
കേരളത്തിലെ സ്ത്രീകൾക്ക് വലിയ ആശ്വാസമായിരുന്ന പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷനെന്ന് മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി. സംസ്ഥാനത്തെ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് ഗുണകരമായ ഈ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അവർ പറഞ്ഞു.
സ്ത്രീകളോട് യുഡിഎഫ് സർക്കാർ കാണിച്ച വഞ്ചനയാണ് ഇതെന്നും പി.കെ. ശ്രീമതി ആരോപിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ നൽകുന്നതിനായി മുൻ സർക്കാർ ആവശ്യമായ തുക മാറ്റിവെച്ചിരുന്നുവെങ്കിലും വിതരണം മുടങ്ങിയെന്നാണ് അവരുടെ വിമർശനം. യാതൊരു വരുമാനവുമില്ലാത്ത സാധാരണ സ്ത്രീകൾക്ക് ആശ്രയമായ ഈ പദ്ധതി നിർത്തിവെക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
സ്ത്രീ സുരക്ഷാ പെൻഷനായി നീക്കിവെച്ച ഫണ്ട് കെഎസ്ആർടിസിക്ക് നൽകാനാണോ സർക്കാർ ലക്ഷ്യമിടുന്നതെന്നും പി.കെ. ശ്രീമതി ചോദിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ജീവിതത്തിന് വലിയ പിന്തുണയായിരുന്ന പദ്ധതിയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയെ സ്ഥാനമാറ്റിയ നടപടിയെയും പി.കെ. ശ്രീമതി വിമർശിച്ചു. നോട്ടീസ് നൽകാതെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഒരു മണിക്കൂറിനുള്ളിൽ നടപടി പൂർത്തിയാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് നിയമവിരുദ്ധമാണെന്നാണ് അവരുടെ ആരോപണം.
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. റീനയെ കൺസൾട്ടന്റ് തസ്തികയിലേക്കാണ് മാറ്റിയത്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ അവരുടെ സമ്മതമില്ലാതെ സ്പെഷ്യാലിറ്റി കേഡറിലേക്ക് മാറ്റാൻ സാധിക്കില്ലെന്നും നടപടിയിൽ നിരവധി സാങ്കേതികവും നിയമപരവുമായ വീഴ്ചകളുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു. ഡോ. റീനയുടെ ഭാഗത്ത് പിഴവുകൾ ഉണ്ടായിരുന്നെങ്കിൽ ആദ്യം നോട്ടീസ് നൽകുകയും വിശദീകരണം തേടുകയും ചെയ്യേണ്ടതായിരുന്നുവെന്നും അവർ വ്യക്തമാക്കി.






