
പാലാ: ബെല്‍ജിയത്തില്‍ നടക്കുന്ന പാരാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച സൂരജ് ബിജുവിന്റെ നേട്ടത്തില്‍ പാലാ മരിയസദനത്തിനും അഭിമാനം. ദേശീയടീമില്‍ ഇടംപിടിച്ച സൂരജ് പാലാ മരിയസദനത്തിലെ ലിസ്യു സദനം എന്ന കുട്ടികളുടെ ഭവനത്തിലാണ് പഠിച്ചു വളര്‍ന്നത്. സൂരജിന് ഇന്ന് വൈകിട്ട് അഞ്ചിന് മരിയ സദനത്തില്‍ അനുമോദനം നല്‍കും.
സംരക്ഷിക്കാന്‍ മറ്റാരുമില്ലാതിരുന്ന സൂരജിനെയും അച്‌ഛന്‍ ബിജുവിനെയും വനിതാ കമ്മിഷന്‍ മുന്‍അംഗമായ ഡോ. പ്രമീളാ ദേവിയും മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്‌ജിത് ജി മീനഭവനും ചേര്‍ന്നാണ് മരിയ സദനത്തില്‍ എത്തിച്ചത്. ഇടപ്പാടി സ്‌നേഹാരാം സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന സൂരജിന് പരിശീലനം നല്‍കിയിരുന്നത് അല്ലി എന്ന അധ്യാപികയായിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മരിയസദനത്തിലെ അന്തേവാസിയായ പിതാവിനെ ശുശ്രൂഷിച്ചും പഠനവും കായികപരിശീലനവും സൂരജ് ഒരുപോലെ മുന്നോട്ടുകൊണ്ടുപോയി. ഇത് ഒരു വ്യക്‌തിയുടെ വിജയം മാത്രമല്ല നിശ്‌ചയദാര്‍ഢ്യത്തിന്റെയും അധ്വാനത്തിന്റെയും പ്രത്യാശയുടെയും വിജയകഥ കൂടിയാണെന്ന് സന്തോഷ് മരിയസദനം മംഗളത്തോട് പറഞ്ഞു.
2026 ഫെബ്രുവരിയില്‍ പാരാ ഹോക്കി കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൂരജ്, ഹരിയാനയില്‍ നടന്ന ദേശീയ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. തുടര്‍ന്ന് ഫരീദാബാദ്, ഗ്വാളിയര്‍ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ആറോളം ദേശീയ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തു കഴിവ് തെളിയിച്ചു. പിന്നാലെയാണ് സൂരജിന് ലോകകപ്പിനുള്ള ദേശീയ ടീമിലേക്കു വിളിയെത്തിയത്. ഈമാസം ഒന്‍പതിന് സൂരജ് ഫരീദാബാദിലെ ദേശീയ പരിശീലന ക്യാമ്പിലേക്ക് യാത്രതിരിക്കും.


Comments