
സൂറിച്ച്: രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ 'ഫിഫ' പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ വിവാദ നടപടികളില്‍ ഫുട്‌ബോള്‍ ലോകം രണ്ടുതട്ടില്‍. യുവേഫയും ഇംഗ്ലണ്ടും ഉള്‍പ്പെടെ ഇന്‍ഫാന്റിനോയെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ പരസ്യപിന്തുണ നല്‍കുന്നത് ആറ് അസോസിയേഷനുകള്‍.
ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് പദ്ധതിയാണ് രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയുടെ തലപ്പത്ത് ഇന്‍ഫാന്റിനോയുടെ ഭാവി തുലാസിലാക്കിയത്. ഫിഫ മത്സരങ്ങളുടെ മേല്‍നോട്ടം വഹിക്കാനും പുരുഷ-വനിതാ ലോകകപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാനും ലക്ഷ്യമിട്ടാണ് ഇന്‍ഫാന്റിനോ 'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' എന്ന വാണിജ്യ സ്‌ഥാപനം സ്‌ഥാപിക്കാനുള്ള പദ്ധതി തയാറാക്കിയത്.
യുവേഫ ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ പദ്ധതി ഉപേക്ഷിക്കാന്‍ ഫിഫ നിര്‍ബന്ധിതരായി. ഇത് ഫുട്‌ബോള്‍ സംഘടനയിലെ 'കരുത്തനെ' ദുര്‍ബലനാക്കി. അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ സര്‍വസമ്മതനായി പ്രസിഡന്റ് സ്‌ഥാനത്ത് ഒരു ടേംകൂടിയെന്ന സ്വപ്‌നവും ഇതോടെ തുലാസിലായി.
ലോകഫുട്‌ബോളിലെ കരുത്തരായ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് ഇന്‍ഫാന്റിനോയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചു. യുവേഫയുടെ വിമര്‍ശനത്തിനൊപ്പം നിലകൊണ്ട ഇംഗ്ലീഷ് അസോസിയേഷന്‍, ഫിഫയുടെ ഭരണത്തില്‍ സമഗ്രമാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു.
ഫിഫ നേതൃത്വം, ഭരണസംവിധാനം എന്നിവയെക്കുറിച്ച് അവലോകനത്തിനുള്ള സമയമാണിതെന്ന് അവര്‍ തുറന്നടിച്ചു. 211 അംഗരാജ്യങ്ങളുടെയും നന്മയ്‌ക്കായി സുതാര്യത ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ഇംഗ്ലണ്ട് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
രാജ്യാന്തര ഫുട്‌ബോള്‍ സമൂഹത്തിനു ഫിഫ നേതൃത്വത്തിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നായിരുന്നു യുവേഫയുടെ പ്രതികരണം. വെയില്‍സ്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളും ഇന്‍ഫാന്റിനോയ്‌ക്കൊപ്പമില്ലെന്നു പരസ്യ നിലപാടു സ്വീകരിച്ചിട്ടുണ്ട്.
എതിര്‍പ്പുകള്‍ക്കിടയിലും പ്രസിഡന്റ്‌പദത്തിലേക്കുള്ള മത്സരത്തില്‍ ചില നിര്‍ണായകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്‍ഫാന്റിനോയ്‌ക്കായിട്ടുണ്ട്‌്. ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഭൂട്ടാന്‍, ശ്രീലങ്ക, ലെബനന്‍, കുവൈത്ത് എന്നീ ആറ് രാജ്യങ്ങള്‍ ഇന്‍ഫാന്റിനോയ്‌ക്ക് അനുകൂലമായി രംഗത്തുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലുമുള്ള പല ഫുട്‌ബോള്‍ അസോസിയേഷനുകളും ഇന്‍ഫാന്റിനോയ്‌ക്കൊപ്പമാണെന്ന സൂചനയാണ് നല്‍കുന്നത്. അതില്‍ മൊറോക്കോ, ഈജിപ്‌ത് തുടങ്ങിയ ഫെഡറേഷനുകള്‍ പരസ്യമായി തങ്ങളുടെ പിന്തുണ ഇന്‍ഫാന്റിനോയ്‌ക്കാണെന്നു റിപ്പോര്‍ട്ടുണ്ട്.
ഫിഫ നിയമപ്രകാരം, രഹസ്യബാലറ്റിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അടുത്തവര്‍ഷം മാര്‍ച്ചിലാണു തെരഞ്ഞെടുപ്പ്. ഭരണസമിതിയിലെ 211 അംഗ അസോസിയേഷനുകള്‍ക്കാണ് വോട്ടവകാശം. രണ്ടു സ്‌ഥാനാര്‍ഥികളാണ് മത്സരിക്കുന്നതെങ്കില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടുന്നയാള്‍ ജയിക്കും. അതായത് പ്രസിഡന്റ് സ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടാന്‍ കുറഞ്ഞത് 106 വോട്ട് ആവശ്യമാണെന്നു ചുരുക്കം.
2016-ല്‍ ആദ്യമായി ഫിഫ അധ്യക്ഷപദത്തിലെത്തിയ ഇന്‍ഫാന്റിനോയുടെ നിലവിലെ പ്രസിഡന്റ്‌പദം തെറിപ്പിക്കാന്‍ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അംഗരാജ്യങ്ങളില്‍ കുറഞ്ഞത് 20%, അതായത് 43 ദേശീയ അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നപക്ഷം അടിയന്തര ഫിഫ കോണ്‍ഗ്രസ് വിളിക്കാം. അത്തരമൊരു യോഗത്തില്‍ പ്രസിഡന്റിനെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയാല്‍ ഇന്‍ഫാന്റിനോയ്‌ക്കു പുറത്തേക്കുള്ള വഴിതുറക്കും.
സംഘടനയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണങ്ങളില്‍ ഫിഫയുടെ എത്തിക്‌സ് കമ്മിറ്റി നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയാലും പ്രസിഡന്റിനു സ്‌ഥാനമൊഴിയേണ്ടിവരും. പക്ഷേ, അത്തരമൊരു സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പു നടക്കുന്നപക്ഷം കോണ്‍കാകാഫ് പ്രസിഡന്റ് വിക്‌ടര്‍ മൊണ്ടാഗ്ലിയാനി, പാരീസ് സെയ്‌ന്റ് ജെര്‍മെയ്‌ന്‍ (പി.എസ്.ജി) പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി, ഫിഫ ജനറല്‍ സെക്രട്ടറി മത്തിയാസ് ഗ്രാഫ്‌സ്ട്രോം എന്നിവര്‍ ഇന്‍ഫാന്റിനോയുടെ എതിരാളികളായി പരിഗണിക്കപ്പെടുന്നുണ്ടെന്നും സൂചനയുണ്ട്. 2027 മുതല്‍ 2031 വരെയാണു പുതിയ പ്രസിഡന്റിന്റെ കാലാവധി.


Comments