തിരുവനന്തപുരം: യുവപ്രതിഭകളുടെ പടയോട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് ലീഗി(കെ.സി.എല്‍)ന്റെ മൂന്നാം സീസണ്‍. ഭാവിവാഗ്‌ദാനങ്ങളായ ഒരുപിടി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ അണ്ടര്‍-19 ടീമംഗം മാനവ് കൃഷ്‌ണ, മുഹമ്മദ് ഈനാന്‍, കെ.ആര്‍. രോഹിത്, അമയ് മനോജ്, ജോബിന്‍ ജോബി എന്നിവരടങ്ങുന്ന 'കുട്ടിക്കൂട്ട'ത്തിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
ഇവരില്‍ നാലുപേര്‍ അണിനിരക്കുന്നത് തൃശൂര്‍ ടൈറ്റന്‍സ് നിരയിലാണ്. കെ.ആര്‍. രോഹിത് കഴിഞ്ഞ സീസണില്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. രോഹിത്തിനെ ലേലത്തിലൂടെ നിലനിര്‍ത്തിയ ടൈറ്റന്‍സ് മാനവ് കൃഷ്‌ണയെയും മുഹമ്മദ് ഈനാനെയും അമയ് മനോജിനെയും പുതുതായി ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടു മത്സരത്തില്‍ മാത്രമാണ് രോഹിത് കളത്തിലിറങ്ങിയത്. ഇതിലൊന്നില്‍ താരം 30 റണ്‍ നേടി. അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള മികവാണ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായ രോഹിതിനെ വ്യത്യസ്‌തനാക്കുന്നത്. 16-ാ വയസില്‍ കേരളത്തിന് വേണ്ടി അണ്ടര്‍-19 തലത്തില്‍ അരങ്ങേറ്റം കുറിച്ച രോഹിത് തൃപ്പൂണിത്തുറ സ്വദേശിയാണ്. കഴിഞ്ഞ സീസണിലെ എന്‍.എസ്.കെ. ട്രോഫിയില്‍ 10 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സ് നേടിയ രോഹിത് ഫൈനലിലെ താരമായിരുന്നു.കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ അണ്ടര്‍ 19 ടീമിന്റെ ക്യാപ്‌റ്റനായിരുന്നു മാനവ് കൃഷ്‌ണ. രണ്ട് സെഞ്ചുറികളടക്കം സീസണിലുടനീളം കാഴ്‌ചവച്ച മികവാണ് ദേശീയ അണ്ടര്‍ 19 ടീമിലേക്ക് വഴിതുറന്നത്. കഴിഞ്ഞ രഞ്‌ജിസീസണില്‍ കേരളത്തിന് വേണ്ടി സീനിയര്‍ തലത്തിലും മാനവ് അരങ്ങേറ്റം കുറിച്ചു. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലും സെഞ്ചുറി നേടി ശ്രദ്ധേയനായി. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്ന മാനവ് പുതിയ സീസണില്‍ തൃശൂരിന് മുതല്‍ക്കൂട്ടാകും.മാനവിനെപ്പോലെ ദേശീയ അണ്ടര്‍ 19 ടീമിലെ മലയാളി സാന്നിധ്യമാണ് മുഹമ്മദ് ഈനാന്‍. ദുബായിയില്‍ പാകിസ്‌താന്‍ ഇതിഹാസതാരം സഖ്‌ലെയ്‌ന്‍ മുഷ്‌താഖിന് കീഴില്‍ സ്‌പിന്‍ ബൗളിങ്ങിന്റെ ആദ്യ പാഠങ്ങള്‍ സ്വന്തമാക്കിയ താരം പിന്നീട് നാട്ടിലെത്തി ജൂനിയര്‍ ക്രിക്കറ്റിലൂടെ ശ്രദ്ധേയനായി. വേഗത്തിലുള്ള ആക്ഷനും ഗൂഗ്ലികള്‍ എറിയാനുള്ള കഴിവുമാണ് മുഹമ്മദ് ഈനാനെ വ്യത്യസ്‌തനാക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി തിളങ്ങിയ ഈനാന്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും അംഗമായിരുന്നു. ബാറ്റിങ്ങിലും മികവ് പുലര്‍ത്തുന്ന താരം കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 74 പന്തില്‍ 105 റണ്‍സ് നേടി ശ്രദ്ധേയനായിരുന്നു. ഈനാന്റെ ഓള്‍റൗണ്ട് മികവിലാണ് തൃശൂരിന്റെ പ്രതീക്ഷകള്‍. കഴിഞ്ഞ അണ്ടര്‍ 19 സീസണില്‍ കേരളത്തിന് വേണ്ടി ഏറ്റവുമധികം സ്‌ഥിരത പുലര്‍ത്തിയ ബാറ്റര്‍മാരില്‍ ഒരാളാണ് അമയ് മനോജ്. പഞ്ചാബിനെതിരായ മത്സരത്തിലെ സെഞ്ചുറിയുള്‍പ്പെടെ പലകളികളിലും അമയ് ടീമിന്റെ രക്ഷകനായി. കഴിഞ്ഞ മാസം നടന്ന സീചെം ട്രോഫിയിലും സെഞ്ചുറി നേടിയ അമയ് ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബൗളിങ്ങിലും മികവ് പുലര്‍ത്തുന്ന അമയ് ബി.സി.സി.ഐയുടെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് അണ്ടര്‍ 19 ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കെ.സി.എലില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കളിക്കാനൊരുങ്ങുന്ന ജോബിന്‍ ജോബിയാണ് ശ്രദ്ധേയനായ മറ്റൊരു യുവതാരം. കൂറ്റനടികളിലൂടെ ആദ്യ സീസണില്‍ കൊച്ചി ബ്ലൂടൈഗേഴ്‌സിനു വേണ്ടി താരം തിളങ്ങി. കഴിഞ്ഞ സീസണില്‍ ഫാസ്‌റ്റ് ബൗളറെന്ന നിലയിലും മികവ് പുലര്‍ത്തി. ഓള്‍റൗണ്ടറെന്ന നിലയില്‍ ജോബിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു കഴിഞ്ഞ കുച്ച് ബെഹാര്‍ ട്രോഫിയിലെ പ്രകടനം. ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ സെഞ്ചുറിയും അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഈ മികവ് കെ.സി.എലിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കൊച്ചിക്കായി കളത്തിലിറങ്ങുന്ന ജോബിന്‍.
ജി. അരുണ്‍



Comments