
തൃശൂര്‍ഃ ഒട്ടേറെ അരങ്ങുകളില്‍ ഭീമനായി പകര്‍ന്നാടിയ കലാമണ്ഡലം ഗോപിയെന്ന കഥകളിയിലെ സൂപ്പര്‍ താരവും എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യത്തില് ഭീമനെ അവതരിപ്പിക്കാനൊരുങ്ങുന്ന വെള്ളിത്തിരയിലെ സൂപ്പര്‍ താരം മോഹന്‍ലാലും ഇന്നു നേര്‍ക്കുനേര്‍.
ഗോപിയാശാന്റെ 80-ാം പിറന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് അദ്ദേഹവുമായി അഭിമുഖ സംഭാഷണത്തിനാണു മോഹന്‍ലാല്‍ തൃശൂരിലെത്തുന്നത്. ലുലു ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ സമാദരണച്ചടങ്ങ് അക്ഷരാര്‍ഥത്തില്‍ നടനവിസ്മയങ്ങളുടെ ഒത്തുചേരലാകും.
രണ്ടാമൂഴത്തെ ആസ്പദമാക്കി, 1000 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന മഹാഭാരതം സിനിമയുടെ നിര്‍മാതാവ് ബി.ആര്. ഷെട്ടിയും ചടങ്ങിനെത്തും. ചിത്രീകരണത്തിനു മുമ്പേ, 'മഹാഭാരത'മെന്ന പേരിനെച്ചൊല്ലി സിനിമ വിവാദത്തിലാവുകയും ചെയ്തു.
വാനപ്രസ്ഥഥമെന്ന സിനിമയില്‍ കഥകളി നടനെ അവതരിപ്പിച്ച് ദേശീയപുരസ്കാരം നേടിയ മോഹന്‍ലാല്‍ വേഷാവതരണത്തില്‍ ഗോപിയാശാന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയിരുന്നു. ഗോപി ചിത്രത്തില്‍ കഥകളിയാശാന്റെ വേഷവും ചെയ്തു.
അന്നുമുതല്‍ മോഹന്‍ലാലും ഗോപിയാശാനുമായുള്ള ആത്മബന്ധം പ്രസിദ്ധമാണ്. ഛായാമുഖി എന്ന നാടകത്തില്‍ ഭീമനെ അവതരിപ്പിച്ചും ലാല്‍ പ്രേക്ഷകപ്രശംസ നേടിയിരുന്നു. അന്നു മോഹന്‍ലാലിന് ആദരിച്ച ചടങ്ങില്‍ ഗോപിയാശാന് മലയാളത്തിന്റെ മഹാനടനെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു.






