Authored by Web Desk | Last updated: 05 Jun 2017, 10:52 AM | 5 min read
മേഘനാഥന് സിനിമയേക്കാള്‍ പ്രിയപ്പെട്ടതാണ് കൃഷി. മണ്ണിന്റെ മണം ശ്വസിച്ച് ജീവിക്കാന്‍ കൊതിക്കുന്നു മേഘനാഥന്.
മലയാള സിനിമയില്‍ ജീവസുറ്റ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് ബാലന് കെ. നായര്‍. അച്ഛന് പിന്നാലെ മകനുമെത്തി സിനിമയിലേക്ക്. അച്ഛനെപ്പോലെ തന്നെ വില്ലനായിട്ടായിരുന്നു മകന് മേഘനാഥന്റെയും തുടക്കം.
അഭിനയിച്ച സിനിമകളിലെല്ലാം നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ മേഘനാഥന് ഒരു വില്ലനായി മാറി. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കഥാപാത്രങ്ങള്‍ കണ്ട് ദേഷ്യം തോന്നിയ ആ പ്രേക്ഷകരെ കരയിപ്പിച്ചുകൊണ്ട് മേഘനാഥന് ആക്ഷന്‍ഹീറോ ബിജുവിലൂടെ സ്വഭാവനടനായി മാറി .അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്കി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മേഘനാഥന്.
കൃഷിയോടുള്ള താല്‍പ്പര്യം?
കുട്ടിക്കാലം തൊട്ട് കണ്ടുവളര്‍ന്നതുകൊണ്ടാകാം എനിക്കും കൃഷിയോട് താല്‍പ്പര്യം വന്നത്. നെല്ല്, കവുങ്ങ് തുടങ്ങിയവയാണ് പ്രധാനം.
തറവാട്ടില്‍ കൃഷിയുണ്ടായിരുന്നു. അച്ഛനും കൃഷിയോട് താല്‍പ്പര്യമാണ്. പക്ഷേ സിനിമയിലെ തിരക്കുകള്‍മൂലം കൃഷി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പകരം അത് നോക്കിനടത്തുന്നത് അമ്മയായിരുന്നു.
ഞാനിപ്പോഴും ഓര്‍ക്കുന്നു... പാടത്ത് പണിയാന്‍ 15 ഓളം പണിക്കാരുണ്ട്. കാലത്ത് 8 മണിയോടെ അവരെല്ലാം എത്തും. 10 മണിയാകുമ്പോള്‍ അവര്‍ക്ക് അമ്മ പ്രാതല്‍ കൊടുക്കും. ചക്കപ്പുഴുക്കും ചായയും.
അവധിദിവസങ്ങളാണെങ്കില്‍ അമ്മയോടൊപ്പം ഭക്ഷണം കൊടുക്കാന്‍ ഞാനും കൂടും. വിളമ്പിക്കൊടുക്കുക മാത്രമല്ല, അവരോടൊപ്പമിരുന്ന് കഴിക്കുകയും ചെയ്യും. ആ സമത്ത് അക്കൂട്ടത്തിലുള്ളവര്‍ നാടന്‍പാട്ടുകള്‍ പാടും. അതൊക്കെ കേള്‍ക്കുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്.
ചെറിയക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞാറുനടീല്‍. അപ്പോഴൊക്കെ സ്കൂളില്‍ പോകാന്‍ മടിയാണ്. കാരണം പാടത്തുപോയി ഞാറുനടീല്‍ കാണാന്‍ നല്ല രസമാണ്. പാടത്തിന്റെ മുമ്പില്‍ക്കൂടിയാണ് സ്കൂളിലേക്ക് പോകുന്നത്. സത്യം പറഞ്ഞാല്‍ പോകുന്നവഴിക്ക് പുസ്തകമൊക്കെ താഴെവച്ച് പാടത്തിറങ്ങാന്‍ തോന്നും.
