
ജിദ്ദ: കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. പറന്നുയർന്ന് രണ്ട് മണിക്കൂറിനുള്ളിൽ എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
180-ലധികം യാത്രക്കാരുമായി ഇന്ന് രാവിലെ 7.40-നാണ് വിമാനം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. യാത്ര തുടങ്ങി ഏകദേശം രണ്ട് മണിക്കൂറിനുശേഷം പൈലറ്റുമാർക്ക് എഞ്ചിൻ മുന്നറിയിപ്പ് ലൈറ്റ് തെളിഞ്ഞതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം മംഗളൂരുവിൽ ലാൻഡിംഗ് നടത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. തുടർന്ന് ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്.
വിമാനം കണ്ണൂരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ ഇന്ധന ഫിൽട്ടറിൽ തകരാർ കണ്ടെത്തിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.






