
എട്ടുമാസം മുമ്പ്, മഹിളാകോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് ഞാനും സംസ്ഥാന വൈസ് പ്രസിഡന്റായ ഫാത്തിമ റോസ്നയും ഡല്‍ഹിയിലെത്തിയത്. താമസം കേരള ഹൗസിലായിരുന്നു. തൊട്ടടുത്താണ് എ.കെ.ആന്റണി സാര്‍ താമസിക്കുന്നത്.
അദ്ദേഹത്തെ കണ്ടതിനുശേഷം മീറ്റിംഗിന് പോകാമെന്ന് കരുതി ഞാനും ഫാത്തിമയും അതിരാവിലെ നടക്കാനിറങ്ങി. പെട്ടെന്നാണ് ഫാത്തിമ റോഡരികിലേക്ക് വിരല്‍ചൂണ്ടിയത്. മേല്ക്കൂരയൊക്കെയുള്ള ഒരു ഉന്തുവണ്ടി. അതിലിരുന്ന് ഒരു കൊച്ചുകുട്ടിയും ഒരു തെരുവുപട്ടിയും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു.
എനിക്കെന്തോ അസ്വസ്ഥത തോന്നി. കുട്ടിക്ക് ആറോ ഏഴോ വയസ്സ് കാണും. ഒരു വലിയ സമൂസയുടെ പകുതിഭാഗം പട്ടിയുടെ വായിലാണ്. കുട്ടിയാകട്ടെ ആര്‍ത്തിയോടെ അത് പിടിച്ചുവലിച്ച് വാങ്ങി കഴിക്കുന്നു. പ്ലേറ്റില്‍ ഒരു സമൂസ കൂടി ബാക്കിയുണ്ട്. പിന്നീട് അതിനുവേണ്ടിയുള്ള പിടിവലിയായി. കഷ്ടം തോന്നി.
പണ്ടൊക്കെ കേരളത്തിലുമുണ്ടായിരുന്നു, ഇത്തരം കാഴ്ചകള്‍. എച്ചില്ക്കൂനയില്നിന്ന് പട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന കുരുന്നുകളെ പത്രത്തില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായി നേരില്‍ കാണുകയാണ്. അതും ഡല്‍ഹി പോലുള്ള ഒരു മെട്രോ നഗരത്തിന്റെ കണ്ണായ സ്ഥലത്ത്.
പട്ടി കടിക്കുമോ എന്ന ഭയമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ഞാനും ഫാത്തിമയും ഉന്തുവണ്ടിക്കരികിലേക്കു ചെന്നു. ഞങ്ങളെ കണ്ടപ്പോള്‍ കുട്ടി കൈയിലുള്ള സമൂസയുടെ കഷണം എടുത്തുനീട്ടി.
പക്ഷേ മുരണ്ടുകൊണ്ട് പട്ടിയത് തട്ടിപ്പറിച്ചു. ഒരു നിമിഷം ഞങ്ങളാകെ പേടിച്ചുപോയി. ഒട്ടിയ വയര്‍ കണ്ടാലറിയാം, അവന് അടുത്ത ദിവസങ്ങളിലൊന്നും ഭക്ഷണം കഴിച്ച ലക്ഷണമില്ല. എങ്കിലും ഞാന്‍ അവനോട് ഹിന്ദിയില്‍ ചോദിച്ചു.
''രാവിലെ വേറെ ഭക്ഷണമൊന്നും കഴിച്ചില്ലേ?''
ഇല്ലെന്ന അര്‍ഥത്തില്‍ അവന് കണ്ണിറുക്കി. എനിക്ക് വല്ലാത്ത സങ്കടംതോന്നി. ഞാന്‍ ബാഗില്‍നിന്നും നൂറുരൂപ നോട്ടെടുത്ത് ആ കുട്ടിക്ക് നല്കി.
''ഏതെങ്കിലും ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങിച്ച് കഴിക്ക്.''
നോട്ട് കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വിടര്‍ന്നു. പുഴുപ്പല്ല് കാണിച്ച് വെളുക്കെച്ചിരിച്ചു. ഞങ്ങള്‍ പതുക്കെ നടക്കാന്‍ തുടങ്ങിയപ്പോഴേക്കും, പെട്ടെന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടു. മേല്ക്കൂരയ്ക്കകത്തുനിന്നും വലിയൊരു മനുഷ്യന് ഇറങ്ങിവരുന്നതാണ് കണ്ടത്.
കുട്ടിയില്‍ നിന്നും നൂറുരൂപയുടെ നോട്ട് വാങ്ങിച്ച് അയാള്‍ പോക്കറ്റിലേക്കിട്ടു. കുട്ടിയാകട്ടെ ഞങ്ങളെ നോക്കി ഉച്ചത്തില്‍ കരഞ്ഞു. ആ അവസ്ഥയില്‍ എന്തുചെയ്യണമെന്നുപോലും ഞങ്ങള്‍ക്കറിയില്ല.
ആ മനുഷ്യന് കുട്ടിയുടെ ആരാണ്? എന്തിനാണ് അയാള്‍ കുട്ടിയെ പട്ടിക്കൊപ്പം വിട്ടുകൊടുത്ത് മേല്ക്കൂരയിലൊളിച്ചത്? ഉത്തരം കിട്ടാത്ത ഇത്തരം സംശയങ്ങള്‍ ഞങ്ങള്‍ പരസ്പരം ചോദിച്ചുകൊണ്ടാണ് ആന്റണി സാറിന്റെ വീട്ടിലേക്ക് കയറിച്ചെന്നത്. അന്ന് മീറ്റിംഗ് കഴിഞ്ഞ് എയര്‍പോര്‍ട്ടിലെത്തിയിട്ടും എനിക്കാ കുഞ്ഞുമുഖം മറക്കാന്‍ കഴിഞ്ഞില്ല.
നിഷ്കളങ്കതയുടെ മുഖമാണ് കുട്ടികള്‍ക്ക്. അവര്‍ വിശന്നുകരയുന്നത് സഹിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും അമ്മമാര്‍ക്ക്. അത്തരം കാഴ്ചകള്‍ ഒരിക്കലും കാണാനിടവരരുതേയെന്നാണ് എന്റെ പ്രാര്‍ഥന.