പക്ഷേ അമ്മയറിഞ്ഞാല്‍ വഴക്കുപറയും. മാഷുമാര് പഠിപ്പിക്കുന്ന സമയത്തുപോലും എന്റെ മനസ്സ് ഞാറുനടീലിന്റെ പിറകെപോകും. അപ്പോള്‍ ഞാന്‍ കാണിക്കുന്ന ഒരു സൂത്രമുണ്ട്. വയറുവേദനയാണെന്ന് കള്ളം പറയും, എന്നിട്ട് ഉറക്കെ കരയും. പാവം അദ്ധ്യാപകര്‍.
ഞാന്‍ പറയുന്ന കള്ളം വിശ്വസിച്ച് എന്നെ വീട്ടിലേക്ക് വിടും. പിന്നെ സുഖമല്ലേ, പാടത്തുപോയി ഞാറുനടീല്‍ കാണും. അങ്ങനെയൊക്കെ വിചാരിച്ചാണ് വന്നതെങ്കിലും പാടത്തെത്തിയപ്പോള്‍ അവിടെ അതാ അമ്മ നില്ക്കുന്നു.
തിരിഞ്ഞോടാന്‍ കാല് പിറകോട്ട് വച്ചതും അമ്മയെന്നെ വിളിച്ചു. ആ സമയത്ത് എന്നെ അവിടെ കണ്ടതിന്റെ കാര്യം അമ്മ ചോദിച്ചപ്പോള്‍ വയറുവേദനയെന്ന കള്ളം ആവര്‍ത്തിച്ചു. പനിയാണെന്ന് പറഞ്ഞാല്‍ തൊട്ടുനോക്കിയാല്‍ ചൂടില്ലെങ്കിലോ ? , വയറുവേദന കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ (ചിരിക്കുന്നു).
സിനിമ അന്നേ ഇഷ്ടമേഖലയായിരുന്നോ?
അച്ഛന് നടനായതുകൊണ്ടാകാം സ്വാഭാവികമായും എനിക്കും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. 9-ാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് സിനിമ കാണാന്‍ ടാക്കീസില്‍ പോകും. വൈകിട്ടാണ് തിരിച്ചെത്തുക. സൈക്കിളിലാവും വീട്ടിലേക്കുളള യാത്ര.
സിനിമയില്‍ കണ്ട ഇഷ്ടസീനുകളും ആക്ഷന്സീനുകളും തനിയെ അഭിനയിച്ചുകൊണ്ടാകും വരിക. ഇരുട്ടത്ത് വരുന്നതുകൊണ്ട് എന്റെ് അഭിനയം ആരും കാണില്ല എന്നൊരാശ്വാസമുണ്ട്. പഠിത്തത്തില്‍ ഉഴപ്പ് കാണിച്ചപ്പോള്‍ അച്ഛന് എന്നോട് 'ഇനി നീ ഇവിടെ നില്‍ക്കണ്ട' എന്നുപറഞ്ഞ് മദ്രാസിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അന്ന് ഞാന്‍ താമസിച്ചത് സംവിധായകന് കെ.ജി. രാജശേഖരന്സാറിന്റെ (ഗായിക അമ്പിളിയുടെ ഭര്‍ത്താവ്) വീട്ടിലാണ്. അവിടെ നിന്നുകൊണ്ടാണ് എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയത്. വൈകുന്നേരം ക്ലാസ് കഴിഞ്ഞുവരുമ്പോള്‍ അച്ഛന്റെ ലൊക്കേഷനിലായിരുന്നു സമയം ചെലവഴിച്ചിരുന്നത്.
