ലണ്ടന്‍: ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ തീവ്രാദികളുടെ ഖബറടക്കം നടത്താന്‍ വിസമ്മതിച്ച് ഇസ്ലാം മതപുരോഹിതര്‍. അക്രമികളുടെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ 130ഓളം ഇമാമുമാരും മുസ്ലീം മത നേതാക്കളും വ്യക്തമാക്കി. ഇമാമുമാര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദി ആക്രമണത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഭീകരരുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇമാമുമാര്‍ വ്യക്തമാക്കിയത്.
ഭീകരാക്രമണത്തെ അപലപിച്ച ഇമാമുമാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നതായും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ലണ്ടനില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണം ന്യായീകരിക്കാനാകില്ലെന്ന് ഇമാമുമാര്‍ പ്രതികരിച്ചു. ഇസ്ലാം മത വിശ്വാസികളുടെ ഖബറടക്കത്തിന്റെ ചടങ്ങുകള്‍ അവര്‍ അര്‍ഹിക്കുന്നില്ലെന്നും ഇമാമുമാര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരരുടെ ഖബറടക്ക ചടങ്ങില്‍ മറ്റ് പുരോഹിതര്‍ പങ്കെടുക്കരുതെന്നും ഇമാമുമാര്‍ ആവശ്യപ്പെട്ടു.
ലണ്ടനിലെ അക്രമികളെ കൊലയാളികളെന്നാണ് ഇസ്ലാം മത നേതൃത്വം വിശേഷിപ്പിച്ചത്. ലോകമെങ്ങും ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസമായി കരുതുന്ന റമദാനില്‍ തന്നെ ആക്രമണം നടത്തിയത് നീതികരിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദികള്‍ക്കെതിരായ സംയുക്ത പ്രസ്താവന ബ്രിട്ടീഷ് ഇമാമുമാര്‍ ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.






