
ടെഹ്റാന്: അമേരിക്കയും ഇറാനും സമാധാനത്തിന്റെ പാതയില്‍ എത്തിയതോടെ മദ്ധ്യേഷ്യ സമാധാന അന്തരീക്ഷത്തിലേക്ക്. സമാധാന കരാര്‍ ഇരു രാജ്യങ്ങളും വെള്ളിയാഴ്ച ഒപ്പിടുമെന്നാണ് വിവരം. ഇതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നേക്കും. സമാധാനകരാര്‍ ഡിജിറ്റലായി ഒപ്പുവെച്ചെന്നും പൂര്‍ണ്ണമായ ഔദേ്യാഗിക ഒപ്പിടല്‍ വെള്ളിയാഴ്ച സംഭവിക്കുമെന്നുമാണ് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നത്. നേരത്തെ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഇതിനായി ഒരു സംയുക്ത നാവിക ദൗത്യം നിര്‍ദ്ദേശിച്ചിരുന്നു.
യുദ്ധത്തെത്തുടര്‍ന്ന് കപ്പല്‍ ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ച പൂര്‍ണ്ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളുടെ തുടക്കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കടലിടുക്ക് സുരക്ഷിതമായി തുറന്നു സൂക്ഷിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് മറ്റാരുടെയും വലിയ സഹായം ആവശ്യമിവരുമെന്ന് തോന്നുന്നില്ല എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കടലിടുക്ക് ഭാഗികമായി തുറന്നിട്ടുണ്ടെന്നും എന്നാല്‍ മൈനുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തുവെന്ന് ഉറപ്പാക്കാനുള്ള തിരച്ചില്‍ അവിടെ പുരോഗമിക്കുക യാണെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ഉണ്ടാക്കിയ ഈ കരാറിനെ പ്രശംസിച്ച അദ്ദേഹം ഇറാന് ഒരു ആണവായുധം നിര്‍മ്മിക്കില്ല എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും വ്യക്തമാക്കി. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍ യുദ്ധത്തിന്റെ ആദ്യദിനം പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം, ഇറാന്റെ പുതിയ നേതൃത്വവുമായി വാഷിംഗ്ടണ്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പ്രസ്താവിച്ചു.