അക്കാലത്ത് മൂന്നും നാലും സിനിമകളിലാണ് അച്ഛന് അഭിനയിച്ചുകൊണ്ടിരുന്നത്. എല്ലായിടത്തും ഞാന്‍ പോകും. അവിടെവച്ചാണ് ഭരതന്, ജോഷി തുടങ്ങിയ ഹിറ്റ്മേക്കേഴ്സിനെ പരിചയപ്പെടുന്നതും ഷൂട്ടിംഗ് എന്താണെന്ന് പഠിക്കുന്നതും. എന്റെ ആദ്യ സിനിമ അസ്ത്രമായിരുന്നു.അഭിനയരംഗത്തേക്ക് കടന്നപ്പോള്‍ അച്ഛന് ഒരുപദേശമേ തന്നിട്ടുള്ളൂ..
''സിനിമയില്‍ ഒരാള്‍ക്കും എല്ലാക്കാലത്തും ഒരുപോലെ നില്ക്കാന് സാധിക്കില്ല. കാലം മാറുന്നതനുസരിച്ച് കഥാപാത്രം മാറും, വ്യക്തികള്‍ മാറും, എന്തിന് സിനിമ തന്നെ മാറും. അതുകൊണ്ട് നമ്മുടേതായ ഒരു തൊഴില്‍ എപ്പോഴും കൈവശം ഉണ്ടാകണം.'' അക്കാലത്ത് ഞങ്ങള്‍ക്ക് ഒരു വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നു.
പക്ഷേ അതെങ്ങനെ നോക്കിനടത്തണമെന്നറിയില്ല. പഞ്ചാഗ്നി എന്ന സിനിമ കഴിഞ്ഞപ്പോഴേക്കും ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ കോയമ്പത്തൂരിലേക്ക് പോയി. പഠനശേഷം നാട്ടില്‍ തിരിച്ചെത്തി വര്‍ക്ക്ഷോപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും സിനിമയിലേക്ക് ക്ഷണം ലഭിച്ചു.
ഒന്ന് തീരുമ്പോള്‍ അടുത്ത സിനിമ വന്നുകൊണ്ടേയിരുന്നു. അങ്ങനെ വര്‍ക്ക്ഷോപ്പിനെ മറന്നുതുടങ്ങി. പക്ഷേ കൃഷി മറന്നില്ല. സിനിമയില്‍ എത്ര തിരക്കാണെങ്കിലും ഞാറുനടീലിന്റെ സമയത്ത് നാട്ടിലേക്ക് തിരിക്കും.
സിനിമയില്‍ അഭിനയിക്കുന്ന മിക്കവരെയും നോക്കിക്കഴിഞ്ഞാല്‍ അഭിനയിച്ചുകിട്ടുന്ന തുക കൂട്ടിവച്ച് അവര്‍ വാങ്ങുന്നത് കാറോ വീടോ ആകും. പക്ഷേ ഞാന്‍ വാങ്ങിയത് ട്രാക്ടറാണ്. അച്ഛന് അഭിനയിച്ചിരുന്ന സമയത്ത് കിട്ടുന്ന പ്രതിഫലംകൊണ്ട് നഗരങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങിയിട്ടില്ല. പകരം നാട്ടില്‍ കുറെ പാടങ്ങള്‍ വാങ്ങി. അച്ഛന് വാങ്ങിയ പാടത്ത് ഞാന്‍ വിത്തു വിതച്ച് കൃഷിചെയ്തു.
ഇന്നത്തെക്കാലത്ത് എ.സി. റൂമിലിരുന്ന് ജോലിചെയ്യാനാണ് എല്ലാവര്ക്കും ഇഷ്ടം. വെയിലുകൊണ്ട് പാടത്ത് പണിയാന്‍ ആള്‍ക്കാരെ കിട്ടാനില്ല. പകരം ഒരു ജ്യൂവലറിയുടെ മുമ്പില്‍ കസേരയിട്ട് സെക്യൂരിറ്റിയായിരിക്കാന് താല്പ്പര്യപ്പെടുന്നവരാണധികവും. ഞങ്ങള്‍ മക്കള്‍ കഷ്ടപ്പെടാതിരിക്കാനാണ് അച്ഛന് ഇതൊക്കെ സമ്പാദിച്ചത്.
