
കോഴിക്കോട്: പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചതിന് തൊട്ടു പിന്നാലെ നികൃഷ്ടമായ ജാതിവാദവുമായി ബന്ധപ്പെട്ട പുതിയ സംഭവത്തിനും കേരളം വിഷയമാകുന്നു. ദളിത് സാന്നിദ്ധ്യത്താല്‍ അയിത്താചാരത്തിന് വിധേയമാകുന്ന കോഴിക്കോട് പേരാമ്പ്രയില്‍ നിന്നാണ് ഇത്തവണയും വാര്‍ത്ത. ദളിത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിനാല്‍ മറ്റു സമുദായത്തിലെ ആള്ക്കാര് കുട്ടികളെ ഈ സ്കൂളില്‍ ചേര്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം പേരാമ്പ്ര ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള നാലു വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നതെന്നും മറ്റ് വിഭാഗത്തില്‍ പെട്ടവര്‍ അതുകൊണ്ടു തന്നെ ഈ സ്കൂളില്‍ കുട്ടികളെ ചേര്‍ക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെ 16 കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്കൂളിന്റെ സമീപത്ത് താമസിക്കുന്നവര്‍ പോലും ഈ സ്കൂളിനെ മറികടന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്കൂളിലാണ് വിദ്യാര്‍ത്ഥികളെ അയയ്ക്കുന്നതെന്നും പരസ്യമായ അയിത്തം പ്രകടിപ്പിക്കുന്നതായും പറയുന്നുണ്ട്.
ചായം തേച്ച ചുവരുകളും ടൈല്‍സ് ഇട്ട തറയും കളിക്കാന്‍ ഊഞ്ഞാല് ഉള്‍പ്പെടെയുള്ള അനേകം സൗകര്യങ്ങളും ഉണ്ടായിട്ടും ഇവിടെ നിന്നും ഇത്ര സൗകരങ്ങള്‍ പോലുമില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നു. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി ബോധവല്‍ക്കരണം നടത്തിയിട്ടും നാട്ടുകാര്‍ ഈ സ്കുളില്‍ കുട്ടികളെ ചേര്‍ക്കുന്നില്ല. സ്ഥലം മാറി വന്ന നാല് അദ്ധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. 2015 ല്‍ പേരാമ്പ്ര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ആരോപണത്തിനിരയായത്.






