
ബറേലി: അസഹ്യമായ തലവേദനയുമായി ആശുപത്രിയില്‍ എത്തിയ രോഗിക്ക് വാര്‍ഡ് ബോയ് നിശ്ചയിച്ച ചികിത്സയാണ് ഉത്തര്‍പ്രദേശിലെ ബറേലി നിവാസികളെ ഞെട്ടിച്ചത്. സ്ട്രെക്ചറില്‍ കിടക്കുന്ന രോഗിയുടെ ചിത്രം ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിംഗ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
തലവേദനയാണെന്ന് പരാതിപ്പെട്ട രോഗിയെ സ്ട്രെക്ചറില്‍ കിടത്തി തലയ്ക്കടിയില്‍ ഇഷ്ടിക വെച്ച് ഉയര്ത്തിവയ്ക്കുകയായിരുന്നു. ഈ 'ചികിത്സ' നിര്‍ദേശിച്ച വാര്‍ഡ് ബോയ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. മതിയായ ചികിത്സ കിട്ടാതെ രോഗിയാകട്ടെ വൈകാതെ മരണമടയുകയും ചെയ്തു.
ബറേലിയിലെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തിങ്കാളാഴ്ച രാവിലെയാണ് നജീമുദ്ദീന് അന്‍സാരി (42) എന്ന രോഗിയെ പ്രവേശിപ്പിച്ചത്. ഇയാളുടെ തലയ്ക്ക് മുറിവേറ്റിരുന്നു. എക്സ്റേ എടുത്തശേഷം സ്ട്രെക്ചറില്‍ അതയാഹിത വാര്‍ഡിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാര്‍ഡ് ബോയ് രോഗിയുടെ തലയ്ക്കടിയില്‍ വഴിയില്‍ കിടുന്ന ഇഷ്ടിക എടുത്തുവച്ചത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്നും ഇമെയില്‍ സന്ദേശം ലഭിച്ചതായും അന്വേഷണത്തിന് രണ്ട് ഡോക്ടര്‍മാരെ നിയോഗിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.