അപ്പോള്‍പ്പിന്നെ ആ കരുതല്‍ എനിക്ക് കാണാതിരിക്കാന്‍ പറ്റുമോ? സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടിയില്ലെങ്കില്‍ എന്റെ കൈയില്‍ തൊഴിലുണ്ട്, കൃഷി. അത് ചെയ്തായാലും ഞാന്‍ കുടുംബം പോറ്റും. അതിനുള്ള ആരോഗ്യം ദൈവം എനിക്ക് തന്നിട്ടുണ്ട്.
വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങിയിരുന്നവരില് പലരും കോമഡിയിലേക്ക് ചുവടുമാറ്റി?
അതെ... വില്ലനായി അഭിനയിക്കില്ല എന്നു പിടിവാശി കാണിച്ചാല്‍ നമുക്ക് കിട്ടുന്ന വേഷം കൂടി നഷ്ടമാകും. എന്റെ അച്ഛന്റെ കാലത്ത് വില്ലന്‍ എന്നു പറഞ്ഞാല്‍ ജോസ്പ്രകാശ്, ബാലന് കെ. നായര്‍, ടി.ജി. രവി ഒക്കെയായിരുന്നു.
അവരുടെ പിന്മുറക്കാരെന്നോണം കൊച്ചിന്‍ഹനീഫയും ജനാര്‍ദ്ദനനും എത്തി. എന്നാല്‍ ഇന്നതല്ല സ്ഥിതി. വില്ലന്റെ വേഷം ചെയ്യുന്ന ഞാന്‍ പോയാല്‍, പകരം നൂറില്‍പ്പരം ആളുകള്‍ വേറെയെത്തും. ഇന്ന് സിനിമയില്‍ ഒരാള്‍ക്ക് പകരം വയ്ക്കാന്‍ ഒരുപാടുപേരുണ്ട്.
ഒട്ടേറെ കഴിവുകളുള്ള നടനായിട്ടും മലയാള സിനിമ പ്രയോജനപ്പെടുത്തിയില്ല?
ഞാനൊരിക്കലും റോളുകള്‍ ചോദിച്ച് ആരെയും വിളിച്ചിട്ടില്ല. മേഘനാഥനെന്ന നടനെ വിശ്വസിച്ച് കഥാപാത്രം ഏല്‍പ്പിച്ചാല്‍ നന്നായി അഭിനയിച്ച് കാണിക്കും. ഇറങ്ങുന്ന എല്ലാ സിനിമകളിലും പ്രധാന വേഷം ചെയ്യണമെന്ന അതിമോഹം എനിക്കില്ല.
ചോദിച്ച് വാങ്ങുന്നതിലല്ല, അറിഞ്ഞ് തരുമ്പോഴേ ഞാനതിനെ ഇഷ്ടപ്പെടൂ. 50 സിനിമകളില്‍ മാത്രമേ ഞാനഭിനയിച്ചിട്ടുള്ളൂ. എങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടക്കുന്നവയാണ്.
അഭിപ്രായങ്ങള്‍ തുറന്നുപറയും?
തെറ്റുകള്‍ കണ്ടാല്‍ നിര്‍ഭയം വിളിച്ചുപറയുന്ന വ്യക്തിയാണ് ഞാന്‍. പറഞ്ഞിട്ടുമുണ്ട്. എന്റെ തുറന്നു പറച്ചില് ഒരു പക്ഷേ ആ വ്യക്തിയെ വിഷമിപ്പിച്ചേക്കാം, അല്ലെങ്കില്‍ ശത്രുവായി മാറ്റിയേക്കാം. എങ്കിലും അഭിപ്രായങ്ങളില്‍ നിന്ന് മാറില്ല. കേരളത്തില്‍ ഇന്ന് നടക്കുന്ന അനീതി, അക്രമം എന്നിവ കാണുമ്പോഴും ഞാന്‍ പ്രതികരിക്കും.
