
ആലപ്പുഴ: തനിക്കെതിരെ സിപിഐഎം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. പ്രതിഷേധങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ഭരണമാറ്റം ഇവിടെ പൊലീസിന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു പൊലീസുകാരന്റെയും ആനുകൂല്യം തനിക്ക് ആവശ്യമില്ലെന്നും പൊലീസ് ആരോടും മമതയോ വിരോധമോ കാണിക്കാതെ നിയമാനുസൃതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ 20 വർഷം എംഎൽഎ ആയിരുന്നു. ഇപ്പോൾ 21-ാം വർഷമാണ്. ആലപ്പുഴ നഗരസഭയിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. ജനങ്ങൾക്ക് പ്രതികൂലമായ ഒരു നടപടിയും ഞാൻ സ്വീകരിച്ചിട്ടില്ല. പിന്നെന്തിനാണ് എന്റെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്? പൊലീസുകാർ അതിന് കൂട്ടുനിന്നു. ഭരണം മാറിയ കാര്യം ഇവിടുത്തെ പൊലീസ് അറിഞ്ഞിട്ടില്ല. പൊലീസ് ആരോടും മമതയോ വിരോധമോ കാണിക്കാതെ സ്വന്തം ജോലി ചെയ്യണം. എനിക്ക് ഒരു പൊലീസുകാരന്റെയും ആനുകൂല്യം വേണ്ട. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഒരിക്കലും പൊലീസിനെ വിളിച്ചിട്ടില്ല," ജി. സുധാകരൻ പറഞ്ഞു.
തന്നെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. "നിങ്ങളാണ് എനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചത്. എനിക്ക് 22,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അത് പറഞ്ഞപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചില്ലേയെന്നായിരുന്നു മറുപടി. എന്നാൽ അവിടെയും ഇവിടെയും ഒരേ വോട്ടർമാരല്ല. ഓരോ മണ്ഡലത്തിനും അതിന്റേതായ രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്. മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള മേഖലയാണ് അത്," അദ്ദേഹം പറഞ്ഞു.
നീർക്കുന്നം സ്കൂളിൽ നടന്ന വാക്കുതർക്കത്തിനിടെയാണ് ഒരു സിപിഐഎം പ്രവർത്തകൻ ജി. സുധാകരന്റെ ഭൂരിപക്ഷത്തെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്തത്.






