
ന്യൂഡല്‍ഹി: ബി.എസ്.പി. നേതാവ് മുനാവര്‍ ഹസന് റാണാ വധക്കേസ് വഴിത്തിരിവില്‍. അദ്ദേഹത്തിന്റെ സുഹൃത്ത് സാഹബ് ഖാനാണു റാണയെയും അഞ്ച് കുടുംബാംഗങ്ങളെയും വധിച്ചതെന്നു ഡല്‍ഹി പോലീസ് കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടത്തിയത്.
ഒരു കേസില്‍പ്പെട്ട് റാണ ജയിലിലായതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ഇതോടെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ സാഹബ് ഖാന് ആക്രമണം തുടങ്ങുകയായിരുന്നു.ഏപ്രില്‍ 20 നായിരുന്നു ആദ്യ ആക്രമണം. റാണയുടെ ഭാര്യ സോണിയ, രണ്ട് മക്കള്‍ എന്നിവരായിരുന്നു ഇരകള്‍. ഇവരെ കാറില്‍ മീരറ്റില്‍ കൊണ്ടുപോയശേഷം വെടിവച്ചു കൊല്ലുകയായിരുന്നു. മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയശേഷം സാഹബ് മടങ്ങി. അമ്മയെക്കുറിച്ച് അന്വേഷിച്ച റാണയുടെ മക്കളായ അഖ്വിബ്, ഷാഖിബ് എന്നിവരായിരുന്നു അടുത്ത ഇര. പിറ്റേദിവസം ഇവരെ കൂട്ടിക്കൊണ്ടുപോയി ഭഗത് കോളനിയിലെത്തിച്ചു കഴുത്തറത്തുകൊന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഒരു ടാങ്കില്‍ ഉപേക്ഷിച്ചു.
ഈ മാസം 17 നാണു റാണയ്ക്കു പരോള്‍ ലഭിച്ചത്. ഭാര്യയെയും മക്കളെയും കാണാനില്ലെന്നു കാട്ടി അദ്ദേഹം പോലീസില്‍ പരാതി നല്കി. രണ്ട് ദിവസത്തിനുശേഷം സാഹബ് ഖാന് അയച്ച കൊലയാളികള്‍ റാണെയെ അദ്ദേഹത്തിന്റെ വീട്ടിനുള്ളില്‍ കയറി വെടിവച്ചുകൊന്നു. പോലീസില്‍ പരാതി നല്കാന് മുന്നോട്ടിറങ്ങിയതും സാഹബ് ആയിരുന്നു. പണം സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ആറ് കോടി രുപ വില വരുന്ന റാണ പുതിയതായി പേരില്‍ കൂട്ടിയ ആറ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് സംശയം. റാണ തന്നെ ഉപയോഗിക്കുകയായിരുന്നെന്നും എല്ലായ്പ്പോഴും അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന തന്റെ വിശ്വാസവും ആത്മാര്‍ത്ഥതയും ദുരുപയോഗം ചെയ്തെന്നും തന്റെ കടങ്ങള്‍ ഒരിക്കലും വീട്ടിയില്ലെന്നും സാഹബ്ഖാന് ആരോപിച്ചു.
കൗമാരകാലം മുതല്‍ നല്ല സുഹൃത്തുക്കളായ ഇരുവരും പണമിടപാടുകളിലും കുറ്റകൃത്യങ്ങളിലും പങ്കാളികള്‍ ആയിരുന്നു. അനേകം വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുള്ള ഇവര്‍ വസ്തു ഇടപാടുകളിലെ തര്‍ക്കങ്ങളിലും ഇടപെട്ടിരുന്നു. കൊലപാതകവും വസ്തു കയ്യേറ്റവുമായി അനേകം കേസുകള്‍ ഇരുവര്‍ക്കും എതിരേയുണ്ട്. 2008 ല്‍ റാണ ഡല്‍ഹിയില്‍ നിന്നും ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014 ല്‍ ലും മത്സരിച്ച് പരാജയപ്പെട്ടു. എന്നാല്‍ റാണയുടെ സഹോദരന് നാഹിദാകട്ടെ രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കി. ഈ വര്‍ഷം നടന്ന യുപി തെരഞ്ഞെടുപ്പില്‍ കൈരാനയില്‍ നിന്നും നാഹിദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒരു കുഴപ്പവുമില്ലാതെ സൗഹാര്‍ദ്ദമായി മുന്നേറിയിരുന്ന റാണയും സാഹബും തെറ്റിയത് അടുത്തകാലത്ത് അനധികൃതമായി ഇടപെട്ട ആറ് വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു. റാണ ആറും സ്വന്തം പേരില്‍ റജിസ്റ്റര്‍ ചെയ്തു. ഇതിനെ വഞ്ചനയായി കരുതിയ സാഹബ് റാണയുമായി തെറ്റി. പിന്നീട് ഈ വസ്തു വകകള്‍ റാണയുടെ ഭാര്യയിലേക്കും മക്കളിലേക്കും വന്നു ചേരുമെന്നതാണ് അവരെ കൂടി ഇല്ലാതാക്കാന്‍ സാഹബ് പദ്ധതി മെനയാന്‍ കാരണമായത്. ഒരു ബലാത്സംഗ കേസില്‍ റാണ ജനുവരി 19 ന് ജയിലിലായ സമയം സാഹബ് മുതലാക്കാന്‍ തെരഞ്ഞെടുത്തു. കുടുംബത്തെ താന്‍ നോക്കിക്കൊള്ളാമെന്ന് റാണയെ ജയിലില്‍ കണ്ട് ധരിപ്പിച്ച സാഹബ് റാണയുമായുള്ള സൗഹൃദം മുതലെടുത്ത് പതിവായി വീട്ടില്‍ എത്തുകയും ഭാര്യ ഇസ്രത്തിനോട് ഭര്‍ത്താവ് നിരപരാധിയാണെന്ന് തെളിയിക്കാന്‍ പുതിയതായി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ ചോദിക്കുകയും ചെയ്തു.
അത് കയ്യില്‍ കിട്ടിയതിന് പിന്നാലെ ഇസ്രത്തിനെയും നാലു കുട്ടികളെയും ഇല്ലാതാക്കുകയുമായിരുന്നു. എന്നാല്‍ റാണയെ കൂടി ഇല്ലാതാക്കാന്‍ പദ്ധതിയിട്ട സാഹബ് കാണാതായ ഭാര്യയെയും മക്കളെയും കണ്ടു പിടിക്കാന്‍ പരോള്‍ അത്യാവശ്യമാണെന്ന് അഭിഭാഷകരെ കൊണ്ട് വാദിച്ച് റാണയ്ക്ക് പരോള്‍ വാങ്ങിച്ചു കൊടുത്തു. മെയ് 17 ന് പരോള്‍ കിട്ടി പുറത്തിറങ്ങിയ റാണയെ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ തട്ടുകയും ചെയ്തു.