ഞാനൊരു ഭരണാധികാരിയായിരുന്നെങ്കില്‍ നാടെങ്ങനെ വേണമെന്ന്, ഞാന്‍ പഠിപ്പിച്ചു കൊടുത്തേനെ. സത്യസന്ധതയും നീതിയുടെ ഭാഗത്ത് നില്ക്കുന്നതുമായ ആളുകള്‍ നയിക്കുന്ന പാര്‍ട്ടി എന്നെ ക്ഷണിച്ചാല്‍ തീര്‍ച്ചയായും രാഷ്ട്രീയത്തിലിറങ്ങും. സത്യസന്ധമായ ഭരണം കാഴ്ചവയ്ക്കാന്‍ ഒരാള്‍ ഇല്ലാത്തതാണ് ഈ നാട്ടിലെ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണം.
പച്ചക്കറിക്കുവേണ്ടി നാം ആശ്രയിക്കുന്ന തമിഴ്നാട് നമുക്ക് പച്ചക്കറി തന്നില്ലെങ്കില്‍ എന്തുചെയ്യും? നമുക്ക് കഴിക്കാനുള്ളത് നാം തന്നെകൃഷിചെയ്ത് ഉണ്ടാക്കേണ്ട അവസ്ഥ വന്നാലോ? കൃഷിയെ പുച്ഛിക്കുന്നവര്‍ അന്നേ അതിന്റെ വില മനസ്സിലാക്കൂ.
തുടര്‍ച്ചയായ അഭിനയമില്ല, ധാരാളം ബ്രേക്കുകളും എടുത്തിട്ടുണ്ട്?
ഞാന്‍ മന:പൂര്‍വ്വം ബ്രേക്ക് എടുക്കുന്നതല്ല, സംഭവിച്ചുപോകുന്നതാണ്. നേരത്തേ പറഞ്ഞല്ലോ, വര്‍ക്ക്ഷോപ്പ് തുടങ്ങിയകാലത്ത് സിനിമകളുടെ ചാകരയായിരുെന്നന്ന്.പ്രായിക്കര പാപ്പാന് എന്ന സിനിമ ചെയ്യുന്നതിനിടയിലാണ് ഞാനൊരു കാര്‍ ആക്സിഡന്റില്പ്പെട്ടത്. 6 മാസം വിശ്രമം.
പിന്നെപ്പിന്നെ സിനിമകളില്‍ അഭിനയിച്ചെങ്കില്പ്പോലും സജീവമായി നില്ക്കാന് സാധിച്ചില്ല. അതെന്റെ കുറ്റമാണ്. വ്യക്തിപരമായ ധാരാളം പ്രശ്നങ്ങളുണ്ടാകും. 'പ്രജ' എന്ന ചിത്രത്തില്‍ ബാബുരാജ് ചെയ്ത കഥാപാത്രം യഥാര്‍ത്ഥത്തില്‍ എന്റെ വേഷമായിരുന്നു. പല കാരണങ്ങളാല്‍ ആ സിനിമകളൊക്കെ എനിക്ക് കൈയൊഴിയേണ്ടതായിവന്നു.
'വില്ലനില്‍ നിന്ന് സ്വഭാവനടനിലേക്ക്?
അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം നെഗറ്റീവായിരുന്നു. 'ഈ പുഴയും കടന്ന്' എന്ന സിനിമയ്ക്ക് ശേഷം ട്രെയിനില്‍ യാത്ര ചെയ്യവേ അതിലെ സഹയാത്രികരെല്ലാംകൂടി എന്നെ സൂക്ഷിച്ചുനോക്കി. ചിലരുടെ മുഖത്ത് ചിരി, ചിലരുടേത് ദേഷ്യം. ഞാന്‍ ഒറ്റയ്ക്ക് ഒരു മൂലയ്ക്ക് മാറിയിരുന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ മുഖത്ത് ദേഷ്യം പ്രകടിപ്പിച്ചവരൊക്കെ അടുത്ത് വന്ന് പരിചയപ്പെട്ടു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ദുഷ്ടനെന്ന് വിചാരിക്കുമെങ്കിലും എന്നോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ അവരുടെ ചോദ്യം ഇങ്ങനെയായിരുന്നു. ''സാര്‍ എന്തൊരു പാവമാ... ഈ മനുഷ്യനെയാണല്ലോ ദൈവമേ, ആ സിനിമ കണ്ട് ഞങ്ങള്‍ കുറ്റം പറഞ്ഞതും വെറുത്തതും. ഒരുപക്ഷേ കഥയെഴുതുന്ന വ്യക്തികള്‍ എന്റെ രൂപം കണ്ട് തരുന്നതാവാം വില്ലന്‍വേഷങ്ങള്‍.
