
മൈസൂരു: വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലിരിക്കുന്ന 'സൈക്കിള്‍ ഷെയറിംഗ്' രീതി ഇന്ത്യയിലും. മൈസൂരുവിലാണ് 'ട്രിന് ട്രിന്' എന്ന് പേരിട്ടിരിക്കുന്ന ആദ്യ സൈക്കിള്‍ ഷെയറിംഗ് നിലവില്‍ വന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച നിര്‍വഹിച്ചു. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയുള്ള നഗരമാണ് മൈസൂരു. 6.5 ലക്ഷം വാഹനങ്ങളാണ് മൈസൂരുവില്രജിസ്റ്റര് ചെയ്തിരിക്കുന്നത്. വാഹനങ്ങള്‍ പെരുകുന്നതിനൊപ്പം ഉയരുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
450 സൈക്കിളുകളാണ് പദ്ധതിക്കായി നല്‍കിയിരിക്കുന്നത്. ഇതില്‍ 430 സാധാരണ നിലയില്‍ ഉള്ളതും 20 എണ്ണം ഗീയര്‍ സൈക്കിളുമാണ്. ലോകബാങ്കും ആഗോള പരിസ്ഥിതി ഫണ്ടും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് പദ്ധതിക്ക് പണം കണ്ടെത്തിയിരിക്കുന്നത്. ഗ്രീന്‍ വീല്‍ റൈഡ് ആണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.
നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 48 ഓട്ടോമേറ്റഡ് ഡോക്കിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഇവ നാമമാത്ര ഫീസ് നല്കി വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാം. സ്റ്റേഷനില്‍ വച്ചിരിക്കുന്ന സ്വപ്പിംഗ് മെഷീനില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് സൈക്കിള്‍ എടുക്കാം. സ്മാര്‍ട് കാര്‍ഡില്‍ നിന്നാണ് ഫീസ് ഈടാക്കുക. ആവശ്യം കഴിയുമ്പോള്‍ അടുത്തുള്ള ഏതെങ്കിലും ഡോക്കിംഗ് സ്റ്റേഷനില്‍ സൈക്കിള്‍ തിരിച്ചേല്‍പ്പിക്കാം.






