
തിരുവനന്തപുരം: ഐ.പി.എസ്. തലപ്പത്തെ അഴിച്ചുപണിയില്‍ ഡി.ജി.പി. ഉള്‍പ്പെടെ പോലീസ് ഉന്നതര്‍ അതൃപ്തിയില്‍. ഡി.ജി.പിയെ നോക്കുകുത്തിയാക്കിയാണ് നിര്‍ണായക തസ്തികകളില്‍ നിയമനം നടത്തിയതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഐ.ജിമാര്‍ ഉള്‍പ്പെടെ സംസ്ഥാന പോലീസ് മേധാവി റവഡാ എ. ചന്ദ്രശേഖറിനെ പരാതി അറിയിച്ചു.
പോലീസ് ആസ്ഥാനമറിയാതെ നടന്ന ഇളക്കിപ്രതിഷ്ഠയില്‍ യുവ ഐ.പി.എസുകാരും അമര്‍ഷത്തിലാണ്. എ.ഡി.ജി.പി. മുതല്‍ എസ്.പിമാര്‍ വരെ 30 മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. ഇതിനെതിരേ പോലീസില്‍ പുകയുന്ന അതൃപ്തി ഡി.ജി.പി. നേരിട്ട് ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ. ഹേമചന്ദ്രനെ അറിയിച്ചു.
ഐ.എ.എസുകാരുടെ സ്ഥലംമാറ്റം ചീഫ് സെക്രട്ടറി നല്കിയ ശിപാര്ശപ്രകാരമായിരുന്നു. എന്നാല്‍, പോലീസിലെ അഴിച്ചുപണി ഡി.ജി.പിയെ അറിയിച്ചില്ലെന്നാണ് ആക്ഷേപം. എസ്.പിമാരുടെ സ്ഥലംമാറ്റത്തില്‍ ഡയറക്റ്റ് ഐ.പി.എസുകാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. മാറ്റപ്പെട്ട നാല് ജില്ലാ പോലീസ് മേധാവിമാര്‍ക്കു പകരം നിയമനം നല്‍കിയില്ല. ഡയറക്റ്റ് ഐ.പി.എസുകാര്‍ തങ്ങളെ 'ജപ്പാന് ഐ.പി.എസുകാര്‍' എന്നു വിളിച്ച് പരിഹസിക്കുന്നതായും കണ്‍ഫേഡ് ഐ.പി.എസുകാര്‍ പരാതിപ്പെട്ടു. പോലീസില്‍ തങ്ങളുടെയത്ര പ്രവര്‍ത്തനപാരമ്പര്യം ഐ.പി.എസ്. പരീക്ഷ പാസായി എത്തിയവര്ക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഹിമേന്ദ്രനാഥിനും കാര്‍ത്തിക്കിനും വീണ്ടും മാറ്റം?
റേഞ്ച് ഡി.ഐ.ജിമാരുടെ സ്ഥലംമാറ്റത്തില്‍ പുനഃക്രമീകരണവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായി നിയമിതനായ ടി. നാരായണന് തൃശൂരില്‍നിന്ന് കണ്ണൂരിലേക്കു പോകാനുള്ള വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇത് കണക്കിലെടുത്ത് നാരായണനെ തൃശൂരില്‍ നിലനിര്‍ത്തി, തിരുവനന്തപുരം ഡി.ഐ.ജി: ഡോ.ജെ. ഹിമേന്ദ്രനാഥിനെ കണ്ണൂരിലേക്കും തിരുവനന്തപുരം കമ്മിഷണര്‍ ഡി.ഐ.ജി: കെ.കാര്‍ത്തിക്കിനെ തിരുവനന്തപുരം ഡി.ഐ.ജിയായും നിയമിക്കുന്നതു പരിഗണനയിലാണ്. മാറ്റപ്പെട്ട ജില്ലാ പോലീസ് മേധാവിമാരായ അരുണ്‍ പവിത്രന് , ജുവനപടി മഹേഷ്, ഷാഹുല്‍ ഹമീദ്, അജിത്കുമാര്‍ എന്നിവര്‍ക്ക് പുതിയ നിയമനം ഉടന്‍ നല്‍കും. എറണാകുളം ഡി.സി.പി: ഷഹന് ഷായെ തിരുവനന്തപുരത്തു നിയമിച്ചേക്കും.
മുന്‍സര്‍ക്കാര്‍ നിര്ണായകപദവികളില്നിന്നു മാറ്റിനിര്‍ത്തിയിരുന്ന ചില ഉദ്യോഗസ്ഥരെ പ്രധാനതസ്തികകളിലേക്കു കൊണ്ടുവന്ന നടപടി പരക്കേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനച്ചുമതലയിലേക്ക് എ.ഡി.ജി.പി: പി. വിജയനും ജയില്‍ മേധാവിയായി എസ്. ശ്രീജിത്തും ഇന്റലിജന്‍സ് മേധാവിയായി ദിനേന്ദ്ര കശ്യപും നിയമിക്കപ്പെട്ടതാണ് അതില്‍ പ്രധാനം.
ജൂനിയര്‍, സീനിയര്‍ തര്‍ക്കവും!
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ പിടികൂടിയതിന്റെ പേരില്‍ മുന്‍സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന എന്‍.ഐ.എ. മുന്‍ എസ്.പി: എ.പി. ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി കമ്മിഷണറാക്കിയതു യു.ഡി.എഫിന്റെ രാഷ്ട്രീയതീരുമാനമായി വിലയിരുത്തപ്പെടുന്നു. സീനിയറായി ഡി.സി.പി. പഥം സിങ്ങുള്ള കോഴിക്കോട്ടേക്ക് ജൂനിയറായ ഷൗക്കത്തലിയെ നിയമിച്ചതു കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സീനിയറായ എസ്.പി. മെറിന് ജോസഫിനെ കോഴിക്കോട് റൂറലിലേക്ക് മാറ്റിയതും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
എന്നാല്‍ ഭരണപരമായ സൗകര്യം കണക്കിലെടുത്ത് മുമ്പും ഇത്തരം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്‍സര്‍ക്കാരിന്റെ കാലത്ത് മെറിനെ കൊല്ലം കമ്മിഷണറാക്കിയപ്പോള്, സീനിയര്‍ ഉദ്യോഗസ്ഥന് എസ്. ഹരിശങ്കറിനെ കൊല്ലം റൂറല്‍ എസ്.പിയായാണ് നിയമിച്ചത്.
വയനാട്, കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ജൂനിയര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥരെ നിയമിച്ച് മൂന്നുമാസം തികയുന്നതിനു മുമ്പാണ് അടുത്ത അഴിച്ചുപണി. ഒരു ജില്ലയില്‍ ക്രമസമാധാനച്ചുമതല നല്കിയാല് കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദിനെ മാറ്റിയതും വിവാദമായി. ഉത്തരമേഖലാ ഐ.ജിയായി യോഗ്യരായ ആരെയും കണ്ടെത്താന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ല. നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച ഐ.ജി: പി. പ്രകാശ് വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയേല്ക്കാനാവില്ലെന്ന് അറിയിച്ചു. പകരം പുട്ട വിമലാദിത്യയെ ഉത്തരമേഖലയില്‍ നിയമിച്ചേക്കും. ദക്ഷിണമേഖലാ ഐ.ജി: ജി. സ്പര്‍ജന്‍ കുമാറിനു മാറ്റമില്ല.
എസ്. നാരായണന്






