
ചെന്നൈ : ബീഫ് ഫെസ്റ്റിവലില്‍ മലയാളി വിദ്യാര്‍ത്ഥി സൂരജിന് മര്‍ദ്ദനമേറ്റ സംഭവം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. മര്‍ദ്ദനമേറ്റ സൂരജിന്റെ വലതുകണ്ണിന് രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഇതുവരെയും സൂരജിനെ മര്‍ദ്ദിച്ച മനീഷ് കുമാര്‍ സിങ് എന്നയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
ആശുപത്രിയില്‍ തുടരുന്ന സൂരജിനെ ഐഐടി അധികൃതര്‍ ആരും ഇനിയും സന്ദര്‍ശിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ഭയം തന്നെ അലട്ടുന്നുണ്ടെന്നും നിര്‍ണ്ണായകമായ പലകാര്യങ്ങളും വിട്ടു കളഞ്ഞുകൊണ്ടാണ് പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയതെന്നും ആശുപത്രിയി നിന്നും ഷൂട്ട് ചെയ്ത ഒരു ഫേസ്ബുക്ക് വീഡിയോയില്‍ സൂരജ് വ്യക്തമാക്കിയിട്ടുണ്ട്.
ഐഐടിയിലെ വെജിറ്റേറിയന്‍ മെസ്സില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് മനീഷ് തന്റെ അടുത്തേയ്ക്ക് വന്നതെന്ന് സൂരജ് പറയുന്നു. അതിന് മുന്‍പ് അയളെ തനിക്ക് അറിയില്ലായിരുന്നു. തന്റെ അടുത്തു വന്നിരുന്ന് തന്നെ കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു. ഇതിനിടെയാണ് ബീഫ് കഴിക്കുമോ എന്ന് ചോദിച്ചതും കഴിക്കുമെന്ന് താന്‍ മറുപടി നല്കിയതും. പീന്നീട് ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നോ എന്ന് ചോദിച്ചുകൊണ്ട് പ്രകോപിതനായ മനീഷ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തന്റെ തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു. തടുത്തപ്പോള്‍ മുടിക്ക് പിടിച്ച് ചുമരില്‍ തല ഇടിപ്പിച്ചു. തനിക്കു നേരെ നടന്ന എല്ലാ നീക്കങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും സൂരജ് പറയുന്നു.






