
കോഴിക്കോട്: സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി അതിജീവിക്കാന്‍ ബി.എസ്.എന്‍.എല്‍. വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും സിംകാര്ഡുകള്ക്കു ക്ഷാമം. ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സിമ്മിനായി എത്തുന്നവരെ ബി.എസ്.എന്‍.എല്‍. ഓഫീസുകളില്‍നിന്നു മടക്കിയയയ്ക്കുകയാണ്. ഇതോടെ വാഗ്ദാനങ്ങളുടെ പ്രയോജനം സ്ഥാപനത്തിനു ലഭിക്കാതായി. ഇതു ബി.എസ്.എന്‍.എലിനു കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്.
മൂന്നാഴ്ചയായി ബി.എസ്.എന്‍.എല്‍. സിംകാര്‍ഡിനു കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഉപയോക്താക്കളെ തിരിച്ചയക്കേണ്ട സ്ഥിതി ഒഴിവാക്കാനായി അടിയന്തരമായി സംസ്ഥാനത്തിന് 50,000 സിമ്മുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ 11 -നാണു സിംകാര്‍ഡുകള്‍ അനുവദിച്ചത്.ഇതു ലഭ്യമാക്കിയിട്ടും ആവശ്യക്കാര്‍ക്കു പുതിയ സിം നല്‍കാനായിട്ടില്ല. ബി.എസ്.എല്‍.എല്‍. എംപ്ലോയിസ് യൂണിയന് നിലവിലെ സിം ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തുടര്‍ന്നു വെള്ളിയാഴ്ച 21,000 സിമ്മുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഇവ സിം ക്ഷാമമുള്ള ജില്ലകളിലേക്കു നല്കുമെന്നാണറിയുന്നത് .
50,000 സിംകാര്‍ഡുകളും ജില്ലാ അടിസ്ഥാനത്തില്‍ 11 -മുതല്‍ വിതരണം ചെയ്തിരുന്നു. എറണാകുളം, കണ്ണൂര്‍, തൃശൂര്‍, കൊല്ലം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലേക്കു 5,000 സിം കാര്‍ഡുകളാണ് അനുവദിച്ചത്. പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു 4,000 സിം കാര്‍ഡുകള്‍ വീതമാണ് അനുവദിച്ചത്. അനുവദിച്ചതെല്ലാം ഇപ്പോള്‍ തീര്‍ന്നു. ചില ഓഫീസുകളില്‍ അവശേഷിക്കുന്ന സിംകാര്‍ഡുകള്‍ തിരക്കുകൂടിയ ഓഫീസുകളിലേക്കു നല്‍കിയിരുന്നു. കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ മാനാഞ്ചിറ ബി.എസ്.എന്‍.എല്‍. ഓഫീസില്‍ മാത്രം ഒരു ദിവസം 100 പുതിയ സിംകാര്‍ഡുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്.
സിമ്മുകള്‍ക്കായി എത്തുന്നവരെ ഇപ്പോഴും തിരിച്ചയക്കുകയാണെന്നു ജീവനക്കാര്‍ വ്യക്തമാക്കി. പുതിയ കണക്ഷനു പുറമേ നേരത്തെ ബി.എസ്.എല്‍.എല്‍. ഉപയോഗിക്കുന്നവര്‍ക്കു നാനോ സിമ്മിലേക്കു മാറാനുള്ള സൗകര്യവും സിംക്ഷാമത്തെ തുടര്‍ന്നു തടസപ്പെട്ടിരിക്കുകയാണ്. പുതിയ സിംകാര്‍ഡ് ലഭിച്ചാല്‍ മാത്രമേ നാനോ സിമ്മിലേക്കു മാറാന്‍ സാധിക്കുകയുള്ളൂ. ഇതും ബി.എസ്.എല്‍.എലിനെ കുഴക്കുന്നുണ്ട്.
സിംകാര്‍ഡ് നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ വിളിച്ചതിലെ അപാകതയാണു കടുത്തക്ഷാമത്തിനു കാരണമെന്നാണു ജീവനക്കാര്‍ പറയുന്നത്. ദേശീയ അടിസ്ഥാനത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണു സിം നിര്‍മാണത്തിനുള്ള കമ്പനിയെ തെരഞ്ഞെടുക്കാറുള്ളത്. ഇപ്രകാരം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി സിം എത്തിക്കുന്നതില്‍ വന്ന കാലതാമസമാണു പ്രശ്നമാകുന്നത്. അതേസമയം, മറ്റു ടെലികോം കമ്പനികളെ പരോക്ഷമായി സഹായിക്കുന്നതിനാണു സിംക്ഷാമമുണ്ടാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. 333 രൂപയുടെ ഡേറ്റ റീചാര്‍ജില്‍ 90 ദിവസ കാലാവധിയില്‍ 270 ജിബി 3ജി ലഭിക്കും വിധത്തിലായിരുന്നു ബി.എസ്.എന്‍.എല്ലിന്റെ ഏറ്റവും അവസാനത്തെ ആകര്‍ഷക ഓഫര്‍.
ദിവസേന മൂന്നു ജിബിയാണ് ഈ പ്ലാന്‍ വഴി ലഭിക്കുക. അതായത് 1.23 രൂപയ്ക്ക് ഒരു ജിബി. മറ്റ് ടെലികോം കമ്പനികള്‍ നാലു ജി ഓഫറുമായി കടുത്ത മത്സരം സൃഷ്ടിക്കുമ്പോഴാണ് 3ജിയില്‍ മറ്റാരും നല്‍കാത്ത ഓഫറുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എല്‍. രംഗത്തെത്തിയിരുന്നത്. പുതിയ പ്ലാനുകള്‍ എത്തിയതോടെയാണു സിമ്മിനായി ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എലിനെ ആശ്രയിച്ചത്.






