
കൊച്ചി : അയല്‍സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു സ്ഫോടകവസ്തുക്കള്‍ പ്രവഹിക്കുന്നു. സംസ്ഥാനമാകെ ചുട്ടെരിക്കാന്‍ ശേഷിയുള്ള അളവിലാണു ദിനംപ്രതി സ്ഫോടകവസ്തുക്കള്‍ എത്തുന്നതെന്നാണു രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു ലഭിച്ച വിവരം.
തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, തീവ്രവാദബന്ധമുള്ള മൂന്ന് ഏജന്‍സികളാണു സ്ഫോടകവസ്തുക്കടത്തിനു പിന്നില്‍. അയല്‍ രാജ്യങ്ങളില്‍നിന്നു തൂത്തുക്കുടി തുറമുഖം വഴിയാണു കടത്ത്. പിന്നീട് റോഡ് മാര്‍ഗം കേരളത്തിലേക്ക്. സംസ്ഥാനത്തെ അനധികൃത പാറമടകള്‍ സ്ഫോടകവസ്തു സംഭരണകേന്ദ്രങ്ങളായി മാറുന്നതിനെതിരേ വിവിധ രഹസ്യാന്വേഷണവിഭാഗങ്ങള്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 500 ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകളും അത്രയുംതന്നെ ഡിറ്റൊണേറ്ററുകളുമാണു പ്രതിദിനം അതിര്‍ത്തി കടന്നെത്തുന്നത്.
ഒരു ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റൊണേറ്ററും ഉപയോഗിച്ചാല്‍പോലും 10 നിലക്കെട്ടിടം തകര്‍ക്കാമെന്നു വിദഗ്ധര്‍ പറയുന്നു. മൂന്നിരട്ടി വിലയ്ക്കാണ് ഇവ ആവശ്യക്കാര്‍ക്കു വില്‍ക്കുന്നത്. അനധികൃത പാറമട ലോബിയാണ് ആവശ്യക്കാരിലേറെയും. ഇവരില്‍നിന്നു തീവ്രവാദപ്രവര്ത്തനങ്ങള്ക്കടക്കം സ്ഫോടകവസ്തുക്കള്‍ വാങ്ങുന്നവരുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു ജലാറ്റിന്‍ സ്റ്റിക്കുകള്‍ ലഭിക്കുന്നതു കിലോയ്ക്ക് 100 രൂപ നിരക്കിലാണ്. എന്നാല്‍ അനധികൃതമായി വാങ്ങുമ്പോള്‍ 300 രൂപയാകും. 200 സ്റ്റിക്കുകളടങ്ങിയ 25 കിലോഗ്രാം പെട്ടികളിലാണ്ഇവ എത്തിക്കുന്നത്. സംസ്ഥാനത്തു പരിശോധനകള്‍ കുറവായതിനാല്‍ വിതരണം സുഗമമാണെന്നു പാറമട ഉടമകള്‍ പറയുന്നു.
പീച്ചി വനഗവേഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ചു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത് 5924 പാറമടകളാണ്. ഇതില്‍ 520 എണ്ണത്തിനേ അനുമതിയുള്ളൂ. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്ടി ഓര്‍ഗനൈസേഷന്റെ രേഖകള്‍പ്രകാരം സംസ്ഥാനത്തെ പാറമടകളോടനുബന്ധിച്ചു സ്ഥാപിച്ചിട്ടുള്ളതു സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്ന 1,230 മാഗസിനുകളാണ്.
അനധികൃത മാഗസിനുകളുടെ എണ്ണം ഇതിലും കൂടുതലാണ്. ഒരു മാഗസിനില്‍ സൂക്ഷിക്കാവുന്നതു പരമാവധി 100 കിലോ നൈട്രേറ്റ് മിശ്രിതമാണ്. ഇതനുസരിച്ച് സംസ്ഥാനത്ത് ഒരേസമയം സൂക്ഷിക്കാവുന്നത് 1,23,000 കിലോ സ്ഫോടകവസ്തുക്കളാണെങ്കിലും യഥാര്‍ഥകണക്ക് പത്തിരട്ടിയിലേറെ. നിയമപ്രകാരം പാറഖനനത്തിനു നൈട്രേറ്റ് മിശ്രിതമേ ഉപയോഗിക്കാനാവൂ. എന്നാല്‍, ഇതു ലംഘിച്ച് നിരോധിത അമോണിയം നൈട്രേറ്റാണു പല വന്‍കിട പാറമടകളിലും ഉപയോഗിക്കുന്നത്. ഒറ്റസ്ഫോടനത്തില് കൂടുതല്‍ പാറ പൊട്ടിക്കാനാണിത്.
നിയമലംഘനം തടയാന്‍ പോലീസ്, റവന്യൂ, ജിയോളജി ഉദ്യോഗസ്ഥര്‍ മാസത്തില്‍ ഒരിക്കലെങ്കിലും സ്ഫോടകവസ്തു സംഭരണകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന ചട്ടവും കൃത്യമായി പാലിക്കപ്പെടുന്നില്ല.