വില്ലന്‍ കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്ന എനിക്ക് ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം മറ്റൊരു പാത തുറന്നുതന്നു. ഒരു സീന്‍ മാത്രമേ ആ സിനിമയില്‍ എനിക്കുണ്ടായിരുന്നുള്ളൂവെങ്കിലും നല്ല കാമ്പുള്ള കഥാപാത്രമായിരുന്നു.
അഭിനയിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് എന്നോടുതന്നെ സഹതാപം തോന്നി. അത്രത്തോളം വികാരനിര്‍ഭരമായ സീനായിരുന്നു ആ ചിത്രത്തില്‍ എന്റെ കുടുംബത്തെ കാണിക്കുമ്പോഴുള്ളത്.
'വില്ലന്‍ എന്ന ഇമേജ്' മാറ്റിത്തന്നത് എബ്രിഡ് ഷൈനാണ്. ഇതുപോലെ മറ്റു സംവിധായകര്‍ക്കും പ്രൊഡ്യൂസര്‍മാര്‍ക്കും തോന്നിയാല്‍ എന്നെപ്പോലുള്ള ആളുകള്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാകും.
വില്ലനായ മേഘനാഥനിലും ഒരു നല്ല ഗൃഹസ്ഥന് ഉണ്ട്?
ഉള്ളില്‍ സ്നേഹമുണ്ടെങ്കിലും അത് പൂര്‍ണമായും പുറത്ത് പ്രകടിപ്പിക്കാത്ത വ്യക്തിയാണ് ഞാന്‍. വ്യക്തിജീവിതത്തില്‍ ഞാന്‍ സൈലന്റാണ്. സിനിമയില്‍ വയലന്റും(ചിരിക്കുന്നു). കൃഷിയും വീട്ടുകാര്യങ്ങളും നോക്കിയിരിക്കാനാണ് എനിക്കിഷ്ടം.
സിനിമയില്ലാത്ത സമയങ്ങളില്‍ ഭാര്യ സുസ്മിതയ്ക്കും മകള്‍ പാര്‍വ്വതിക്കുമൊപ്പം യാത്രകള്‍ പോകാറുണ്ട്. അത്തരം യാത്രകളില്‍ ധാരാളം സിനിമാപ്രേമികളെ കണ്ടുമുട്ടും. അവര്‍ വന്ന് വിശേഷങ്ങള്‍ ചോദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.
ആക്ഷന്‍ ഹീറോ ബിജുവിന് ശേഷമാണ് ആളുകള്‍ എന്റടുത്ത് വന്ന് ഫോട്ടോ എടുക്കുന്നത്. ഇതിനുമുമ്പ് ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ സവിശേഷതകൊണ്ടാകാം, ആരും എന്റെ അടുത്ത് വരുമായിരുന്നില്ല. ആളുകള്‍ ഇത്രമാത്രം ഭയക്കാന്‍ ഞാന്‍ ഭയങ്കരനൊന്നുമല്ല, പച്ചയായ ഒരു മനുഷ്യനാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍.
ഞാന്‍ നല്ലൊരു പാചകക്കാരനാണ്. മത്സ്യമാംസാദികള്‍ കൂട്ടിയുള്ള കറികളൊക്കെ വയ്ക്കാറുണ്ട്. ഭാര്യയുടെ സര്‍ട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്.
