
തൃശൂര്‍: കളിയരങ്ങില്‍ ധര്‍മരാജനായി കാണികളുടെ മനം കവര്‍ന്ന് കലാമണ്ഡലം ഗോപി. ഗോപിയാശാന്റെ 80-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം കിര്‍മീരവധ'ത്തിലെ ധര്‍മരാജനായി റീജണല്‍ തീയറ്ററിലെ അരങ്ങിലെത്തിയത്. ഗോപിയാശാന്റെ കലാജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന പ്രഗത്ഭര്‍ കൂട്ടുവേഷക്കാരായെത്തിയത് കാണികള്‍ക്ക് ഇരട്ടിമധുരമായി.
പാഞ്ചാലിയായി കലാമണ്ഡലം കെ.ജി. വാസുദേവനും ധൗമ്യനായി കലാമണ്ഡലം കുട്ടനും സൂര്യനായി കലാമണ്ഡലം മുരളീധരന്‍നായരും ശ്രീകൃഷ്ണനായി വാഴേങ്കട വിജയനും സുദര്ശനായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുമാണു ഗോപിയാശാനൊപ്പം അരങ്ങിലെത്തിയത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അനുഗ്രഹം വാങ്ങിയായിരുന്നു രംഗപ്രവേശം. പെരുവനം കുട്ടന്മാരാരുടെയും പെരുവനം ഹരിദാസിന്റെയും മണിയാംപറമ്പില്‍ മണിനായരുടെയും കേളികൊട്ടോടെ പിറന്നാളാഘോഷപരിപാടികള്ക്കു തുടക്കം കുറിച്ചു.
മറ്റന്നാളാണു പിറന്നാള്‍. സമാദരണസദസ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്, സംഗീത നാടക അക്കാഡമി അധ്യക്ഷ കെ.പി.എ.സി. ലളിത, സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍, കേരള കലാമണ്ഡലം െവെസ് ചാന്‍സലര്‍ എം.സി. ദിലീപ്കുമാര്, ഉണ്ണായിവാര്യര്‍ കലാനിലയം പ്രസിഡന്റ് കാളത്ത് രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്നു രാവിലെ നടക്കുന്ന ബഹുമതി സമര്പ്പണസദസ് എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. നാലുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളില്‍ കലാസാംസ്കാരിക-രാഷ്ട്രീയ-സാമൂഹികരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
അശീതിപ്രണാമം, സാംസ്കാരികസംവാദം, പുസ്തകപ്രകാശനം, സൗഹൃദസംഗമം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. നാലിനു പിറന്നാള്‍ദിനത്തില്‍ നടക്കുന്ന പരിപാടികള്‍ മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. നാളെ ലുലു കണ്വെന്ഷന് സെന്ററില്‍ നടന് മോഹന്‍ലാല്‍ ഗോപിയുമായി അഭിമുഖം നടത്തും. കലയുടെ പൂര്‍ണതയ്ക്കായി ജീവിതസമര്‍പ്പണം നടത്തിയ നായകപ്പെരുമയ്ക്കു പ്രണാമമര്‍പ്പിക്കാന്‍ 'ഹരിതം' എന്ന പേരില്‍ വിപുലമായ ആഘോഷപരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്.






