്നായിരുന്നു വീരുവിന്റെ തമാശ കലര്‍ന്ന കമന്റ്. ചരിത്രം മാത്രമല്ല ഇതാണ് അവസരം എന്നായിരുന്നു കൈഫ് കുറിച്ചത്. ഇന്ത്യന്‍ ഫുട്ബോളര് ജെജെ പെഖുലയും അഭിനന്ദനം ചൊരിഞ്ഞു. ചുണക്കുട്ടന്മാര് എന്നായിരുന്നു ഇന്ത്യന്‍ ദേശീയ ടീം ഗോളി ഗുര്‍പ്രീത് സിംഗിന്റെ കമന്റ്.


