
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗില്‍ മത്സരം തുടങ്ങുകയും ഇന്ത്യന്‍ പരിശീകനാകാന്‍ ബിസിസിഐ ക്ഷണിച്ച അപേക്ഷയുടെ കാലാവധി കഴിയുകയും ചെയ്ത സാഹചര്യത്തില്‍ ഇനിയറിയേണ്ടത് ടീം ഇന്ത്യയുടെ പരിശീലകനാരെന്നാണ്. ബിസിസിഐയുടെ ഡെഡ്ലൈന് മെയ് 31 ന് അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ മുന്‍ ബാറ്റ്സ്മാന് വീരേന്ദര്‍ സെവാഗും ഓസ്ട്രേലിയക്കാരന് ടോം മൂഡിയും ഉള്‍പ്പെടെ ആറ് പേരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും സച്ചിന്, ഗാംഗുലി, ലക്ഷ്മണ് എന്നിവര്‍ ഉള്‍പ്പെട്ട ഉപദേശക സമിതിയെ പരിശീലകനെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ ഏല്‍പ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ഏറ്റവും മികച്ച പരിശീലകരിലേക്ക് ഉയരുന്ന അനില്‍ കുംബ്ളേയും നായകന് വിരാട് കോഹ്ലിയും തമ്മിലുള്ള പോരാണ് പുതിയ പരിശീലകനെ തേടുന്നതിലേക്ക് ബിസിസസിഐ യെ നയിച്ചിരിക്കുന്നത്. താല്‍ക്കാലിക പരിശീലകനായി ചുമതലയേറ്റ കുംബ്ളേയ്ക്ക് കീഴില്‍ ടീം ഇന്ത്യ കളിച്ച 17 ടെസ്റ്റുകളില്‍ 12 ലും ജയിക്കുകയായിരുന്നു. ഒരെണ്ണത്തില്‍ മാത്രം തോറ്റു. കുംബ്ളേയുടെ കാലാവധി നീട്ടി നല്കാന് ബിസിസിഐ ആലോചിച്ചുകൊണ്ടിരിക്കെയായിരുന്നു പ്രശ്നം ഉടലെടുത്തത്. നിലവില്‍ സച്ചിനും ലക്ഷ്മണും ഇംഗ്ളണ്ടില്‍ ചാമ്പ്യന്‍സ് ലീഗിലെ ടീമിനൊപ്പമാണ്. നാട്ടിലുള്ള ഗാംഗുലി കോച്ചിനെ തെരഞ്ഞെടുക്കുന്ന നടപടിയെടുക്കും.
കുംബ്ളേയുടെ കാലാവധി നീട്ടുക എന്ന ആലോചനയ്ക്ക് അപ്പുറത്ത് സെവാഗിനും ടോം മൂഡിക്കും പുറമേ മുന്‍ ബംഗ്ളാദേശ് പാക് പരിശീലകനും നിലവില്‍ വെസ്റ്റിന്‍ഡീസ് ടീം ഡയറക്ടറുമായ റിച്ചാര്‍ഡ് പൈബസ്, മുന്‍ ഇന്ത്യന്‍ പേസര്‍ ദോഡാ ഗണേശ്, ഇന്ത്യന്‍ എ ടീമിന്റെ മുന്‍ പരിശീലകന് ലാല്‍ ചന്ദ് രജപുത്ത് എന്നിവരാണ് കാലാവധി അവസാനിക്കും മുമ്പ് പരിശീലകനാകാന്‍ അപേക്ഷിച്ചിട്ടുള്ള മറ്റുള്ളവര്‍. പക്ഷേ ഏറ്റവും വലിയ കൗതുകം വിരാട് കോഹ്ലിയുടെ ഏറ്റവും വലിയ അടുപ്പക്കാരനായ രവിശാസ്ത്രി അപേക്ഷിച്ചിട്ടില്ല എന്നതാണ്.






