
കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് നടന് ശ്രീനിവാസന്. കേരളത്തില്‍ ജനാധിപത്യമല്ല, ഗുണ്ടാധിപത്യവും പണാധിപത്യവുമാണ്. ജനങ്ങള്‍ക്കു മുന്നില്‍ വേറെ ഓപ്ഷന്‍സില്ല. ഇനാംപേച്ചി പോയാല്‍ മരപ്പട്ടി വരുമെന്ന അവസ്ഥയാണെന്നും ശ്രീനിവാസന് പറഞ്ഞു.
ഏതെങ്കിലും ഒരു പാര്‍ട്ടി മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമല്ല. പാര്‍ട്ടികള്‍ക്ക് പൊതുവായ ഒരു നേതാവിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ ജനാധിപത്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിനു തുടക്കമിട്ട ദിവസം തന്നെയാണ് ശ്രീനിവാസന്റെ വിമര്‍ശനവും വന്നത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ചും ശ്രീനീവാസന് അടുത്തിടെ രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ വിവാദങ്ങളില്‍ സര്‍ക്കാരിനെതിരെ അന്ന് കടുത്ത പരിഹാസം ശ്രീനിവാസന് നടത്തിയിരുന്നു.






