
ന്യുഡല്‍ഹി: വിമാനത്താവളങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് തടയാന്‍ കര്‍ശന നടപടിയുമായി സി.ഐ.എസ്.എഫ്. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സൈനികര്‍ യൂണിഫോം ധരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സുപ്രധാന കേന്ദ്രങ്ങളിലെ ശൗചാലങ്ങള്‍ ഉപയോഗിക്കരുതെന്നും മാര്‍ഗനിര്‍ദേശം നല്കി. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണം, ലഹരിമരുന്ന് കടത്തിന് ചില ജീവനക്കാരുടെ സഹായം ലഭിക്കുന്നതായി പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.
രാജ്യെത്ത 59 വിമാനത്താവളങ്ങളില്‍ സി.ഐ.എസ്.എഫ് ആണ് സുരക്ഷാ ചുമതല വഹിക്കുന്നത്. ഇവയില്‍ പലതും അതീവ സുരക്ഷാ വിഷയം നേരിടുന്നതാണ്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ആഭ്യന്തരവും വിദേശത്തേക്കുമുള്ള യാത്രകള്‍ക്കായി വിമാനത്താവളങ്ങളില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്ന് സി.ഐ.എസ്.എഫ് മേധാവി ഒ.പി സിംഗ് പറഞ്ഞു.
വിമാനത്താവളങ്ങളിലെ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സി.ഐ.എസ്.എഫ് സൈനികര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം മുന്‍പും ഉണ്ടായിരുന്നു. ഇത് നിലവില്‍ ശക്തമായി നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്. നിയമവിരുദ്ധമായ ചില പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരില്‍ ചിലര്‍ ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
സ്വര്‍ണവും മയക്കുമരുന്നും കടത്താന്‍ സഹായിച്ച കേസില്‍ ചെന്നൈ, ബംഗലൂരു വിമാനത്താവളങ്ങളിലെ രണ്ട് ജവാന്മാരെ പിടികൂടിയിരുന്നു. പുതിയ നിര്‍ദേശപ്രകാരം ജവാന്മാര് ടെര്‍മിനലുകളില്‍ പ്രവേശിക്കാന്‍ പാടില്ല. നിര്‍ദേശിക്കപ്പെട്ടാല്‍ മാത്രമേ ഇവിടെ പ്രവേശിക്കാവൂ. മൊബൈല്‍ ഫോണുകളും ബാഗുകളും ഡ്യൂട്ടിക്ക് സമയത്ത് കൊണ്ടുവരാന്‍ പാടില്ല. കര്‍ശനമായ പരിശോധനകള്‍ക്കു ശേഷമേ സി.ഐ.എസ്.എഫ് ജീവനക്കാരെ ഓപറേഷണല്‍ ഏരിയയില്‍ പ്രവേശിപ്പിക്കാവൂ. യൂണിഫോം ഇല്ലാതെ വിമാനത്താവളത്തില്‍ പ്രവേശിക്കരുത്, വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനും പറന്നുയരുന്നതിനും അടുത്തുള്ള ശൗചാലങ്ങളും അതീവ സുരക്ഷാ മേഖലയിലെ ശൗചാലങ്ങളും ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.






