
ന്യൂഡൽഹി: ഇനി സ്വയം ചികിത്സ കുറയും. ചുമയും പനിയും വരുമ്പോൾ എന്തിനാണ് ഡോക്ടറെ കാണുന്നത്, നേരെ മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് വാങ്ങിയാൽ പോരേ, എന്ന ചിന്താഗതി ഉപേക്ഷിച്ചേക്കൂ. ഇനി മുതൽ അത് നടക്കില്ല. ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം 'സിറപ്പ്' രൂപത്തിലുള്ള ഔഷധങ്ങളുടെയും കുറിപ്പടിയില്ലാത്ത വിൽപ്പന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ചു.
ഇനി മുതൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് സിറപ്പുകൾ വാങ്ങണമെങ്കിൽ രജിസ്റ്റർ ചെയ്ത ഒരു ഡോക്ടറുടെ സാധുവായ കുറിപ്പടി നിർബന്ധമായും ഹാജരാക്കേണ്ടി വരും. ജൂൺ 16 ചൊവ്വാഴ്ച മുതൽ പുതിയ നിയമം രാജ്യവ്യാപകമായി നിലവിൽ വന്നു.
മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനും വിപണനം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം.
കഴിഞ്ഞ ജൂൺ 9-ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച 'ഡ്രഗ്സ് (അഞ്ചാം ഭേദഗതി) ചട്ടങ്ങൾ 2026' പ്രകാരമാണ് പുതിയ നടപടി. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ (ചൊവ്വാഴ്ച) ഇത് പ്രാബല്യത്തിൽ വന്നു.
1945-ലെ ഡ്രഗ്സ് റൂൾസിന്റെ 'ഷെഡ്യൂൾ കെ'-യിൽ നിന്നാണ് 'സിറപ്പുകൾ' എന്ന വാക്ക് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. ചില പ്രത്യേക നിബന്ധനകൾക്ക് വിധേയമായി ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാവുന്ന മരുന്നുകളുടെ വിഭാഗമാണ് ഷെഡ്യൂൾ കെ. ഇതിൽ നിന്ന് സിറപ്പുകളെ മാറ്റിയതോടെ ഇവ പൂർണ്ണമായും പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ പരിധിയിലായി.
കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ഇതുസംബന്ധിച്ച കരട് നിയമം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്മേൽ പൊതുജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും ലഭിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്.






