ചെന്നൈ: നടന് അജിത്തിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു. വിവേഗം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അജിത്തിന് പരുക്കേറ്റത്. സിനിമയിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. സ്റ്റണ്ടിനായി ഡ്യൂപ്പിനെ ഉപയോഗിക്കാമായിരുന്നെങ്കിലും അജിത്ത് ഇത് നിരസിക്കുകയായിരുന്നു. താരത്തിന്റെ ഉരത്തിനാണ് പരുക്കേറ്റത്.
താരത്തിന് പ്രാഥമിക ചികിത്സ നല്കിയ ശേഷം കുറച്ച് സമയം വിശ്രമം നിര്‍ദ്ദേശിച്ചു. പരുക്ക് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിടരുതെന്ന് അജിത് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും യൂണിറ്റില്‍ നിന്നു തന്നെയാണ് അപകട വാര്‍ത്ത പുറത്ത് വന്നത്. നേരത്തെയും ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റിട്ടുണ്ട്. വേതാളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരുക്കേറ്റ അജിത്തിന് എട്ട് മാസത്തോളം വിശ്രമിക്കേണ്ടി വന്നിരുന്നു.
വേതാളത്തിന്റെ സെറ്റില്‍ വച്ചുണ്ടായ പരുക്കിനെ തുടര്‍ന്ന് അജിത്തിന് ചെറിയ ശസ്ത്രക്രിയയും വേണ്ടി വന്നിരുന്നു. വിവേഗത്തിന്റെ അവസാനഘട്ട ചിത്രീകരണം യൂറോപ്പില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന വിവേഗത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്, വിവേക് ഒബ്റോയി തുടങ്ങിവരാണ് മറ്റ് താരങ്ങള്‍.