ബാലന് കെ. നായര്‍ എന്ന അച്ഛനെ ഓര്‍ക്കുമ്പോള്‍?
ഓര്‍മ്മവച്ച കാലം മുതല്‍ ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുന്ന വിരുന്നുകാരനായിരുന്നു അച്ഛന്. ഞായറാഴ്ച രാവിലെ മദ്രാസ്മെയിലില്‍ വരും. അമ്മയ്ക്കും ഞങ്ങള്‍ മക്കള്‍ക്കുമൊപ്പം സമയം ചെലവഴിച്ച് വൈകിട്ടത്തെ മദ്രാസ്മെയിലിന് തിരിച്ചുപോകും.
അന്നത്തെക്കാലത്ത് ഷൂട്ടിംഗ് മുഴുവനും മദ്രാസിലായിരുന്നല്ലോ. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ അച്ഛന് ഒന്നാമനായിരുന്നു. അച്ഛനില്ലാത്ത സിനിമകള്‍ ചുരുക്കം. ഇല്ലെന്നുതന്നെ പറയാം. ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊരിടത്തേക്ക്. കൃത്യസമയത്ത് ലൊക്കേഷനുകളില്‍ ചെല്ലാന്‍ അച്ഛന് ലോറിയെ വരെ ആശ്രയിച്ചിട്ടുണ്ട്.
അദ്ദേഹത്തെ സംബന്ധിച്ച് ഓരോ സിനിമയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെട്ടാല്‍ ഡയറിയില്‍ ആ സിനിമയുടെ ഷൂട്ടിംഗ് ഡേറ്റ് എഴുതിവയ്ക്കും. ഇന്ന് അങ്ങനെയല്ല, എഗ്രിമെന്റുണ്ടെങ്കിലേ താരങ്ങള്‍ ഡേറ്റ് കൊടുക്കൂ.
സാമ്പത്തികപ്രയാസം നേരിട്ട എത്രയോ നിര്‍മ്മാതാക്കളുടെ സിനിമയില്‍ പ്രതിഫലം പറ്റാതെ അച്ഛന് അഭിനയിച്ചിരിക്കുന്നു. അച്ഛന് വയ്യാത്ത സമയത്ത് അച്ഛന് അന്ന് സഹായിച്ചവരാരും ഒന്നെത്തിനോക്കുകപോലും ചെയ്തില്ല.
അച്ഛന് മരിച്ചശേഷം 3 വര്‍ഷം ബാലന് കെ.നായര്‍ അനുസ്മരണയോഗം കോഴിക്കോട് നടത്തി. പിന്നീട് അതും നിര്‍ത്തി. ഒരുപക്ഷേ അതിന്റെ സംഘാടകര്‍ അച്ഛന്റെ പേര് മറന്നുകാണും.
ഒരുകാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ തറവാട് മുതല്‍ റോഡ് വരെയുള്ള വഴി അറിയപ്പെടുന്നത് ബാലന് കെ. നായര്‍ റോഡ് എന്നാണ്. പിന്നെ ബാലന് കെ. നായരുടെ മകന് എന്ന നിലയിലാണ് ഞാന്‍ സിനിമയിലേക്ക് വന്നത്.
എവിടെച്ചെന്നാലും എനിക്കിരിക്കാന്‍ ഒരു സീറ്റുണ്ടാകും. അതൊക്കെതന്നെ ആളുകള്‍ അച്ഛന് നല്കുന്ന സ്നേഹമാണ്. മണ്മറഞ്ഞുപോയ കലാകാരന്മാരെ സ്വന്തം മക്കള്‍പ്പോലും ശ്രദ്ധിക്കാത്ത ഈ കാലഘട്ടത്തില്‍ എന്നിലൂടെ എന്റെ അച്ഛന് എന്നും ജീവിക്കുന്നു എന്നോര്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു.