
തൃശൂര്‍: രാഷ്‌ട്രീയ വിയോജിപ്പുമൂലം പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി മുമ്പു നരേന്ദ്രമോദിയെ ആലിംഗനം ചെയ്‌തതിനെ പരിഹസിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി.
'പിണറായിയെ രാഹുല്‍ ആലിംഗനം ചെയ്യണമെന്നു പറയില്ല. ആലിംഗനവും സ്‌നേഹവും ഉള്ളില്‍നിന്നു വരുന്ന കാര്യങ്ങളാണ്. സംസ്‌ഥാനങ്ങളിലെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യം പരിഗണിച്ച് പലപ്പോഴും ഇന്ത്യ ബ്ലോക്കിലെ പാര്‍ട്ടികള്‍ പരസ്‌പരം എതിരിടേണ്ടിവരുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, രാഷ്‌ട്രീയമര്യാദയും അന്തസും പാലിച്ചുവേണം അഖിലേന്ത്യാ നേതൃത്വത്തിലുള്ളവര്‍ വിമര്‍ശനം നടത്താന്‍. കേരളത്തില്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും രാഷ്‌്ട്രീയമായും പ്രത്യയശാസ്‌ത്രപരമായും നേരിടാന്‍ സി.പി.എമ്മിനോളം പൊരുതിയിട്ടുള്ള പാര്‍ട്ടിയില്ല. സി.പി.എം- ബി.ജെ.പി. ഡീല്‍ അടിസ്‌ഥാനരഹിതമായ ആരോപണമാണ്. ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ഗൗരവമുള്ളതും കെട്ടിച്ചമയ്‌ക്കാത്തതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ഇന്ത്യാ കൂട്ടായ്‌മ യോഗത്തില്‍ ഡി.എം.കെയോടുള്ള സമീപനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടു വ്യക്‌തമായിരുന്നില്ല. ഡി.എം.കെ. മുന്നണിയുടെ ഭാഗമായാണു കോണ്‍ഗ്രസ് അഞ്ച് സീറ്റ് നേടിയത്.
രാജ്യസഭാ സീറ്റും കോണ്‍ഗ്രസ് നേടിയെടുത്തിരുന്നു. ഡി.എം.കെയുടെ വാത്സല്യവും പരിചരണവും പരിഗണനയും ആവോളം ആസ്വദിച്ചു. അധികാരത്തിന്റെ ആര്‍ത്തി ജനാധിപത്യ സംസ്‌കാരത്തിനു ഭൂഷണമല്ല. ഡി.എം.കെയെ അറിയിച്ചശേഷമാണു ടി.വി.കെയെ സി.പി.എം. പിന്തുണച്ചത്'-രാമനിലയത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.






