
ന്യൂഡല്‍ഹി: അരുണാചലിലെ കൊടുംകാട്ടില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ മലയാളി ഉള്‍പ്പെടെയുള്ള രണ്ടു പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അച്ചുദേവ്, സഹ പൈലറ്റ് ദിവവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ അരുണാചല്‍ അതിര്‍ത്തിയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും തന്നെയാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എപ്പോള്‍ എത്തിക്കുമെന്ന് വ്യക്തമായിട്ടില്ല.
കണ്ടെത്തിയതായി ഇന്നലെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ തെരച്ചിലിനിടെ ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തിയതായിട്ടാണ് വിവരം. കൊടും വനത്തില്‍ ശക്തമായ മഴ മൂലം തെരച്ചില്‍ ദുഷ്ക്കരമായിരുന്നു. ഈ മാസം 23 നാണ് തേസ്പൂരിലെ വ്യോമത്താവളത്തില്‍ നിന്നും പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെ വിമാനം കാണാതായത്. പരീക്ഷണ പറക്കലിനിടയില്‍ അരുണാചല്‍ പ്രദേശിന്റെയും അസമിന്റെയും അതിര്‍ത്തിയായ കൊടും കാട്ടില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ചെങ്കുത്തായ മലഞ്ചെരുവില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നെന്നാണ് നിഗമനം.
നേരത്തേ വിമാനത്തിന്റെ ബ്ളാക്ക് ബോക്സും മറ്റും കണ്ടെത്തിയരുന്നു. പറന്നുയര്‍ന്ന് 30 മിനിറ്റിനകം വിമാനം തകര്‍ന്നെന്നാണ് വിവരം. സ്ഥലത്തു നിന്നും രക്തം പുരണ്ട ഷൂസ്, ഹെല്‍മറ്റ്, ഒരു നെയിംടാഗ് എന്നിവ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂര്‍ക്കളം സ്വദേശിയാണ് അച്ചുദേവ്. നാലു ദിവസമായി പൈലറ്റുമാര്‍ക്ക് വേണ്ടി സൈന്യം ശക്തമായ തെരച്ചിലിലായിരുന്നു.






