
ന്യൂഡൽഹി: ആർഎസ്എസ് ഒരു സംഘടനയായി രജിസ്റ്റർ ചെയ്യണമെന്നും സാമ്പത്തിക സ്രോതസ്സുകൾ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ അയച്ച തുറന്ന കത്തിന് മറുപടിയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഖാർഗെയുടെ കത്തിന് താൻ ഔദ്യോഗികമായി മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഭാഗവത്, ഇതെല്ലാം വെറും രാഷ്ട്രീയ നാടകങ്ങൾ മാത്രമാണെന്ന് പരിഹസിച്ചു. "ഹിന്ദുമതം ഇവിടെ രജിസ്റ്റർ ചെയ്തിട്ടില്ല, ഇതുപോലെ ഒരുപാട് കാര്യങ്ങൾ രജിസ്റ്റർ ചെയ്യാതെയാണ് മുന്നോട്ട് പോകുന്നത്. സർക്കാരിൽ നിന്ന് ഫണ്ട് കൈപ്പറ്റാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് രജിസ്ട്രേഷന്റെ ആവശ്യം വരുന്നത്," മോഹൻ ഭാഗവത് പറഞ്ഞു.
വിദ്യാഭ്യാസ പ്രശ്നങ്ങളും മറ്റ് രാഷ്ട്രീയ വിവാദങ്ങളും പശ്ചാത്തലമാക്കി ഉയർന്നുവന്ന ഈ കത്ത് രാഷ്ട്രീയ പ്രേരിതമാണ്. ഇത്തരം രാഷ്ട്രീയ തന്ത്രങ്ങൾ ആർഎസ്എസിന് പരിചയമുണ്ടെന്നും, ഇത്തരം കാര്യങ്ങൾ സംഭവിച്ചില്ലെങ്കിലാണ് തങ്ങൾക്ക് എന്തോ കുറവുള്ളതായി തോന്നുകയെന്നും അദ്ദേഹം പറഞ്ഞു. സംഘടന ഒളിവിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം തെറ്റാണെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണകാലത്ത് പൊതുജനങ്ങളുടെ താല്പര്യപ്രകാരമാണ് ആർഎസ്എസ് ആരംഭിച്ചതെന്ന് ഭാഗവത് ഓർമ്മിപ്പിച്ചു. "സർക്കാർ ഞങ്ങളെ രണ്ടുതവണ നിരോധിച്ചിട്ടുണ്ട്. ആ നിരോധനം പിന്നീട് നീക്കി — ഒരിക്കൽ കോടതി ഉത്തരവിലൂടെയും മറ്റൊരിക്കൽ സത്യാഗ്രഹത്തിലൂടെയും. അതുകൊണ്ട് തന്നെ ആർഎസ്എസ് എന്നൊരു സംഘടന ഇവിടെയുണ്ടെന്ന് സർക്കാരിന് കൃത്യമായി അറിയാം. കഴിഞ്ഞ 100 വർഷമായി രജിസ്റ്റർ ചെയ്യണമെന്ന് ആരും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. ആർ.എസ്.എസിന്റെ ഭരണഘടന 1950-കളിൽ തന്നെ സർക്കാരിന് സമർപ്പിച്ചിട്ടുള്ളതാണ്," ഭാഗവത് പറഞ്ഞു.
രാജ്യത്തുടനീളം 60,000-ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരുമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടന ഭരണഘടനാപരമായ ഉത്തരവാദിത്തവും സുതാര്യതയും കാണിക്കാൻ ബാധ്യസ്ഥരാണെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ സാധാരണ പൗരന്മാർ, തൊഴിലാളികൾ, എൻജിഒകൾ, ട്രസ്റ്റുകൾ, ക്ഷേത്രങ്ങൾ, കമ്പനികൾ എന്നിവയെല്ലാം നിയമപ്രകാരം രജിസ്റ്റർ ചെയ്യുകയും സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ, ആർഎസ്എസിന് മാത്രം എന്തുകൊണ്ടാണ് ഇളവ് നൽകുന്നത് എന്ന് പ്രിയങ്ക് ഖാർഗെ തന്റെ എക്സ് പോസ്റ്റിൽ ചോദിച്ചു. ഇത്രയും വലിയ സ്വാധീനമുള്ള സംഘടന തങ്ങളുടെ നിയമപരമായ പദവി, ഭാരവാഹികൾ, ഫണ്ടിംഗ്, നികുതി അടയ്ക്കൽ തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നാണ് ഖാർഗെ ആവശ്യപ്പെട്ടത്.






